കോഴിക്കോട്: വെസ്റ്റ് ബംഗാൾ സ്വദേശിയിൽ നിന്നും സ്വർണ്ണം കവർന്ന കേസിൽ വീണ്ടും ഒരാൾകൂടി പിടിയിലായി. കസബ പോലീസ് ഇസ്പെക്ടർ എൻ.പ്രജീഷിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കസബ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. ചേളന്നൂർ സ്വദേശി ഹനുരാജ് ( 53 ) ആണ് സിറ്റി ക്രൈം സ്ക്വാഡിൻ്റെ പിടിയിലായത്. പ്രതിയെ കസബ സബ്ബ് ഇൻസ്പെക്ടർ എസ്.അഭിഷേക് കസ്റ്റഡിയിലെടുത്തു.
സെപ്തംബർ 20ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.ബംഗാൾ വർധമാൻ സ്വദേശിയായ റംസാൻ അലി,ലിങ്ക് റോഡിലുള്ള സ്വർണ്ണ ഉരുക്ക് ശാലയിൽ നിന്നും മാങ്കാവിലേക്ക് ബൈക്കിൽ കൊണ്ടുപോവുകയായിരുന്ന 1.200 കിലോഗ്രാം സ്വർണ്ണം നാലു ബൈക്കിലെത്തിയ എട്ടു പേർ ചേർന്ന് കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച് അക്രമിച്ച് കവർന്നെടുക്കുകയായിരുന്നു.
സംഭവത്തിൻ്റെ ഗൗരവം മനസിലാക്കി അന്നത്തെ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സ്വപ്നിൽ എം മഹാജൻ ഐ.പി.എസിൻ്റെ മേൽനോട്ടത്തിൽ ടൗൺ അസിസ്റ്റൻ്റ് കമ്മീഷണർ ബിജുരാജിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസന്വേഷണം നടത്തി വരികയായിരുന്നു.
തികച്ചും ശാസ്ത്രീയ രീതിയിൽ നടത്തിയ അന്വേഷണത്തിൽ നിന്നും കവർച്ച നടത്തുമ്പോൾ ഇവർക്ക് വേണ്ട സിം കാർഡുകൾ എടുത്ത് നൽകി സഹായിച്ച മൂട്ടോളി സ്വദേശി ലത്തീഷിനെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്തതിൽ നിന്നും പ്രതികളിലേക്ക് എത്തിചേരുകയുമായിരുന്നു.
സ്വർണ കവർച്ച നടത്തിയ ക്വട്ടേഷൻ സംഘത്തെ അറസ്റ്റ് ചെയ്തതിൽ നിന്നും ലഭിച്ച വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഘത്തിലുൾപ്പെട്ട മുഖ്യ പ്രതികൾക്കായി പോലീസ് ആസൂത്രിതമായ നീക്കങ്ങൾ നടത്തിവരികയായിരുന്നു. ഇതിനിടെ കർണ്ണാടകയിലെ രഹസ്യതാവളത്തിൽ ഒളിവിൽ കഴിയുകയായിരുന്നു കവർച്ചയുടെ മുഖ്യ സൂത്രധാരനായ ഹനുരാജ്. വിവിധ പേരുകളിൽ വിവിധ സ്ഥലങ്ങളിൽ ഒളിച്ചു താമസിച്ചതിനാൽ പ്രതിയെ കണ്ടെത്തുക പ്രയാസമായിരുന്നു. വളരെ അത്യാവശ്യത്തിനുമാത്രമാണ് ഫോൺ ഉപയോഗിച്ചിരുന്നത്. ക്വട്ടേഷൻ സംഘത്തിൽ പെട്ടവരെ ഒന്നൊന്നായി സിറ്റി ക്രൈം സ്ക്വാഡ് കസബ ഇൻസ്പെക്ടർ എൻ.പ്രജീഷിൻ്റെ നേതൃത്വത്തിൽ പിടികൂടാൻ തുടങ്ങിയതോടെ നാട്ടിലേക്ക് വരുന്നത് ഹെയർ സ്റ്റൈൽ മാറ്റിയും വേഷവിധാനത്തിൽ മാറ്റം വരുത്തിയുമായിരുന്നു. കർണാടകയിൽ സിറ്റി ക്രൈം സ്ക്വാഡ് തിരച്ചിൽ ഊർജിതമാക്കിയതോടെ പ്രതി സംസ്ഥാനത്തെ മലയോര അതിർത്തി ജില്ലയിലേക്ക് ഒളിച്ചു കടക്കുകയായിരുന്നു. മൂന്നാറിന് സമീപത്തെ ശാന്തൻ പാറയിൽ ഹനുരാജിനോട് രൂപസാദൃശ്യമുള്ള ഒരാൾ കുറച്ചു നാളുകളായി താമസമുണ്ടെന്നുള്ള രഹസ്യവിവരത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി അക്ബർ ഐപിഎസ് ൻ്റെ അനുവാദത്തോടെ സബ്ബ് ഇൻസ്പെക്ടർ എസ്.അഭിലാഷിൻ്റെ നേതൃത്വത്തിൽ സിറ്റി ക്രൈം സ്ക്വാഡ് മൂന്നാറിലെത്തി നടത്തിയ തിരച്ചിലിൽ പ്രതിയെ പിടികൂടുകയായിരുന്നു.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു,എ പ്രശാന്ത് കുമാർ, സി.കെ സുജിത്ത്, കെ.കെ.ശ്രീജിത്ത് എന്നിവരാണ്
അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.