കോഴിക്കോട് : മാറാട് പോലീസിനെ അക്രമിച്ച ഗുണ്ടാസംഘത്തിലെ ഒരാള്‍ പിടിയില്‍. സംഘത്തില്‍ ഉള്‍പ്പെട്ട പ്രതിയായ രജീഷ് കുമാറാണ് പിടിയിലായത്. ഗോതീശ്വരം ബീച്ചിനടുത്തുള്ള പിണ്ണാണത്ത് വീട്ടില്‍ വെച്ച്് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മാറാട് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രതിയെ പിടികൂടുകയായിരുന്നു. എസ്.ഐമാരായ ഹരീഷ്, ശശികുമാര്‍, എ.എസ്.ഐ ശൈലേന്ദ്രന്‍, സി.പിഒമാരായ സപ്തസ്വരൂപ്, ജാങ്കിഷ്, ഷിനോജ്, ധന്യശ്രീ, സ്ട്രിക്കര്‍ ഫോഴ്‌സ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സ്വപ്നില്‍ എം മഹാജന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌കോഡും സംയുക്തമായി നടത്തിയ പരിശോധനനയ്ക്കിടെയാണ് പ്രതി പിടിയിലാകുന്നത്. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതിയെ കൊയിലാണ്ടി സ്‌പെഷല്‍ സബ്ബ് ജയിലിലേക്ക് മാറ്റി.
ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഗോതീശ്വരം ബീച്ച് പരിസരത്ത് പട്രോളിങ് നടത്തുന്നതിനിടെ പോലീസുകാരെ ഗുണ്ടാസംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ മാറാട് പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പക്ടര്‍ എംസി ഹരീഷിനും ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ക്കും പരിക്കേറ്റു. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഗുണ്ടാസംഘത്തിലെ ഒരാള്‍ പിടിയിലായകുന്നത്. ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയതായി അന്വേഷണം സംഘം വ്യക്തമാക്കി.