
കോഴിക്കോട് : ഇന്ത്യൻ ബാങ്കിൽ മുക്കുപ്പണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതിയായ മലപ്പുറം പുളിക്കൽ സ്വദേശി അന്തിയൂർക്കുന്ന് ഫർസാന മൻസിലിൽ മുജീബ്റഹ്മാൻ (44 വയസ്സ്)നെ ടൗൺ പോലീസ് പിടികൂടി.
മിഠായി തെരുവിലെ എൽ.ഐ.സി. ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബാങ്കിൽ 2024 ജനുവരി മാസം 42.19 ഗ്രാം തൂക്കം വരുന്ന ആറ് സ്വർണ്ണം പൂശിയ വളകൾ സ്വർണാഭരണമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണയം വെച്ച് 1,50,000/- രൂപ തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പ് നടത്തി വീട്ടിൽ പോകാതെ വിവിധ സ്ഥലങ്ങളിൽ മുങ്ങി നടക്കുകയായിരുന്നു പ്രതി. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ടവർ ലൊക്കേഷൻ കണ്ടെത്തുകയും പ്രതി വീട്ടിൽ എത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കി പ്രതിയെ വീട്ടിൽ വെച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പ്രതിക്ക് കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവ്, ടൌൺ, താമരശ്ശേരി എന്നിവിടങ്ങളിലും, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, കാടാമ്പുഴ, കരിപ്പൂർ, വളാഞ്ചേരി എന്നീ സ്റ്റേഷലുകളിലായി വിവിധ ഇലക്ടോണിക്സ്, ഹാർഡ് വെയയർ സ്ഥാപനങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങിച്ച് പണം നൽകാതെ തട്ടിപ്പ് നടത്തിയതും, സ്ഥലമിടപാടുമായി ബന്ധപ്പെട്ട് പണം നൽകാതെ വഞ്ചന നടത്തിയതുമുൾപ്പെടെ ഏഴോളം തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. ടൗൺ പോലീസ് സ്റ്റേഷൻ SI ജെയ്ൻ , SCPO മാരായ ഉണ്ണികൃഷ്ണൻ, അനൂപ്, WCPO സുബിജ, CPO ജിതിൻ എന്നിവർ ചേർന്നാണ് പ്രതിയെ വീട്ടിൽ വച്ച് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.