
കോഴിക്കോട് : ന്യുമോണിയ ബാധിച്ച മലപ്പുറം സ്വദേശിനിയായ പെൺകുട്ടിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചത് ഉൾപ്പെടെ മൂന്നു പരാതികളിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ കേസെടുത്തു.
വെന്റിലേറ്ററും കിടക്കയുമില്ലെന്ന് പറഞ്ഞാണ് കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മടക്കി അയച്ചതെന്ന് പരാതിയുണ്ട്.
മലപ്പുറം സ്വദേശി സുരേഷിന്റെ മകളാണ് മരിച്ചത്. കഴിഞ്ഞ 13 നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നുമാണ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. രാത്രിയിലെത്തിയ കുട്ടിയെ അത്യാഹിത വിഭാഗത്തിൽ ചികിത്സ നൽകാതെ കിടത്തിയതായി പരാതിയുണ്ട്. ഓക്സിജൻ നില കുറഞ്ഞതോടെ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി
സാമ്പത്തിക പരാധീനതയുള്ള കുടുംബത്തിന് 2 ലക്ഷം രൂപ ചെലവായി. സ്വകാര്യാ ശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടി മരിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും കേടായ മരുന്ന് നൽകിയെന്ന പരാതിയിലും കമ്മീഷൻ കേസെടുത്തു. താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
പുന്നൂർ സ്വദേശി പ്രഭാകരന് കേടായ മരുന്ന നൽകിയെന്നാണ് പരാതിയുയർന്നത്. തെരുവുനായ കുറുകെ ചാടിയതിനെ തുടർന്നാണ് പ്രഭാകരന് അപകടം സംഭവിച്ചത്. പ്രഭാകരനും മകനും നൽകിയ ഗുളികകൾ കേടാതായിരുന്നു. ഗുളികയിൽ പൂപ്പലും കറുത്തപൊടിയും കണ്ടെത്തിയെന്നാണ് പരാതി.
ബീച്ച് ജനറൽ ആശുപത്രിയ്ക്കുള്ളിലെ റോഡ് പൂർണമായി തകർന്ന സംഭവത്തിലും കമ്മീഷൻ കേസെടുത്തു. ഒ. പി. ടിക്കറ്റ് എടുക്കണമെങ്കിൽ സാഹസികയാത്ര നടത്തണം. റോഡ് നവീകരണത്തിന് ഒരു കോടി രൂപ എം.എൽ.എ. അനുവദിച്ചെങ്കിലും സാങ്കേതികതയിൽ കുടുങ്ങി. ഒരു ജില്ലയിൽ രണ്ട്ആശുപത്രികൾക്ക് എം.എൽ.എ. ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്നാണ് എം.എൽ.എ. അറിയിച്ചതെന്ന് പറയുന്നു. ചെളിക്കുളം താണ്ടിയാൽ മാത്രമേ ആശുപത്രിയിലെത്താൻ കഴിയുകയുള്ളു.
ബിച്ച് ജനറൽ ആശുപത്രി സൂപ്രണ്ട് പരാതിയെകുറിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂലൈ 29 ന് രാവിലെ 10 ന് കോഴിക്കോട് പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസുകൾ പരിഗണിക്കും. ദൃശ്യമാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ മൂന്നു കേസുകളും സ്വമേധയാ രജിസ്റ്റർ ചെയ്തത്.




