
കോഴിക്കോട് : പെരുമണ്ണ പൊയിൽ താഴത്ത് വാടകക്ക് താമസിക്കുന്ന പെരുമണ്ണ സ്വദേശി പെരിങ്ങാട്ടുപറമ്പ് ഹൗസിൽ ഷഫീക്ക് NP (29) നെയാണ് വാടക വീടിൻ്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയതിന് കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ കെ. എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും , എസ്. ഐ പ്രശാന്ത് ആർ എൻ ൻ്റെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പോലീസും ചേർന്ന് പിടി കൂടിയത്. വാടക വീടിൻ്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടി വളർത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിൽ ഡാൻസാഫും ടീമും പന്തീരാങ്കാവ് പോലീസും പരിശോധനക്ക് എത്തിയതിൽ ഇതിൻ്റെ സൂത്രധാരനായ ഷഫീക്ക് പോലീസിനെ കണ്ട് വീടിൻ്റെ പുറക് വശത്തു കൂടി ഓടി രക്ഷപ്പെട്ടു. അതീവ രഹസ്യമായി ടെറസിൽ സഞ്ചിയിൽ മണ്ണ് നിറച്ച് വളവും വെള്ളവും നൽകി വളർത്തിയ നിലയിലുള്ള എട്ട് അടി പൊക്കമുള്ള കഞ്ചാവ് ചെടിയും പോലീസ് പിടിച്ചെടുത്തു. ഷഫീക്ക് ഗുഡ്സ് ഓട്ടോ ഡ്രൈവറും, സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്. വളം ഇട്ട് ഓമനിച്ച് വളർത്തുന്ന ചെടിയെ പറ്റി വിട്ടുകാർ ചോദിച്ചതിൽ തായ്ലൻ്റിൽ നിന്നും കൊണ്ട് വന്ന നല്ല ഇനം മുളക് ചെടിയാണെന്ന് ഷഫീക്ക് അവരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇന്നലെ രാത്രി പോലീസിനെ കണ്ട് ഇരുട്ടിലേക്ക് ഓടി മറഞ്ഞ ഷഫീക്ക് ഏറെ വൈകിയ ശേഷം ഒളിവിൽ പോകുന്നതിനായി ഡ്രസ്സും , ബൈക്കും എടുക്കുന്നതിനായി മെല്ലെ വീട്ടിലേക്ക് വന്നപ്പോൾ ഈ ഭാഗത്ത് തന്നെ നിരീക്ഷണം നടത്തിയ പോലീസ് ഷഫീക്കിനെ പിടികൂടുകയായിരുന്നു.
ഡാൻസാഫ് സ്ക്വാഡിലെ എസ്.ഐ അബ്ദുറഹ്മാൻ കെ , എ.എസ് ഐ അനീഷ് മുസ്സേൻവീട്, എസ്.സി പി.ഒ സുനോജ് കാരയിൽ, പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്.സി പി.ഒ പ്രമോദ് , സി.പി ഒ മാരായ അബ്ദുൾ മനാഫ് , പ്രിൻസി എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.




