
കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിൽ നിന്ന് 13 തവണ പീഡനത്തിനരായ സംഭവത്തിൽ പരാതി നൽകിയെന്നാരോപിച്ച് കത്തോലിക്കാ സഭാ ഭക്ഷണം പോലും നിഷേധിച്ച് ക്രൂരമായി ഒറ്റപ്പെടുത്തിയപ്പോൾ അവരെ ചേർത്ത് പിടിച്ച് റേഷൻ കാർഡ് അനുവദിച്ച സംസ്ഥാന സർക്കാരിനെ പ്രകീർത്തിച്ച് ഫാ. അജി പുതിയാപറമ്പിൽ. ഫാ അജിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് – *ക്രിസ്ത്യാനിയാര്? സഭയോ, സർക്കാരോ?*
‘State is more christian than the Church ‘ എന്നൊരു പ്രയോഗമുണ്ട്. ‘സർക്കാരാണ് സഭയേക്കാൾ മെച്ചപ്പെട്ട ക്രിസ്ത്യാനി’ എന്നാണ് ഇതിൻ്റെ മലയാള അർത്ഥം.
സഭയുടെ പ്രവർത്തനങ്ങൾ യേശുവിൻ്റെ പ്രബോധനങ്ങൾക്ക് വിരുദ്ധമാവുകയും സർക്കാർ യേശുവിൻ്റെ മൂല്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിലാണ് ഈ ആക്ഷേപഹാസ്യ പ്രയോഗം പൊതുവെ ഉപയോഗിക്കാറുള്ളത്.
ഈ അടുത്ത കാലത്ത് കേരളത്തിൽ നടന്ന ഒരു സംഭവത്തെ സൂചിപ്പിക്കാൻ നിശ്ചയമായും ഈ ശൈലി ഉപയോഗിക്കാവുന്നതാണ്.
ഏതാണ് ആ സംഭവമെന്ന്
നിങ്ങൾക്ക് ഊഹിക്കാൻ സാധിച്ചേക്കും !
ബിഷപ്പിനെതിരെ പീഡന പരാതി നല്കിയതിൻ്റെ പേരിൽ സഭാ സംവിധാനങ്ങളുടെ കടുത്ത അപ്രീതിക്ക് വിധേയരായ സിസ്റ്റർ റാണിറ്റിനും മറ്റു രണ്ട് സിസ്റ്റേഴ്സിനും സർക്കാർ റേഷൻ കാർഡ് അനുവദിച്ചതാണ് ആ സംഭവം. കഴിഞ്ഞ മൂന്ന് വർഷമായി ഭക്ഷണവും വസ്ത്രവും മരുന്നും മേൽവിലാസവും നിഷേധിക്കപ്പെട്ട് ദുരിതത്തിലായിരുന്ന അവർക്ക് സർക്കാർ റേഷൻ കാർഡ് അനുവദിച്ചത് വലിയ ആശ്വാസമായി !!
സ്‌നേഹം, നീതി, കരുണ, ക്ഷമ, ദരിദ്രരോട് പക്ഷംചേരൽ തുടങ്ങിയ മതമൂല്യങ്ങൾ പാലിക്കാൻ പൂർണ്ണമായും ബാധ്യസ്ഥരായ സഭാ സംവിധാനങ്ങളാണ് ഈ മനുഷ്യസ്ത്രീകൾക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിച്ചത്.
അപ്പോഴാണ് മതമൂല്യങ്ങൾ പാലിക്കാൻ ഒരു ബാധ്യതയുമില്ലാത്ത സർക്കാർ സംവിധാനങ്ങൾ അവർക്ക് ഭക്ഷണാവശ്യത്തിനുള്ള റേഷൻ കാർഡ് അനുവദിച്ചത് ! മേൽവിലാസം പോലുമില്ലാത്തവരോട് കരുണ കാണിച്ചത് !!
ആരാണ് ഇവിടെ ക്രിസ്തുവിൻ്റെ മൂല്യങ്ങൾ അനുകരിച്ചത്? സഭയോ അതോ സർക്കാരോ ??
യേശുവിൻ്റെ പന്ത്രണ്ട് ശിഷ്യൻമാരിൽ ഒരാളായ യാക്കോബ് ശ്ലീഹാ പറയുന്നു :
“ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോള്‍
നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത് അവര്‍ക്കു കൊടുക്കാതെ, സമാധാനത്തില്‍ പോവുക; തീ കായുക; വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കില്‍, അതുകൊണ്ട് എന്തു പ്രയോജനം? *പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്.*
(യാക്കോബ് 2: 15-17)
ഫാ. അജി പുതിയാപറമ്പിൽ
(16-01-2026)




