
തിരുവനന്തപുരം: വ്യാജ അന്വേഷണ റിപ്പോർട്ട് മനുഷ്യാവകാശ കമീഷന് സമർപ്പിച്ച് മനുഷ്യാവകാശ ധ്വംസനത്തിന് കൂട്ടുനിന്നു എന്ന റിട്ട. അധ്യാപികയുടെ പരാതിയിൽ വയനാട്ടിലെ മൂന്നു പോലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. കോഴിക്കോട് സ്വദേശിനിയായ റിട്ട. അധ്യാപികയുടെ പരാതിയിൽ മുൻ കൽപ്പറ്റ ഡിവൈഎസ്പിയും നിലവിൽ മലപ്പുറം അഡീഷനൽ എസ്പി യുമായ പി.ബിജുരാജ് , വൈത്തിരി സ്റ്റേഷനിലെ എഎസ്ഐ മുരളിധരൻ, സ്പെഷൽ ബ്രാഞ്ച് സിപിഒ സർവ്വോത്തമൻ എന്നിവർക്കെതിരെയാണ് ഡിജിപി രാവഡ ചന്ദ്രശേഖരൻ്റെ നിർദ്ദേശപ്രകാരം ക്രമസമാധാന പാലനച്ചുമതലയുള്ള എഡിജിപി എച്ച്. വെങ്കടേഷ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. റിട്ട. അധ്യാപികയടക്കം പത്തോളം പേർക്ക് ആധാരപ്രകാരം അവകാശം സിദ്ധിച്ച വൈത്തിരി ചാരിറ്റിയിലെ കിണർ ഒരു സ്വകാര്യ വ്യക്തി തരംമാറ്റി റിസോർട്ട് ആവശ്യാർത്ഥം നീന്തൽക്കുളമാക്കി കുടിവെള്ള അവകാശം തടസപ്പടുത്തി എന്നാരോപിച്ച് തെളിവുകൾ സഹിതം റിട്ട. അധ്യാപികയടക്കം രണ്ടു പേർ സംസ്ഥാന മനുഷ്യാവകാശ കമീഷന് പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമീഷൻ വയനാട് ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ഇതനുസരിച്ച് അന്വേഷണം നടത്തിയ മുരളിധരനും, സർവ്വോത്തമനും പ്രവാസിയായറിസോർട്ട് ഉടമക്ക് അനുകൂലമായ റിപ്പോർട്ട് തയ്യാറാക്കി. അധ്യാപികയടക്കം നൽകിയ തെളിവുകൾ മറച്ചുവച്ച് തർക്ക ഭൂമിയിൽ പൊതുകിണർ ഉള്ളതായും അതിൽ നിന്ന് പരാതിക്കാർ മോട്ടോർ വച്ച് യഥേഷ്ടം വെള്ളം എടുക്കുന്നതായുമാണ് വ്യാജ റിപ്പാർട്ടിൽ ചേർത്തത്. റിപ്പോർട്ടിൻ്റെ കോപ്പി അധ്യാപികക്ക് നൽകിയില്ല. പിന്നീട് റിപ്പോർട്ടിൻ്റെ കോപ്പി മനുഷ്യാവകാശ കമീഷനിൽ നിന്ന് ലഭിച്ച അധ്യാപികയടക്കം വ്യാജ റിപ്പോർട്ട് കണ്ട് ഞെട്ടി. തുടർന്ന് സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയടക്കമുള്ളവർക്ക് പരാതി നൽകുകയായിരുന്നു. ഡിജിപിയുടെ നിർദ്ദേശപ്രകാരം ഇപ്പോഴത്തെ കൽപറ്റ ഡിവൈഎസ്പി പി.എൽ. ഷൈജു നടത്തിയ അന്വേഷണത്തിൽ പരാതിക്കാർക്ക് അടക്കം ആധാരപ്രകാരം അവകാശപ്പെട്ട കിണർ തരം മാറ്റി റിസോർട്ടിന് സ്വിമ്മിംഗ് പൂളാക്കിയതായും മൂന്നര ഏക്കറോളം വരുന്ന പട്ടിക വസ്തുവിൽ മറ്റൊരു കിണറും ഇല്ലെന്നും കണ്ടെത്തി. പരാതിക്കാരുടെ ഭൂമിയിൽ കണ്ടതായി പോലീസുകാർ റിപ്പോർട്ടിൽ രേഖപ്പെടുത്തിയ കിണർ 400 മീറ്റർ അകലെയുള്ള പഞ്ചായത്ത് കിണറാണെന്നും ഇതിൽ നിന്ന് റിട്ട. അധ്യാപികയടക്കം വെള്ളം എടുക്കുന്നില്ലെന്നും പുതിയ അന്വേഷണത്തിൽ കണ്ടെത്തി. ഇതേ തുടർന്നാണ് ആരോപണ വിധേയരായ മൂന്ന് പോലീസുകാർ കൈക്കൂലി വാങ്ങിയാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാർ വീണ്ടും സംസ്ഥാന പോലീസ് മേധാവിയടക്കമുള്ളവരെ സമീപിച്ചത്. ഏക അയൽവാസിയായ പ്രദേശവാസി പോലീസുകാരെ സത്യാവസ്ഥ ധരിപ്പിച്ചിരുന്നെങ്കിലും അവർ വഞ്ചനക്ക് കൂട്ടുനിൽക്കുകയായിരുന്നു. ആരോപണ വിധേയർക്ക് എതിരെ കർശന നടപടി ഉണ്ടാവുമെന്ന് എഡിജിപി എച്ച്. വെങ്കടേഷ്, ഉത്തര മേഖല ഐജി രാജ്പാൽ മീണ എന്നിവർ പരാതിക്കാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയടക്കമുള്ളവർക്കും പരാതി നൽകിയിട്ടുണ്ട്.