
കോടഞ്ചേരി : ജനങ്ങൾക്ക് ദുരിതം വിതച്ചു കൊണ്ടും നിയമങ്ങൾ കാറ്റിൽ പറത്തിയും അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ്കട്ട് കോഴി മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ സമരം നടത്തുന്ന സമരസമിതി പ്രവർത്തകരെ യാതൊരു പ്രകോപനവും ഇല്ലാതെ അന്യായമായി ആക്രമിച്ച സംഭവത്തിൽ പങ്കാളികളായ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും, പ്രദേശത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ. ബിജു കണ്ണന്തറ ആവശ്യപ്പെട്ടു
ശുദ്ധവായുവും കുടിവെള്ളവും മലിനീകരിക്കപ്പെട്ടതിനെ തുടർന്ന് ഒരു ജനതയുടെ ചെറുത്തുനിൽപ്പാണ് മാലിന്യ പ്ലാന്റിനെതിരെയുള്ള സമരം.
കോടതിയുടെയും ജില്ലാ കളക്ടറുടെയും ഇടപെടലിനെ തുടർന്നുണ്ടാക്കിയ ധാരണകൾക്ക് വിരുദ്ധമായി വീണ്ടും
പഴയ രീതിയിലേക്ക് കാര്യങ്ങൾ പോകുന്നത് രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.
കഴിഞ്ഞ ഒക്ടോബർ 31 വരെ മാത്രമേ പൊലൂഷൻ കൺട്രോൾ ബോർഡ് പ്രവർത്തന അനുമതി നൽകിയിട്ടുള്ളൂ. 30ടൺ കോഴി മാലിന്യം ദിവസേന സംസ്കരിക്കുന്നതിനാണ് മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നൽകിയിട്ടുള്ളത്. എന്നാൽ അതിനു വിപരീതമായി ദിവസേന പതിന്മടങ്ങ് മാലിന്യം സംസ്കരിക്കുന്നത് മൂലമാണ് രൂക്ഷമായ ദുർഗന്ധം ഉണ്ടാകുന്നത്.
ശുദ്ധവായുവിനും, ശുദ്ധജലത്തിനും വേണ്ടി ജനാധിപത്യ രീതിയിൽ സമരം ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർക്കെതിരെ ഉണ്ടായ അക്രമ സംഭവം ഒരിക്കലും നീതീകരിക്കാനാവില്ല. ജനങ്ങളെ ദുരിതത്തിൽ ആഴ്ത്തിക്കൊണ്ട് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിനെതിരെ ജനങ്ങൾ ഉന്നയിക്കുന്ന ന്യായമായ പ്രശ്നങ്ങൾ മുഖവിലക്കെടുക്കാൻ അധികൃതർ തയ്യാറാവണം. അനധികൃതമായി ഒരു സ്ഥാപനം പ്രവർത്തിക്കുന്നതിന് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നത് അവസാനിപ്പിക്കണം. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ, കളക്ടർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



