top news
യുവാവിന്റെ പീഡന പരാതി ; സംവിധായകന് രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം
കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പീഡന പരാതിയില്‍ സംവിധായകന് രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയാണ് കേസില്‍ ജാമ്യം അനുവദിച്ചത്. 30 ദിവസത്തേക്ക് രഞ്ജിത്തിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവാണ് കോടതി അനുവദിച്ചിരിക്കുന്നത്.
അമ്പതിനായിരം രൂപയുടെ രണ്ട് ആള് ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്.
യുവാവിന്റെ പരാതിയില്‍ കോഴിക്കോട് കസബ പോലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് എഫ്ഐആര്‍. നേരത്തെ ബംഗാളി നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം ആരംഭിച്ചിരുന്നത്.
സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ 2012 ല്‍ ബെംഗളൂരുവില്‍ വച്ച് സംവിധായകന് രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതി. പരാതി നല്‍കിയശേഷം സിനിമ മേഖലയിലെ പരാതികള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നല്‍കിയിരുന്നു.