
കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻറ്റിനടുത്ത കാലിക്കറ്റ് ടെക്സ്റ്റൈൽസിൽ വൻ തീപിടിത്തം. അഗ്നിരക്ഷാസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ലെന്നാണ് വിവരം. കടയിൽ തീ പടർന്നപ്പോൾത്തന്നെ ആളുകൾ ഓടിമാറിയെന്ന് നാട്ടുകാർ പറഞ്ഞു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള തുണി മൊത്തവ്യാപാര കേന്ദ്രം കത്തി ചാമ്പലായിക്കൊണ്ടിരിക്കുന്നു. പ്രദേശത്താകെ പുക പടർന്നിട്ടുണ്ട്. ഈ ഭാഗത്തേക്കുള്ള ഗതാഗതത്തിന് പൊലീസ് നിയന്ത്രണമേർപ്പെടുത്തി. ബസ്‌സ്റ്റാൻഡ് പരിസരത്തെ റോഡ് അടച്ചതോടെ നഗരത്തിലെ മറ്റു ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്.
മൂന്നു നിലക്കെട്ടിടത്തിനാണ് തീ പിടിച്ചത്. മറ്റു കടകളും ഇതിനു സമീപത്തുള്ളതിനാൽ തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസേന. സേനയുടെ നിരവധി യൂണിറ്റ് നിലവിൽ സ്ഥലത്തുണ്ട്. ഇന്ന് വൈകിട്ട് 5.15 നോടെ ആരംഭിച്ച തീപിടുത്തം രണ്ട് മണിക്കൂറോളം ആയിട്ടും അണക്കാൻ ആയിട്ടില്ല. വൈകിട്ട് 6.50 നോടെ കരിപ്പൂർ വിമാനതാവളത്തിൽ നിന്നും എയർപോർട്ട് അതോററ്റി ഓഫ് ഇന്ത്യയുടെ ആധുനിക ഫയർ എഞ്ചിൻ എത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കി.