
കൽപ്പറ്റ:
വയനാട് ടൂറിസം കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊവിഡ് പ്രതിസന്ധി, വെള്ളപ്പൊക്കം, മുണ്ടക്കായ്–ചൂരൽമല ദുരന്തം തുടങ്ങിയ സംഭവങ്ങളാൽ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ് മേഖല വീണ്ടും വളർച്ചയുടെ പാതയിൽ തിരിച്ചെത്താൻ ശ്രമിക്കുന്നത്. ഈ പുനരുജ്ജീവന ഘട്ടത്തിൽ വയനാട് സുരക്ഷിതമല്ലെന്ന തരത്തിലുള്ള തെറ്റായ പ്രചാരണങ്ങളും ദൃശ്യമാധ്യമ റിപ്പോർട്ടുകളും നിരന്തരം ഉയരുന്നത് വളരെ ദൗർഭാഗ്യകരമാണെന്ന് വയനാട് ടൂറിസം അസോസിയേഷൻ പറഞ്ഞു.
ഈ പശ്ചാത്തലത്തിൽ, വയനാട്ടിലെ ഒരു സിപ്‌ലൈൻ സജീവതയിൽ അപകടം സംഭവിച്ചതായി കാണിക്കുന്ന വ്യാജ എ.ഐ. വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ച ആലപ്പുഴ സ്വദേശി അഷ്‌കർ അലിയെ പൊലീസ് അറസ്റ്റ് ചെയ്തത് അസോസിയേഷൻ സ്വാഗതം ചെയ്തു. ഈ വീഡിയോയുടെ ലക്ഷ്യം വ്യക്തമായി വയനാട് ടൂറിസത്തിന്റെ വിശ്വാസ്യത തകർക്കാനാണെന്നും, ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് ഒരു സംഘടിത ലോബി ആണെന്ന സംശയം ശക്തമാണ് എന്നും അസോസിയേഷൻ വിലയിരുത്തുന്നു.
വയനാട് ടൂറിസം മേഖലയിലെ സംരംഭകർ അത്യന്തം പ്രയത്‌നപൂർവം മേഖലയെ വീണ്ടും ഉയർത്തിക്കൊണ്ടുവരുന്ന ഘട്ടത്തിലാണ് ഇത്തരം തെറ്റായ പ്രചാരണങ്ങൾ നടക്കുന്നത്. ഇത്തരം പ്രവണതകൾ തുടരുകയാണെങ്കിൽ ടൂറിസം മേഖലക്കും പ്രദേശത്തെയും ആയിരക്കണക്കിന് ജീവനക്കാരുടെയും വരുമാനത്തിനും ഗണ്യമായ തിരിച്ചടിയായിരിക്കും.
ഇതുപോലുള്ള വ്യാജവീഡിയോകൾക്കും നുണപ്രചാരണങ്ങൾക്കും ശക്തമായ ശിക്ഷ ലഭിക്കണമെന്നതും, ഭാവിയിൽ ഇത്തരം പ്രവണതകൾ അടിച്ചമർത്താൻ സർക്കാരിന്റെ ഉയർന്നതല ഇടപെടലും കർശന നിയന്ത്രണ സംവിധാനങ്ങളും നിർബന്ധമാണെന്നും വയനാട് ടൂറിസം അസോസിയേഷൻ ആവശ്യപ്പെട്ടു.
ജില്ലാ ചെയർമാൻ സൈതലവി കെ പി, സെക്രട്ടറി സൈഫ് വൈത്തിരി, പ്രസിഡന്റ് അനീഷ് ബി നായർ, ചഅബ്ദു റഹ്മാൻ, മനോജ് മേപ്പാടി, പട്ടു വിയ്യനാടൻ, സുമ പള്ളിപ്രം, വർഗീസ് എ ഓ, പ്രബിത ചുണ്ടേൽ, ബാബു ബത്തേരി, സന്ധ്യ ബത്തേരി, മുനീർ കാക്ക വയൽ യാസീൻ മാനന്തവാടി എന്നിവർ സംസാരിച്ചു




