
കോഴിക്കോട് : ദേശീയപാതാ നിർമ്മാണത്തോടനുബന്ധിച്ച് ഉണ്ടാകുന്ന പരാതികൾക്ക് ദേശീയപാതാ അതോറിറ്റി തന്നെ പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
ദേശീയപാതാ നിർമ്മാണത്തിനായി പൊളിച്ച ഡ്രെയിനേജ് മഴവെള്ളം ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ പുനർനിർമ്മിച്ചോ മഴവെള്ളം സ്ഥലത്ത് കെട്ടി നിൽക്കാതെയോ ഉള്ള സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നും കമ്മീഷൻ എൻ.എച്ച്.എ.ഐ. (കോഴിക്കോട്) പ്രോജക്റ്റ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. സ്വീകരിച്ച നടപടികൾ ഉത്തരവ് കൈപ്പറ്റി 2 മാസത്തിനകം കമ്മീഷനെ അറിയിക്കം.
മടപ്പള്ളി കോളേജിന് സമീപം താമസിക്കുന്ന എസ്. അശ്വിൻരാജ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. തന്റെ വീടിന് മുന്നിലുള്ള ഡ്രെയിനേജ് പൊളിച്ചുമാറ്റിയെന്നും കനത്ത മഴയിൽ വീട്ടിലേക്ക് വലിയ അളവിൽ വെള്ളം കയറി വാസയോഗ്യമല്ലാതായെന്നും പരാതിയിൽ പറയുന്നു.എൻ.എച്ച്.എ.ഐ. ക്ക് താൻ പരാതി നൽകിയെന്നും അത് നിർവ്വഹണ ഏജൻസിക്ക് കൈമാറിയതായാണ് മനസിലാക്കുന്നതെന്നും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. കെട്ടി കിടക്കുന്ന വെള്ളത്തിൽ നിന്ന മരം തന്റെ വീടിന്റെ മുകളിൽ വീണ് ജീവന് ഭീഷണിയുണ്ടായെന്നും പരാതിയിൽ പറയുന്നു.
എന്നാൽ വെള്ളക്കെട്ട് പരിഹരിക്കേണ്ടത് പഞ്ചായത്താണെന്ന നിലപാടാണ് ദേശീയപാതാ അതോറിറ്റി സ്വീകരിച്ചത്. തുടർന്ന് ഒഞ്ചിയം പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. മഴക്കാലത്ത് ശൗചാലയം പോലും ഉപയോഗിക്കാനാവാത്ത സാഹചര്യമാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ദേശീയപാതാ അതോറിറ്റി പുതുതായി നിർമ്മിച്ച ഓവുചാലാണ് വെള്ളക്കെട്ടിന് കാരണമായ തെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത് തലത്തിൽ വിഷയം പരിഹരിക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു.
മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് കോഴിക്കോട് റസ്റ്റ് ഹൗസിൽ
കോഴിക്കോട് : മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് 28/10/2025 രാവിലെ 10.30 ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗ സിൽ സിറ്റിംഗ് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു.




