വടകര: കോഴിക്കോട് വടകരയിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ കൂട്ടനടപടി. സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പടെ 66 പോലീസുകാരെ സ്ഥലംമാറ്റി. വടകര താഴേ കോലോത്ത് പൊൻമേരിപറമ്പിൽ സജീവൻ (42) മരിച്ച സംഭവത്തിലാണ് നടപടി. സംഭവത്തിൽ എസ്ഐ അടക്കം മൂന്ന് പേരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പോലീസുകാർക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്. കുഴഞ്ഞുവീണ സജീവനെ യഥാസമയം ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ച പറ്റി എന്നതിന്റെ പേരിലാണ് പോലീസുകാരെ സ്ഥലംമാറ്റിയുള്ള നടപടി. മരിച്ച സജീവനോട് മാനുഷിക പരിഗണന പോലീസുകാർ കാണിച്ചില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം തുടർ നടപടികളുണ്ടാകുമെന്നാണ് അറിയുന്നത്. വാഹനാപകടക്കേസിൽ വ്യാഴാഴ്ച രാത്രിയാണ് സജീവനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വടകര തെരുവത്ത് വെച്ച് രണ്ട് കാറുകൾ തമ്മിൽ അപകടം ഉണ്ടായിരുന്നു. അപകടത്തെ തുടർന്ന് നഷ്ടപരിഹാരത്തെ ചൊല്ലി ഇരുകൂട്ടരും തമ്മിൽ റോഡിൽ ബഹളമുണ്ടായി. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന്റെ പേരിൽ, ഇതിൽ ഒരു കാറിൽ ഉണ്ടായിരുന്ന സജീവനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മദ്യപിച്ചെന്ന പേരിൽ മർദിച്ചെന്നും സജീവൻ സ്റ്റേഷന് മുമ്പിൽ കുഴഞ്ഞുവീണ് മരിച്ചെന്നുമാണ് ബന്ധുക്കൾ പറയുന്നത്. രാത്രി 11.30 ഓടെയാണ് സംഭവം. സ്റ്റേഷനിൽവെച്ച് തന്നെ സജീവൻ നെഞ്ച് വേദനയുള്ളതായി പറഞ്ഞിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മദ്യപിച്ച കാര്യം പോലീസിനോട് സമ്മതിച്ചെന്നും ഉടൻ എസ്.ഐ. അടിച്ചെന്നും സുഹൃത്തുക്കൾ ആരോപിക്കുന്നു. ഇരുപത് മിനുറ്റോളം സ്റ്റേഷനിൽ ഉണ്ടായിരുന്നു. അവിടെനിന്ന് പുറത്തിറങ്ങിയപ്പോൾ സജീവൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സജീവനെ ഓട്ടോയിൽ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ഹരിദാസിന്റെ നേതൃത്തിൽ അന്വേഷണം നടക്കുകയായിരുന്നു. പോലീസ് നടപടിയിൽ പ്രദേശത്ത് വൻ പ്രതിഷേധവും ഉയർന്നിരുന്നു. തുടർന്നാണ് പോലീസുകാർക്കെതിരെ സസ്പെൻഷനും നടപടിയും ഉണ്ടായിരിക്കുന്നത്.
Check Also
Close-
അങ്കണവാടി ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ ഹാജരാകണം
December 18, 2020