OthersVIRAL

ശ്രീനിവാസനും പ്രിയദര്‍ശനും നൂറുവര്‍ഷങ്ങള്‍ക്കപ്പുറം ഉണ്ടാകില്ല, എന്നാല്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയുണ്ടാകും !! പ്രമുഖ നടന്റെ പ്രവചനം ശരിയായി

നൂറ് വര്‍ഷങ്ങള്‍ക്കപ്പുറം താനും നടനും സംവിധായകനുമായ ശ്രീനിവാസനും സംവിധായകന്‍ പ്രിയദര്‍ശനുമൊന്നും ഭൂമുഖത്തുണ്ടാകില്ല. എന്നാല്‍, കോട്ടക്കല്‍ ആര്യവൈദ്യശാലയുണ്ടാകും -മലയാള ചലച്ചിത്രലോകത്തെ അതുല്യപ്രതിഭ ശങ്കരാടിയുടെ പ്രചവനമാണിത്. ശങ്കരാടിയുടെ നൂറാം ജന്മദിനത്തില്‍ മാധ്യമപ്രവര്‍ത്തകനും പ്രമുഖ പാട്ടെഴുത്തുകാരനുമായ രവിമേനോന്‍ എഴുതിയ ഓര്‍മക്കുറിപ്പിലാണ് ശങ്കരാടിയുമായി ബന്ധപ്പെട്ട രസകരമായ കാര്യങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നടനെന്നതിലുപരി ഉറച്ച സാമൂഹ്യബോധവും രാഷ്ട്രീയബോധവും ചരിത്രബോധവും കൈമുതലായുള്ള വ്യക്തിയാണ് ശങ്കരാടി.
ആര്യവൈദ്യശാലയെ കുറിച്ചുള്ള പ്രവചനത്തിന് പിന്നിലുമുണ്ടായിരുന്നു വ്യത്യസ്തമായ ആ ശങ്കരാടിയന്‍ വീക്ഷണം.
‘അകലെ നിന്ന് നോക്കുമ്പോള്‍ തോന്നും അതൊരു പഴഞ്ചന്‍ സ്ഥാപനമാണെന്ന്. പഴയ രീതികളും ചിട്ടകളും ഇക്കാലത്തും നിലനിര്‍ത്തിപ്പോരുന്ന, കാലത്തിനൊത്ത് മാറാന്‍ മടിച്ചുനില്‍ക്കുന്ന ഒരു പ്രസ്ഥാനം. പക്ഷേ അടുക്കുംതോറും അത് നിങ്ങളെ അത്ഭുതപ്പെടുത്തും. കേരളത്തില്‍ ഇത്രയേറെ പ്രൊഫഷണല്‍ ആയി നടന്നുപോരുന്ന വേറെ ഏതെങ്കിലും വ്യവസായ സ്ഥാപനം ഉണ്ടോ എന്ന് പോലും തോന്നും. എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെ തോന്നുന്നുവെങ്കില്‍ അതിന് കാരണം അങ്ങേയറ്റം പ്രൊഫഷണല്‍ ആയ, ബിസിനസ്സിന്റെ അകവും പുറവും തിരിച്ചറിഞ്ഞ ഒരു മനുഷ്യന്‍ ആ സ്ഥാപനത്തിന്റെ തലപ്പത്തുണ്ട് എന്നതാണ്.” – ശങ്കരാടിച്ചേട്ടന്റെ വാക്കുകള്‍.

രവിമേനോന്റെ എഫ് ബി പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

ശങ്കരാടി ജനിച്ചിട്ട് 100 വര്‍ഷം..
മറക്കാനാവാത്ത ഒരു പ്രവചനം
—————
‘നൂറ് വര്‍ഷങ്ങള്‍ക്കപ്പുറം ഞാനുണ്ടാവില്ല. നിങ്ങളും ഈ ഇരിക്കുന്ന ശ്രീനിവാസനും ആ നില്‍ക്കുന്ന പ്രിയദര്‍ശനും ഒന്നുമുണ്ടാവില്ല. പക്ഷേ കോട്ടക്കല്‍ ആര്യവൈദ്യശാല ഉണ്ടാകും; ഇന്നത്തെ അതേ അന്തസ്സോടെ; പ്രൗഢിയോടെ.”
പറയുന്നത് ശങ്കരാടി. മലയാളസിനിമയിലെ എക്കാലത്തെയും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാള്‍. നടനെന്നതിലുപരി ഉറച്ച സാമൂഹ്യബോധവും രാഷ്ട്രീയ ബോധവും ചരിത്രബോധവും കൈമുതലായുള്ള ആള്‍. മുന്‍കാല പത്രപ്രവര്‍ത്തകന്‍. മൂന്ന് പതിറ്റാണ്ട് മുന്‍പ് ‘മിഥുനം’ (1993) സിനിമയുടെ ഷൂട്ടിംഗ് കാലത്ത് കോഴിക്കോട് മഹാറാണി ഹോട്ടലിലെ ശ്രീനിയേട്ടന്റെ മുറിയില്‍ വെച്ച് കണ്ടപ്പോഴായിരുന്നു ശങ്കരാടിയുടെ പ്രവചനം.
മറക്കാനാവില്ല ആ കൂടിക്കാഴ്ച്ച. ആകാശത്തിന് കീഴെയുള്ള സമസ്ത വിഷയങ്ങളെക്കുറിച്ചും ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടിരുന്നു ശങ്കരാടിച്ചേട്ടന്‍. കമ്യൂണിസവും അടിയന്തരാവസ്ഥയും ഗൗരിയമ്മയും ഹിമാലയത്തിലെ മഞ്ഞുമനുഷ്യനും തൊട്ട് സത്യസായിബാബ വരെയുള്ള വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍. അത്രയും ആഴവും പരപ്പുമുള്ള വായനയും ഉറച്ച രാഷ്ട്രീയ നിലപാടുകളും വേറിട്ട ചിന്തകളുമുള്ളവരെ അധികം കണ്ടിട്ടില്ല സിനിമാലോകത്ത്. ആര്യവൈദ്യശാലയെ കുറിച്ചുള്ള പ്രവചനത്തിന് പിന്നിലുമുണ്ടായിരുന്നു വ്യത്യസ്തമായ ആ ശങ്കരാടിയന്‍ വീക്ഷണം.
‘അകലെ നിന്ന് നോക്കുമ്പോള്‍ തോന്നും അതൊരു പഴഞ്ചന്‍ സ്ഥാപനമാണെന്ന്. പഴയ രീതികളും ചിട്ടകളും ഇക്കാലത്തും നിലനിര്‍ത്തിപ്പോരുന്ന, കാലത്തിനൊത്ത് മാറാന്‍ മടിച്ചുനില്‍ക്കുന്ന ഒരു പ്രസ്ഥാനം. പക്ഷേ അടുക്കുംതോറും അത് നിങ്ങളെ അത്ഭുതപ്പെടുത്തും. കേരളത്തില്‍ ഇത്രയേറെ പ്രൊഫഷണല്‍ ആയി നടന്നുപോരുന്ന വേറെ ഏതെങ്കിലും വ്യവസായ സ്ഥാപനം ഉണ്ടോ എന്ന് പോലും തോന്നും. എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെ തോന്നുന്നുവെങ്കില്‍ അതിന് കാരണം അങ്ങേയറ്റം പ്രൊഫഷണല്‍ ആയ, ബിസിനസ്സിന്റെ അകവും പുറവും തിരിച്ചറിഞ്ഞ ഒരു മനുഷ്യന്‍ ആ സ്ഥാപനത്തിന്റെ തലപ്പത്തുണ്ട് എന്നതാണ്.” – ശങ്കരാടിച്ചേട്ടന്റെ വാക്കുകള്‍.
‘കൃഷ്ണന്‍കുട്ടി വാര്യര്‍ നടന്നുവരുന്നത് കണ്ടാല്‍ ഒരു സാധാരണ നാട്ടിന്‍പുറത്തുകാരന്‍ കാരണവര്‍ നടന്നുവരും പോലെയേ തോന്നൂ. യോഗിയുടെ മുഖഭാവവും സംസാരവും. പക്ഷേ ആ ലാളിത്യത്തിനും സന്യാസിതുല്യമായ നിര്‍മ്മമതക്കും പിന്നില്‍ അസാധ്യ ദീര്‍ഘവീക്ഷണമുള്ള ഒരു പ്രൊഫഷണലിന്റെ മനസ്സ് കൂടിയുണ്ട്. ഇല്ലെങ്കില്‍ ആ സ്ഥാപനം കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് എന്നേ മാഞ്ഞുപോകുമായിരുന്നു. ബിസിനസ്സും നന്മ നിറഞ്ഞ മനസ്സും ഒരുമിച്ചു കൊണ്ടുപോകുക അത്രയെളുപ്പമല്ലെന്ന് ഞങ്ങള്‍ സിനിമാക്കാര്‍ക്ക് പോലുമറിയാം. അവിടെയാണ് പി കെ വാര്യരുടെ വിജയം. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, ഇപ്പൊ ഇവിടെയുള്ള കൊടികെട്ടിയ വ്യവസായങ്ങളെല്ലാം പൊളിഞ്ഞു പാളീസായാലും ആര്യവൈദ്യശാല പിടിച്ചുനില്‍ക്കുമെന്ന്. നമ്മളൊന്നും അത് കാണാന്‍ ജീവനോടെ ഉണ്ടാവില്ലെന്ന് മാത്രം…”
‘ദാ, ശ്ശി സാമ്പാറും കൂടി ങ്ങട്ടൊഴിച്ചോളൂ” എന്നും ‘കോലോത്തെ തമ്പ്രാനാന്ന് പറഞ്ഞിട്ടെന്താപ്പ കാര്യം, അഷ്ടിക്ക് വകല്യാണ്ടായില്യേ” എന്നുമൊക്കെ വള്ളുവനാടന്‍ മലയാളത്തില്‍ വെച്ചുകാച്ചുന്ന കാക്കത്തൊള്ളായിരം കഥാപാത്രങ്ങളെയല്ല അപ്പോള്‍ ശങ്കരാടി എന്ന മഹാനടനില്‍ കണ്ടത്. നല്ല നിരീക്ഷണപാടവവും ചരിത്രബോധവുമുള്ള ഒന്നാന്തരമൊരു പ്രൊഫഷണല്‍ പത്രപ്രവര്‍ത്തകനെ; ചിന്തകനെ. (ദി ലിറ്റററി റിവ്യൂ എന്ന ഇംഗ്ലീഷ് സാഹിത്യ മാസികയുടെ പത്രാധിപ സമിതി അംഗമായിരുന്നു സിനിമയിലെത്തും മുന്‍പ് പറവൂര്‍ മേമന കണക്കുചെമ്പകരാമന്‍ പരമേശ്വരന്‍ ചന്ദ്രശേഖരമേനോന്‍ എന്ന ശങ്കരാടി.)
ശങ്കരാടി ഇന്നില്ല. മഹാനായ പി കെ വാര്യരും ഓര്‍മ്മയായി. പക്ഷേ വര്‍ഷങ്ങള്‍ക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോള്‍ആ വാക്കുകള്‍ എത്ര പ്രവചനാത്മകമായിരുന്നു എന്നറിയുന്നു ഞാന്‍; ശങ്കരാടിച്ചേട്ടന്‍ നിശ്ചയിച്ച കാലപരിധി പിന്നിടാന്‍ ഇനിയുമേറെ കാലം ബാക്കിയുണ്ടെങ്കിലും.
— രവിമേനോന്‍

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close