top news
‘രാഷ്ട്രീയത്തില്‍ അക്രമത്തിന് സ്ഥാനമില്ല’; ട്രംപിന് വെടിയേറ്റതില്‍ പ്രതികരിച്ച്് മോദിയും ബൈഡനും

വാഷിങ്ടണ്‍: പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആക്രമണത്തില്‍ യു.എസ്. മുന്‍പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ
ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റ സംഭവത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സുഹൃത്തിനെതിരായ ആക്രമണത്തില്‍ ആശങ്കയുണ്ടെന്നും രാഷ്ട്രീയത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും മോദി എക്സില്‍ കുറിച്ചു.
പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ട്രംപിന് നേരേ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ട്രംപിന്റെ വലതുചെവിക്ക് വെടിയേറ്റു. സംഭവസ്ഥലത്ത് നിരവധി തവണ വെടിയൊച്ച കേട്ടതായാണ് റിപ്പോര്‍ട്ട്. ഉടന്‍തന്നെ സുരക്ഷാസേനാംഗങ്ങള്‍ ട്രംപിനെ വേദിയില്‍നിന്ന് മാറ്റി സുരക്ഷിതനാക്കുകയായിരുന്നു.
‘എന്റെ സുഹൃത്ത് യു.എസ്. മുന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ആക്രമണത്തില്‍ ആശങ്കയുണ്ടെന്നും അതിനാല്‍ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ല. അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെ’, എന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
ഇത്തരത്തിലുള്ള അക്രമങ്ങള്‍ക്ക് യു.എസ്സില്‍ സ്ഥാനമില്ലെന്നായിരുന്നു സംഭവത്തെക്കുറിച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. വിഷയത്തെ എല്ലാവരും അപലപിക്കേണ്ടതുണ്ട്. ട്രംപുമായി ഫോണില്‍ സംസാരിച്ചതായും ബൈഡന് വ്യക്തമാക്കി.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
ദ്രുതഗതിയില്‍ നടപടിയെടുത്ത യു.എസ് സീക്രട്ട് സര്‍വീസിനോടും മറ്റ് നിയമപാലകരോടും ഇവാങ്ക ട്രംപ് തന്റെ നന്ദി അറിയിച്ചിട്ടുണ്ട്. പിതാവിനും ആക്രമണത്തിന് ഇരയായ മറ്റുള്ളവര്‍ക്കും വേണ്ടിയുള്ള പ്രാര്‍ഥനയ്ക്കും സ്നേഹത്തിനും നന്ദി. രാജ്യത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നത് തുടരുന്നുവെന്നും ഇവാങ്ക പ്രസ്താവനയില്‍ അറിയിച്ചു.