കോഴിക്കോട‌്: മഹാമാരി കാലത്ത‌് ഒരു ദിവസം പോലും തെറ്റാതെ നൂറുകണക്കിന‌് രോഗികൾക്ക‌് ജീവദാനമായി രക്തം നൽകിയ ഡിവൈഎഫ‌്ഐക്ക‌് കോഴിക്കോട‌് ഗവ. മെഡിക്കൽ കോളേജിന്റെ അംഗീകാരം. ഈ വർഷം ഏറ്റവും കൂടുതൽ രക്തദാനം നടത്തിയത‌് ഡിവൈഎഫ‌്ഐയുടെ ‘സ‌്നേഹധമനി’ യാണ‌്. ദേശീയ സന്നദ്ധ രക്ത ദാന ദിനമായ വ്യാഴാഴ‌്ച കോളേജിൽ നടന്ന ചടങ്ങിൽ മികവിനുള്ള അംഗീകാര പത്രം പ്രിൻസിപ്പൽ ഡോ. വി ആർ രാജേന്ദ്രൻ ഡിവൈഎഫ‌്ഐ ജില്ലാ സെക്രട്ടറി വി വസീഫിന് കൈമാറി.
ജനുവരി മുതൽ ഇതുവരെ മുവ്വായിരത്തോളം പ്രവർത്തകരാണ‌് രക്തം ദാനം ചെയ‌്തത‌്. ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 10 പേർ മുടങ്ങാതെ മെഡിക്കൽ കോളേജ‌് ബ്ലഡ‌് ബാങ്കിലെത്തി രക്തം നൽകുന്നുണ്ട‌്. കോവിഡിനിടെ രക്തലഭ്യതയിൽ വലിയ പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ പ്രതിദിനം 20 പേരോളം രക്തദാനത്തിനെത്തിയിരുന്നു. കരിപ്പൂർ വിമാനപകട സമയത്ത‌് പാതി രാത്രിയും നിരവധി പ്രവർത്തകരെത്ത മെഡിക്കൽ കോളേജിൽ രക്തം നൽകി. കോവിഡ‌് രോഗികൾക്ക‌് ചികിത്സയ‌്ക്കുള്ള പ്ലാസ‌്മയുടെ ലഭ്യതക്കുറവ‌് പരിഹരിക്കാനായി പ്ലാസ‌്മ ക്യാപ്നുകൾ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ‌് ഡിവൈഎഫ‌്ഐ. ട്രാൻസ‌്ഫ്യൂഷൻ മെഡിസിൻ എച്ച‌്ഒഡി ഡോ. ദീപ നാരായൻ ഡിഎൈഎഫ‌്ഐ ജില്ലാ പ്രസിഡന്റ‌് എൽ ജി ലിജീഷ‌്, ട്രഷറർ പി സി ഷൈജു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.