
തൃശ്ശൂർ:കഴിഞ്ഞ ദിവസമാണ് സ്ഥാപനത്തിൽ’ഗോൾഡ് എടിഎം’ സ്ഥാപിച്ച വിവരം ബോബി ചെമ്മണ്ണൂർ പങ്കുവെച്ചത്. ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ തൃശൂർ കോർപറേറ്റ് ഓഫീസിലാണ് എ ടി എം സ്ഥാപിച്ചത്. സ്വർണത്തിന്റേയും വെളളിയുടേയും നാണയങ്ങൾ ഈ എ ടി എമ്മിൽ നിന്ന് ലഭിക്കും. ഹൈദരാബാദിലെ ഗോൾഡ് സിക പ്രൈവറ്റ് ലിമിറ്റഡ് ആണ് എ ടി എം നിർമ്മിച്ചത്.എ ടി എമ്മിൽ നിന്നും അര മില്ലിഗ്രാം മുതലുള്ള സ്വർണ നാണയങ്ങൾ ലഭിക്കുമെന്നാണ് ബോബി ചെമ്മണ്ണൂർ എ ടി എം ഉദ്‌ഘാടനം ചെയ്തു കൊണ്ട് പറഞ്ഞത്.24 മണിക്കൂറും എടിഎം പ്രവർത്തിക്കും.പണം നിക്ഷേപിച്ച് കഴിഞ്ഞാൽ എ ടി എമ്മിൽ നിന്നും സ്വർണം ലഭിക്കും.ഏറ്റവും വലിയ പ്രത്യേകത ഇങ്ങനെയെടുക്കുന്ന സ്വർണത്തിന് പ്രത്യേകിച്ച് പണിക്കൂലിയൊന്നും നൽകേണ്ടതില്ല എന്നതാണ്.വൈകാതെ തന്നെ ഈ എടിമ്മിലൂടെ ആഭരണങ്ങൾ വരുന്ന തരത്തിലുള്ള സൗകര്യം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.എടിമ്മിൽ നിന്നെടുക്കുന്ന സ്വർണ നാണയങ്ങൾക്ക്ബിഐഎസ് സർട്ടിഫിക്കറ്റ് ഓഫ് പ്യൂരിറ്റി ലഭിക്കും.100 ശതമാനം പരിശുദ്ധിയുള്ള സ്വർണം തന്നെയായിരിക്കും ലഭിക്കുക. വാങ്ങിക്കുന്ന ഓരോ സ്വർണ നാണയത്തിനും ജിഎസ്ടി ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ഇൻവോയിസ് ലഭിക്കും.5 കിലോ സ്വർണം ഈ എടിഎമ്മിൽ സൂക്ഷിക്കാൻ സാധിക്കും.സ്വർണം വിൽക്കുക കാശുണ്ടാക്കുക എന്നത് തന്നെയാണ് തന്റെ ലക്ഷ്യമെന്നും ആളുകൾക്ക് ഈ എടിഎം കൂടുതൽ സൗകര്യപ്രദമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൈയ്യിൽ രാത്രിയാണ് പണം വരുന്നതെങ്കിൽ അപ്പോൾ തന്നെ ഇവിടെ എത്തി കോയിൻ എടുക്കാം.കടയിൽ പോയി കോയിൻ വാങ്ങുന്നതിനെക്കാൾ എളുപ്പമാണ് ഇത്.നിക്ഷേപ ആവശ്യങ്ങൾക്കും ഗിഫ്റ്റ് നൽകുന്നതിനുമെല്ലാം ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചു.അതേസമയം ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളോ ഡിജിറ്റൽ വാലറ്റുകളോ ഉപയോഗിച്ച് 24 കാരറ്റ് സ്വർണ്ണ ബാറുകളോ നാണയങ്ങളോ വാങ്ങാൻ സാധിക്കുന്ന ഗോൾഡ് എടിഎമ്മുകൾക്ക് രാജ്യത്ത് വലിയ പ്രചാരം ലഭിക്കുന്നുണ്ട്. 2009-ൽ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലാണ് ‘ഗോൾഡ് ടു ഗോ’ എന്ന പേരിൽ ലോകത്തെ ആദ്യത്തെ ഗോൾഡ് എടിഎം ആരംഭിച്ചത്. നിലവിൽ പന്ത്രണ്ടിലധികം രാജ്യങ്ങളിലായി ഏകദേശം 200-300 ഗോൾഡ് എടിഎമ്മുകൾ പ്രവർത്തിക്കുന്നുണ്ട്. വിമാനത്താവളങ്ങൾ, ആഢംബര ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, കൺവീനിയൻസ് സ്റ്റോറുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലാണ് ഇവ കൂടുതലും സ്ഥാപിച്ചിരിക്കുന്നത്.ഇന്ത്യയിൽ 2022 ലാണ് ആദ്യമായി ഗോൾഡ് എടിഎം വരുന്നത്.ഗോൾഡ്‌സിക്ക പ്രൈവറ്റ് ലിമിറ്റഡ്,ഓപ്പൺക്യൂബ് ടെക്നോളജീസുമായി സഹകരിച്ച് ഹൈദരാബാദിലാണ് രാജ്യത്തെ ആദ്യത്തെ ഗോൾഡ് എടിഎം സ്ഥാപിച്ചത്.




