
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ പുന:സംഘടനക്ക് ഇടതുമുന്നണിയുടെ അംഗീകാരം. കേരളാ കോണ്‍ഗ്രസ് (ബി) എം എല്‍ എ ഗണേശ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക് വരും. നവകേരള സദസ്സിന് ശേഷമായിരിക്കും പുനസംഘടന. നവംബര്‍ 18ന് ആരംഭിക്കുന്ന നവകേരള സദസ്സ് ഡിസംബര്‍ 24ന് വരെയാണ്. അതുകൊണ്ടു തന്നെ ഡിസംബര്‍ അവസാനമോ, പുതുവര്‍ഷത്തിലോ ആയിരിക്കും മന്ത്രിസഭാ പുനസംഘടന.
ഘടകകക്ഷികളില്‍ ഗതാഗത മന്ത്രി ആന്റണി രാജുവും, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലുമാണ് മാറേണ്ടത്. ആദ്യത്തെ രണ്ടര വര്‍ഷം ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രണ്ടാമത്തെ രണ്ടരവര്‍ഷം ഗണേശ് കുമാറിനും കടന്നപ്പള്ളിക്കും നല്‍കുമെന്നത് എല്‍ ഡി എഫ് നേതൃത്വം നേരത്തെ നല്‍കിയ ഉറപ്പാണ്. നവംബര്‍ 20നാണ് രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം തികയ്ക്കുന്നത്.
മന്ത്രിസഭാ പുന: സംഘടന വേഗം വേണമെന്ന ആവശ്യം ഉന്നയിച്ച് കേരള കോണ്‍ഗ്രസ് (ബി) ഇടതുമുന്നണിക്ക് കത്തുനല്‍കിയിരുന്നു. നവകേരള സദസിന് മുന്‍പ് പുന:സംഘടന വേണമെന്നാണ് ഗണേശ് കുമാര്‍ വിഭാഗം ആവശ്യപ്പെട്ടത്. സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കരുക്കള്‍ നീക്കിയതിന്റെ പേരില്‍ പഴികേട്ടുകൊണ്ടിരിക്കുന്ന ഗണേശ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് എല്‍ ഡി എഫിലും ആശങ്ക പടര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ പുനസംഘടന എത്രയും വേഗം വേണമെന്ന് ഗണേശ് കുമാര്‍ വിഭാഗം ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെതിരെയും ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെയും വിമര്‍ശം ഉന്നയിച്ച ഗണേശ് കുമാര്‍ യു ഡി എഫിലേക്ക് തിരികെ ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയാക്കി. സര്‍ക്കാരിനും വകുപ്പുകള്‍ക്കുമെതിരെ പാര്‍ട്ടി ചെയര്‍മാനായ ഗണേശ് കുമാര്‍ പരസ്യ വിമര്‍ശനങ്ങള്‍ നടത്തിയപ്പോള്‍ പാര്‍ട്ടിക്ക് നല്‍കിയിരുന്ന ചെയര്‍മാന്‍ സ്ഥാനങ്ങളിലൊന്ന് തിരിച്ചെടുത്തിരുന്നു. ഗണേശ് കുമാര്‍ മുഖ്യമന്ത്രിയെ കണ്ട് അതൃപ്തി അറിയിച്ചതോടെയാണ് സ്ഥാനം തിരികെ നല്‍കിയത്.




