crimeKERALAlocaltop news

മൂന്നുദിവസം മുൻപ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വീട്ടമ്മയെ സ്വർണം വാങ്ങി കബളിപ്പിച്ച പ്രതി അറസ്റ്റിൽ

 

കോഴിക്കോട് : വളയനാട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വീട്ടമ്മയെ മൂന്ന് ദിവസം മുൻപ് ഫേസ്ബുക്ക് മെസഞ്ചർ വഴി പരിചയപ്പെട്ട് കൈവശമുള്ള സ്വർണം കുറഞ്ഞ പലിശ നിരക്കിൽ പണയം വെച്ച് ബാങ്ക് നൽകുന്ന പണത്തേക്കാൾ കൂടുതൽ പണം വാഗ്ദാനം ചെയ്തത് വീട്ടമ്മയുടെ കൈവശത്തു നിന്നും 10 പവൻ സ്വർണം വാങ്ങി കടന്നു കളഞ്ഞ കാസർഗോഡ് നീലേശ്വരം ഷനീർ മൻസിൽ ഷനീർ കോട്ടകുളം എന്ന ആളെ ( 35 ) കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു

ഫേസ്ബുക്കിൽ കൂടി മാത്രം പരിചയമുള്ള ഫോൺ നമ്പറോ യഥാർത്ഥ പേരോ, വിലാസമോ അറിയാത്ത ആളെ വിശ്വസിച്ച് വീട്ടമ്മ കഴിഞ്ഞ വിജയദശമിനാളിൽ വളയനാട് ക്ഷേത്രത്തിന്റെ സമീപത്ത് വെച്ച് ആൾക്കൂട്ടത്തിൽ നിന്നും സ്വർണം കൈമാറുകയായിരുന്നു. സ്വർണ്ണം തൂക്കി നോക്കി ഉടൻ പണവുമായി വരാം എന്ന് വീട്ടമ്മയെ പറഞ്ഞു വിശ്വസിപ്പിച്ച ശേഷം സ്ഥലത്തുനിന്നും പോയ പ്രതി ഫേസ്ബുക്കിൽ വീട്ടമ്മയെ ബ്ലോക്ക് ചെയ്യുകയും വീട്ടമ്മയ്ക്ക് പ്രതിയെ തുടർന്ന് ബന്ധപ്പെടാനോ ആഭരണം തിരികെ വാങ്ങുന്നതിനോ പണം ലഭിക്കുന്നതിനോ സാഹചര്യം ഉണ്ടാക്കാതെ പ്രതി സ്ഥലത്തുനിന്നും മുങ്ങുകയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ഷാജി, അരുൺ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പ്രജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ആതിര, ദിവാകരൻ എന്നിവരടങ്ങുന്ന സംഘം നടത്തിയ വിദഗ്ധമായ അന്വേഷണത്തിലാണ് ഒക്ടോബർ 2ം തീയതി വൈകിട്ട് രജിസ്റ്റർ ചെയ്ത ഈ കേസിൽ 4ം തീയതി തന്നെ പ്രതിയെ നീലേശ്വരത്തു നിന്നും പോലീസ് കസ്റ്റഡിയിലെടുക്കുകയും പ്രതിയുടെ കൈവശത്തിൽ നിന്നും പരാതിക്കാരിയായ വീട്ടമ്മ കൈമാറിയ 10 പവൻ സ്വർണാഭരണങ്ങൾ മുഴുവനായും കണ്ടെത്തുകയും ചെയ്തത്. പരാതിക്കാരിയുടെ താലിമാലയും പരാതിക്കാരിയുടെ അമ്മയുടെ താലിമാലയും പരാതിക്കാരി പ്രതിക്ക് കൈമാറിയിരുന്നു ഇവയെല്ലാം അന്വേഷണത്തിനോടുവിൽ പോലീസ് കണ്ടെടുത്തിട്ടുണ്ട്

സോഷ്യൽ മീഡിയയിലെ ചതിക്കുഴികളിൽ കൂടി പണവും സ്വർണവും തട്ടിയെടുക്കുന്നതിന് മറ്റൊരു ഉദാഹരണം കൂടിയാണ് ഇത്. ഉത്തരവാദിത്വത്തോട് കൂടി അല്ലാതെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വഴി ഉണ്ടാകാവുന്ന മറ്റൊരു വിപത്തിന് ഉള്ള ഒരു ഉത്തമ ഉദാഹരണമാണ് ഇത്. പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം പരാതിക്കാരിയുടെ നഷ്ടപ്പെട്ട മുഴുവൻ സ്വർണവും കണ്ടെടുക്കാൻ സാധിച്ചു എന്നുള്ളത് ഈ കേസിലെ പോലീസ് അന്വേഷണത്തിന്റെ ഒരു മികവു കൂടിയാണ്. പ്രതിക്ക് മുൻപും നീലേശ്വരം പോലീസ് സ്റ്റേഷനിൽ മോഷണക്കേസുകൾ ഉള്ളതായി അറിവായിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close