
കോഴിക്കോട് : ബാംഗ്ലൂരിൽ നിന്നും കേരളത്തിലേയ്ക്ക് മയക്കുമരുന്ന് മൊത്തമായി എത്തിച്ചുകൊടുക്കുന്നതിൽ പ്രധാനിയായ കോഴിക്കോട് വെങ്ങളം സ്വദേശി ഖുൽഫി യാസിൻ എന്ന മുഹമ്മദ് യാസിൻ (29 ) നെ എലത്തൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ ആർ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബാംഗ്ലൂർ മടിവാളയിലെത്തി കസ്റ്റഡിയിലെടുത്തു. ബാംഗ്ലൂർ മടിവാള കേന്ദ്രീകരിച്ച് MDMA, മെത്താഫെറ്റമിൻ, ബ്രൗൺഷുഗർ എന്നിവ കേരളത്തിലേക്ക് മൊത്തമായി കടത്തുന്ന അന്താരാഷ്ട്ര ലഹരി സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ഖുൽഫി യാസിൻ.
ബംഗളൂരുവിൽ നിന്നും കോഴിക്കോട് നഗരത്തിൽ MDMA എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയായ അത്തോളി സ്വദേശി കൊളകാട് അയനി പുറത്ത് മർഹബ ഹൗസിൽ മുഹമദ്ദ് നുഫൈൽ (26 വയസ്സ്) നെ 2025 ജൂലൈ മാസം കോഴിക്കോട് സിറ്റി ഡാൻസാഫും, എലത്തൂർ പോലീസും ചേർന്ന് 35 ഗ്രാമോളം MDMA സഹിതം പിടികൂടിയിരുന്നു. ഈ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നും, പ്രതിയുടെ ബാങ്ക് അക്കൌണ്ട് ഇടപാടുകൾ പരിശോധിച്ച് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ നിന്നും കൂട്ടുപ്രതികളെ പറ്റി മനസ്സിലാക്കുകയായിരുന്നു. തുടർന്ന് എലത്തൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഖുൽഫി യാസിൻ ബാംഗ്ലൂരിൽ ഉണ്ടെന്ന് കണ്ടെത്തുകയും എലത്തൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ ആർ രഞ്ജിത്ത്, SCPO മാരായ രൂപേഷ്, പ്രശാന്ത്, അതുൽ മധുസൂധനൻ എന്നിവർ ചേർന്ന് ബാംഗ്ലൂരിലെ മടിവാള എന്ന സ്ഥലത്തെത്തി പ്രതി താമസിക്കുന്ന അപ്പാർട്ട്മെന്റെിന് സമീപത്ത് വെച്ച് അതി സാഹസികമായി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മുംബൈ, ബാംഗ്ലൂർ കേന്ദ്രീകരിച്ചുള്ള നൈജീരിയൻ സംഘങ്ങളിൽ നിന്ന് മാരക മയക്കുമരുന്നുകളായ MDMA, മെത്താഫെറ്റമിൻ, ബ്രൗൺഷുഗർ എന്നിവ മൊത്തമായി വാങ്ങിച്ച്, നിരവധി മലയാളി വിദ്യാർഥികൾ താമസിക്കുന്ന മടിവാള കേന്ദ്രീകരിച്ച് കഴിഞ്ഞ 7 വർഷത്തോളമായി പ്രതി മയക്കുമരുന്നുകൾ മൊത്ത വിതരണം നടത്തിവരുകയാണെന്നും, കൂടാതെ ജോലിക്കായും മറ്റും ബാംഗ്ലൂരിൽ എത്തുന്ന നിരവധി സ്ത്രീകളെയും യുവാക്കളെയും ഉപയോഗിച്ച് ചില്ലറവിൽപ്പന നടത്തുന്നതെന്നും, നഴ്സിങ്, ഐ.ടി തുടങ്ങിയ മേഘലയിൽ പഠിക്കുന്ന വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് ഇയാൾ രാസ ലഹരി ചില്ലറ വില്പന നടത്താറുള്ളതെന്നും പോലീസ് പറഞ്ഞു.
ഇയാൾക്ക് രാസ ലഹരികൾ മൊത്തമായി എത്തിച്ചു കൊടുക്കുന്നതിന്റെ ഉറവിടത്തെപ്പറ്റി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നും, പ്രതികൾ ആർക്കൊക്കെയൈണ് മയക്കുമരുന്ന് വിതരണം ചെയ്യുന്നത് എന്നും, ആരൊക്കെയാണ് ഇവരുടെ ലഹരി മാഫിയ സംഘത്തിലെ കൂട്ടാളികളെന്നും വിശദമായി പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്നും നാർക്കോടിക്ക് സെൽ അസി. കമ്മീഷണർ കെ.എ ബോസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.




