
കോഴിക്കോട് : കോഴിക്കോട് ടൗണ്‍ എസ്‌ഐ കാരപ്പറമ്പ് സ്വദേശി ഷാഫിയെ കുത്തിവീഴ്ത്തിയ ഗുണ്ട എടക്കാട് പാറമ്മൽ കൊളപ്പുറത്ത് പടിക്കൽ പ്രമോദ് (48) 2017 ൽ മറ്റൊരു എ എസ് ഐ വധിക്കാൻ ശ്രമിച്ച കേസിലും പ്രതി. പാളയം ബസ് സ്റ്റാൻ്റ് പോലീസ് ഔട്ട് പോസ്റ്റിന് മുന്നിൽ എ എസ് ഐ കെ. സജീവനെയാണ് ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പാളയം സ്റ്റാൻ്റിൽ പോസ്റ്റർ ഒട്ടിക്കുകയായിരുന്ന പ്രമോദിനെ , പോലീസ് ഔട്ട് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കസബ സ്റ്റേഷനിലെ ഒരു പോലീസുകാരൻ വിലക്കിയിരുന്നു. തർക്കത്തിനൊടുവിൽ തിരിച്ചുപോയ പ്രമോദ് മണിക്കൂറുകൾക്ക് ശേഷം വീണ്ടും തിരികെയെത്തി. ആ സമയം ഔട്ട് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സജീവനെ പിന്നിൽ നിന്ന് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. അടിയിൽ ബിയർ കുപ്പി പൊട്ടി ചിതറി. ഉടൻ രക്ഷപെട്ട പ്രമോദ് കൈയ്ക്ക് മുറിവുപറ്റിയതിനാൽ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. അവിടെ നിന്നാണ് കസബ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് 2019 ൽ ജില്ലാ കളക്ടറുടെ കാർ അക്രമിച്ച കേസിൽ അന്നത്തെ കസബ എസ് ഐ വി. സിജിത് ഇയാളെ അറസ്റ്റ് ചെയ്തു. ബലപ്രയോഗത്തിന് മുതിർന്ന ഗുണ്ടയെ എസ് ഐ സിജിത്തും സി പി ഒ നിറാസും ചേർന്നാണ് ” മെരുക്കിയത് “. ഈ കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ തന്നെ മെരുക്കിയ പോലീസുകാരെ വധിക്കാൻ കൈയിൽ കത്തി കരുതുകയായിരുന്നു. തമിഴ് സൂപ്പർ സ്റ്റാർ സൂര്യ നായകനായ -ഗജനി – എന്ന സിനിമയിൽ എതിരാളികളുടെ ഫോട്ടോ പേഴ്സിൽ സൂക്ഷിച്ചാണ് ഓരോരുത്തരേയും നായകൻ നേരിടുന്നത്. ഇതേ രീതിയിൽ പോലീസുകാരൻ നിറാസിൻ്റെ ഫോട്ടോ ഇയാൾ പേഴ്സിൽ സൂക്ഷിച്ചിരുന്നു. ഇന്നലെ എസ് ഐ ഷാഫിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. നാട്ടുകാർക്കും പോലീസിനും തലവേദനയായ ഇയാളെ കാപ്പ ചുമത്തി സ്ഥിരമായി ജയിലിലടയ്ക്കണമെന്ന ആവശ്യം പോലീസിൽ ഉയർന്നിട്ടുണ്ട്.




