KERALAlocaltop news

കസ്റ്റഡിയിൽ നിന്നും ചാടിയ മോഷ്ടാവിനെ മണിക്കൂറുകൾക്കകം പിടികൂടി പോലീസ്

 

വെള്ളയിൽ: ബാത്ത് റൂമിൽ പോകാനുണ്ടെന്ന വ്യാജേന കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട മോഷണക്കേസ് പ്രതിയെ മണിക്കൂറുകൾക്കകം സിറ്റി ക്രൈം സ്ക്വാഡും വെള്ളയിൽ പോലീസും ചേർന്ന് പിടികൂടി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ നാലുകുടിപറമ്പ് സ്വദേശി മുഹമ്മദ് അഫ്രീദ്   എന്ന തൂറ്റ(20) ആണ് 7/2/25 ന് പുലർച്ചെ രണ്ടരമണിയോടെ വെള്ളയിൽ പോലീസ് സ്റ്റേഷനിലെ ബാത്ത് റൂമിൽ കയറി ചുമരിന് മുകളിലൂടെ ചാടിക്കടന്ന് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. കോഴിക്കോട് ബീച്ചിലെത്തുന്ന വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും സ്കൂട്ടറിൻ്റെ ഡിക്കി സ്ക്റൂഡ്രൈവർകൊണ്ട് കുത്തിത്തുറന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം നടത്തുന്നതാണ് രീതി. വെള്ളയിൽ പോലീസും സിറ്റി ക്രൈം സ്ക്വാഡും നിരീക്ഷണം ശക്തമാക്കിയതോടെ സമാനമായ കുറ്റകൃത്യങ്ങളിൽ നിരവധി മോഷ്ടാക്കളാണ് പിടിയിലായത്. പിടിയിലായവരുടെ ഫോൺ രേഖകൾ പരിശോധിച്ച് വിശദമായി ചോദ്യംചെയ്തതിൽ നിന്നും ഗ്യാങ് ലീഡർ തൂറ്റ എന്നപേരിൽ അറിയപ്പെടുന്നയാളാണെന്ന് പോലീസ് മനസ്സിലാക്കി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ തൂറ്റയെ പോലീസ് പിടികൂടികയും ചെയ്തു. ആ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പ്രായപൂർത്തിയാകാത്ത കുട്ടികളെയുൾപ്പെടുത്തി തൻ്റെ സംഘത്തെ മോഷണത്തിനായി തയ്യാറാക്കുന്നതിനിടെയാണ് വെള്ളയിൽ പോലീസിന്റെ പിടിയിലായത്. തൻ്റെ പദ്ധതികൾ നടപ്പാക്കാൻ താൻ തീർച്ചയായും പുറത്തുണ്ടാകേണ്ടത് അത്യാവശ്യമായതുകൊണ്ട് പ്രതി തന്ത്രപൂർവ്വം സ്റ്റേഷനിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തിയാൽ താൻ പിടിക്കപ്പെടില്ലെന്നും കുട്ടികൾ പിടിക്കപ്പെട്ടാൽ ജയിലിലാകില്ലെന്നതുമാണ് പുതിയ പദ്ധതിയുമായി മുന്നോട്ട് പോകാൻ പ്രതിക്ക് പ്രേരണയായത്.

ബാത്ത് റൂമിന്റെ മുകളിലൂടെ ചാടി രക്ഷപ്പെട്ട പ്രതി ഭട്ട് റോഡിലേക്കാണ് ആദ്യം പോയത്. തുടർന്ന് പോലീസ് വാഹനം വരാത്ത വഴി കടൽ ത്തീരമാണെന്ന് കണ്ട് തൂറ്റ തൻ്റെ വീട്ടിലേക്കു മണലിലൂടെ നടന്ന് പോകുകയായിരുന്നു.  സിറ്റി ക്രൈം സ്ക്വാഡ് ഉടൻതന്നെ പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. മുമ്പ് കുറ്റകൃത്യം നടത്തിയശേഷം ഗോവയിലേക്ക് രക്ഷപ്പെടാറുള്ള വിവരം മനസ്സിലാക്കിയ സിറ്റി ക്രൈം സ്ക്വാഡ് പ്രതിയുടെയും സുഹൃത്തുക്കളുടെയും വീടും പരിസരവും നിരീക്ഷണത്തിലാക്കി. പ്രതിയുടെ വീട്ടിൽ നിന്നും കയ്യാമം പൊട്ടിക്കാൻ ശ്രമിക്കുന്നതിൻ്റെ ശബ്ദം തിരിച്ചറിഞ്ഞ സിറ്റി ക്രൈം സ്ക്വാഡ് പോലീസ് കൺട്രോൾ റൂമിന്റെയും വെള്ളയിൽ പോലീസിന്റെയും സഹായത്തോടെ വീട് വളയുകയായിരുന്നു. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മീഷണർ എ.ഉമേഷിൻ്റെ നേതൃത്വത്തിലാണ് പോലീസ് വീട് വളഞ്ഞത്. പോലീസ് വീട് വളഞ്ഞ വിവരമറിഞ്ഞ് തൂറ്റ വീടിന്റെ ഓട് പൊളിച്ച് രക്ഷിപ്പെടാൻ ശ്രമം നടത്തിയെങ്കിലും സിറ്റി ക്രൈം സ്ക്വാഡംഗങ്ങൾ പ്രതിയെ സാഹസികമായി പിടികൂടി കീഴ്പ്പെടുത്തുകയായിരുന്നു. വെള്ളയിൽ ഇൻസ്പെക്ടർ ബൈജു.കെ.ജോസ് പ്രതിയെ അറസ്റ്റ് ചെയ്തു.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, എ. പ്രശാന്ത് കുമാർ, രാകേഷ്ചൈതന്യം, വെള്ളയിൽ പോലീസ് സ്റ്റേഷനിലെ സീനിയർ സി.പിഓ. ജോഷി, ഹോം ഗാർഡ് രാജേഷ് എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close