crimeKERALAlocalOtherstop newsVIRAL

നിയമം കൈയിലെടുക്കുന്ന സാമൂഹിക വിരുദ്ധർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കണം : മനുഷ്യാവകാശ കമ്മീഷൻ

 

 

കോഴിക്കോട് : നിയമം കൈയിലെടുക്കുന്ന സാമൂഹികവിരുദ്ധർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ മാതൃകാപരമായി നടപടിയെടുക്കാൻ പോലീസ് സേനക്ക് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.

കോഴിക്കോട് മാങ്കാവിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കമ്മീഷൻ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

മാങ്കാവിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചശേഷം പണം നൽകാതെ പോയ യുവാക്കളിൽ നിന്ന് പണം ആവശ്യപ്പെട്ട ഹോട്ടൽ ജീവനക്കാരന് മർദ്ദനമേറ്റിരുന്നു.

സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്ന ഗുണ്ടാ ആക്രമണങ്ങളെ അങ്ങേയറ്റം ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇത്തരം പ്രവണതകൾ ജനാധിപത്യമൂല്യങ്ങൾക്ക് നിരക്കാത്തതാണ്. സമാധാനപരമായും ഭയരഹിതമായും ജീവിക്കാനുള്ള പൗരന്റെ മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം ക്രിമിനൽ സംഘങ്ങൾ ജനജീവിതത്തിന് വലിയ ഭീഷണിയുയർത്തുന്നു. നിയമം കൈയിലെടുക്കുന്ന സാമൂഹിക വിരുദ്ധർക്കെതിരെ വിട്ടുവീഴ്ചയില്ലാത്തതും മാതൃകാപരവുമായ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാവണമെന്ന് കമ്മീഷൻ ഉത്തരവിൽപറഞ്ഞു.

ആധുനിക അന്വേഷണരീതികളും ശക്തമായ നിയമനടപടികളും ഉപയോഗിച്ച് ഇത്തരം സംഘങ്ങളുടെ വേരറുക്കേണ്ടത് അനിവാര്യമാണ്. എങ്കിൽ മാത്രമേ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നിയമവ്യവസ്ഥയിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാനും കഴിയുകയുള്ളുവെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.

മാങ്കാവ് ഹോട്ടലിലെ ഗുണ്ടാ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ഒരു മാസത്തിനുള്ളിൽ കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണം. മാർച്ചിൽ കോഴിക്കോട് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close