
തൃശൂർ : കെ എസ് യു പ്രവർത്തകരെ മുഖംമൂടിയും കൈയാമവും ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയെന്നാരോപിച്ച് വടക്കാഞ്ചേരി ഇൻസ്പെക്ടർ യു.കെ. ഷാജഹാനെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. രാഷ്ട്രീയ പകപോക്കലിൻ്റെ പേരിൽ സംഭവം വിവാദമാക്കിയതിന് പിന്നാലെ ഇതേ പ്രതികൾക്കായി വീണ്ടും നിയമാനുസൃത രീതിയിൽ തിരിച്ചറിയൽ പരേഡ് നടത്തി റിപ്പോർട്ട് മുദ്ര വെച്ച കവറിൽ ഹാജരാക്കാൻ തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഇന്നലെ ( സെപ്. 16) ഉത്തരവിട്ടു. പരാതിക്കാരനായ എസ് എഫ് ഐ പ്രവർത്തകൻഎൽദോ ജേക്കബിനെ മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോണും 8000 രൂപയും പിടിച്ചു പറിക്കുകയും ചെയ്തെന്ന കേസിൽ ഇരങ്ങോടത്ത് ഗണേഷ്, കറുപ്പം തൊടിയിൽ അൽ അമീൻ , കോലോത്ത് കുളം മുഹമ്മദ് അസ്ലം എന്നിവരെ തൃശൂർ ഒന്നാം ക്ലാസ് മജിസ്ട്രട്ട് കോടതിയിൽ ഹാജരാക്കാനാണ് ചീഫ് ജുഡിഷ്യൽ മജിസ്ട്രട്ടിൻ്റെ ഉത്തരവ്. ഇതിൽ ഒന്നാം പ്രതി ഗണേഷ് പോലീസിനെ അക്രമിച്ചതടക്കം ക്രിമിനൽ കേസിൽ പ്രതിയാണ്. യഥാർത്ഥ പ്രതികളെ തിരിച്ചറിയുക വഴി വാദിക്കും പ്രതികൾക്കും നീതി ലഭിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന തിരിച്ചറിയൽ പരേഡിൻ്റെ വിജയത്തിനാണ് മുഖമൂടി ധരിപ്പിക്കുന്നത്. പരേഡിന് വിധേയരാകുന്നവർ യഥാർത്ഥ പ്രതികള ല്ലെങ്കിൽ കേസിൽ നിന്ന് മോചിതരാകാം. കോടതിയുടെ നിർദ്ദേശപ്രകാരം മറ്റ് ജയിൽപുള്ളികൾക്കൊപ്പം ഇടകലർന്ന് പ്രതികളെ നിർത്തിയാണ് തിരിച്ചറിയൽ പരേഡ് നടത്തുക. പരാതിക്കാരൻ പ്രതികളെ മുൻകൂട്ടി മനസിലാക്കിയാൽ പരേഡിൽ വേഗം തിരിച്ചറിയാനാകും. ആരെയെങ്കിലും കുടുക്കണമെന്ന ഉദ്ദേശമുണ്ടെങ്കിൽ ആളെ മുൻകൂട്ടി മനസിലാക്കുന്നത് പരാതിക്കാരന് ഗുണകരമാണ്. എന്നാൽ മുഖം മൂടി ധരിപ്പിച്ച് കോടതിയിൽ കൊണ്ടു വന്നതിന് ശേഷം മുഖം മൂടി മാറ്റി മറ്റുള്ളവർക്കൊപ്പം നിർത്തിയാൽ ശരിക്കും പ്രതികളായവരെ മാത്രമെ പരാതിക്കാരൻ തിരിച്ചറിയൂ. ഇങ്ങനെ പരാതിക്കാരനും കസ്റ്റഡിയിലുള്ളവർക്കും ഒരേപോലെ ഗുണകരമാകുന്ന വിധത്തിൽ മുഖംമൂടി ധരിപ്പിച്ചതിൻ്റെ പേരിലാണ് കേരള പോലീസിലെ മികച്ച കുറ്റാന്വേഷകരിൽ ഒരാളായ യു.കെ ഷാജഹാനെ അന്യായമായി സ്ഥലം മാറ്റിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി ഗണേഷ് അക്രമകാരിയായതിനാൽ നിയമപ്രകാരം വിലങ്ങു ധരിപ്പിക്കാൻ പോലീസിന് അവകാശമുണ്ട്. ചുരുക്കി പറഞ്ഞാൽ വൻ രാഷ്ട്രീയ വിവാദത്തിന് കാരണമായ സംഭവം അതേ രീതിയിൽ വീണ്ടും നടത്തിക്കാൻ കോടതി ഉത്തരവിട്ടിരിക്കയാണ്. ഇത് വിവാദമുണ്ടാക്കിയവർക്ക് വൻ തിരിച്ചടിയും പോലീസിന് ഗുണവും ആണെന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തൽ. മുഖംമൂടിയും വിലങ്ങും ധരിപ്പിച്ചത് നിയമാനുസൃതമാണെന്ന് തെളിഞ്ഞതോടെ സ്ഥലംമാറ്റത്തിന് വിധേയനായി നിലവിൽ പോസ്റ്റിങ് ലഭിക്കാതിരിക്കുന്ന ഇൻസ്പെക്ടർ യു.കെ ഷാജഹാനെ വടക്കാഞ്ചേരിയിലേക്ക് തന്നെ തിരികെ കൊണ്ടുവരേണ്ടി വരുമെന്നാണ് സൂചന.




