KERALAlocalOthersPoliticstop newsVIRAL

വോട്ടുപെട്ടികൾ ഭദ്രം : വോട്ടെണ്ണൽ ശനിയാഴ്ച്ച രാവിലെ എട്ടു മുതൽ

കോഴിക്കോട് :

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ജില്ലയിലെ വോട്ടെണ്ണല്‍ ശനിയാഴ്ച്ച (ഡിസംബര്‍ 13) 20 കേന്ദ്രങ്ങളിലായി നടക്കും. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളില്‍ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും.

വോട്ടെണ്ണല്‍ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വെച്ച് വരണാധികാരികളുടെ ടേബിളില്‍ എണ്ണും. ജില്ലാപഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ കലക്ടറേറ്റിലെ ജില്ലാ പ്ലാനിങ് ഹാളില്‍ വരണാധികാരിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തിലായിരിക്കും എണ്ണുക.

തുടര്‍ന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണും. വോട്ടെണ്ണലിന് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ മാത്രമാണ് സ്ട്രോങ്ങ് റൂമുകളില്‍നിന്ന് ടേബിളുകളില്‍ എത്തിക്കുക. സ്ട്രോങ് റൂം തുറക്കുന്നത് വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും. അവിടെനിന്ന് ഓരോ വാര്‍ഡിലെയും മെഷീനുകള്‍ കൗണ്ടിങ് ഹാളിലേക്ക് വോട്ടെണ്ണുന്നതിനായി കൊണ്ടുപോകും.

വാര്‍ഡുകളുടെ ക്രമനമ്പര്‍ പ്രകാരമായിരിക്കും വോട്ടിങ് മെഷീനുകള്‍ ഓരോ കൗണ്ടിങ് ടേബിളിലും വെക്കുക. ഒരു വാര്‍ഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും മെഷീനുകള്‍ ഒരു ടേബിളിള്‍ തന്നെ ആയിരിക്കും എണ്ണുക. സ്ഥാനാര്‍ഥിയുടെയോ സ്ഥാനാര്‍ഥികള്‍ നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബിളിലും വോട്ടെണ്ണുക. ടേബിളിള്‍ വെക്കുന്ന കണ്‍ട്രോള്‍ യൂണിറ്റില്‍ സീലുകള്‍, സ്പെഷ്യല്‍ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാര്‍ഥികളുടെയോ കൗണ്ടിങ്, ഇലക്ഷന്‍ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണല്‍ ആരംഭിക്കുക.

കണ്‍ട്രോള്‍ യൂണിറ്റില്‍നിന്ന് ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥികളുടെ വോട്ടുനില ലഭിക്കും. തുടര്‍ന്ന്, ബ്ലോക്ക്പഞ്ചായത്ത് സ്ഥാനാര്‍ഥികളുടെയും ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ഥികളുടെയും വോട്ടുവിവരം കിട്ടും. ഓരോ കണ്‍ട്രോള്‍ യൂണിറ്റിലെയും ഫലം അപ്പോള്‍ തന്നെ കൗണ്ടിങ് സൂപ്പര്‍വൈസര്‍ രേഖപ്പെടുത്തി വരണാധികാരിക്ക് നല്‍കും. ഒരു വാര്‍ഡിലെ പോസ്റ്റല്‍ ബാലറ്റുകളും എല്ലാ ബൂത്തുകളിലെയും വോട്ടുകളും എണ്ണിത്തീരുന്ന മുറയ്ക്ക് അതത് തലത്തിലെ വരണാധികാരി ഫലപ്രഖ്യാപനം നടത്തും. ഓരോ ബൂത്തും എണ്ണിത്തീരുമ്പോള്‍ വോട്ടുനില ട്രെന്‍ഡ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യും. ലീഡ് നിലയും ഫലവും തത്സമയം അറിയാനാകും.

വരണാധികാരി അനുവദിക്കുന്ന വ്യക്തികളെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കൂ. കൗണ്ടിങ് ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് കമീഷന്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, ഇലക്ഷന്‍ ഏജന്റുമാര്‍, കൗണ്ടിങ് ഏജന്റുമാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close