
കോഴിക്കോട് : റെയിൽവേ സ്റ്റേഷന് സമീപം സെൻ്റ് പാട്രിക് ദേവാലയത്തിൻ്റെ കെട്ടിടത്തിനും വികാരി ഫാ. ആൻ്റണി പാലിയത്തറയുടെ കാറിനും തീയിട്ടതെന്ന് സംശയിക്കുന്നയാളെ ചെമ്മങ്ങാട് പോലീസും സ്പെഷൽ സ്ക്വാഡും ചേർന്ന് കസ്റ്റഡിയിൽ എടുത്തു. ബംഗളൂരു നോർത്ത് എയർ പോർട്ട് റോഡിലെ സ്റ്റീം മാളിനു സമീപം താമസിക്കുന്ന പ്യൂൺ നായ്ക്കിൻ്റെ മകൻ ജയന്ത് നായ്ക് ( 32) ആണ് പിടിയിലായത്. പുഷ്പ തിയറ്ററിനടുത്ത സായ് ബാബ ക്ഷേത്ര പരിസരത്ത് കറങ്ങി നടക്കുമ്പോഴാണ് പള്ളിയിലെ സി സി ടി വി യിൽ നിന്നു ലഭിച്ച ചിത്രങ്ങളോട് സാമ്യമുള്ള ഇയാളെ പിടികൂടിയത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന ഇയാൾ, സിസിടിവി ദൃശ്യങ്ങളിലെ പോലെ തൊപ്പിയും ധരിച്ചിട്ടുണ്ട്. ഒറീസ സ്വദേശിയാണെന്നും പറയുന്നുണ്ട്. തീയിട്ടതിൻ്റെ ഉദ്ദേശം വ്യക്തമായിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.




