
കോഴിക്കോട്: താമരശ്ശേരിയിലെ ‘ഫ്രഷ് കട്ട്’ മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനം മൂലം പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതം പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അടിയന്തര സർവ്വ കക്ഷി യോഗം വിളിച്ചുചേർക്കണമെന്ന് എം.കെ. രാഘവൻ എം.പി. ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.
പ്ലാന്റിന്റെ പ്രവർത്തനം കാരണം പ്രദേശവാസികൾക്കുണ്ടാകുന്ന ഗുരുതരമായ ബുദ്ധിമുട്ടുകൾ എം.പി കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. മാലിന്യ സംസ്കരണത്തിന്റെ പ്രവർത്തനം മൂലം അസഹ്യമായ ദുർഗന്ധവും ജലമലിനീകരണവും നടക്കുന്നതായും നിരവധിപേർക്ക് ഇതിനോടകം ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വിഷയവുമായി ബന്ധപ്പെട്ട് മുൻപും ജില്ലാ കളക്ടറുമായി കൂടിക്കാഴ്ചകൾ നടത്തിയിരുന്നെങ്കിലും ജനങ്ങളുടെ പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുന്നത് പ്രതിഷേധങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുകയും പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും എം.പി ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി.




