
കോഴിക്കോട് : മുന്നോക്ക സംവരണം നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് കോഴിക്കോട്ട് ചേർന്ന കേരള ജംഇയ്യത്തുൽ ഉലമ നിർവ്വാഹക സമിതി ആവശ്യപ്പെട്ടു. പിന്നോക്ക വിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പ് നൽകുന്ന സംവരണം അട്ടിമറിക്കാനുള്ള നീക്കം ദുരുദ്ദേശപരമാണ്. ഇത്തരം നീക്കങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള ശ്രമം പ്രതിഷേധാർഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
പിന്നാക്ക വിഭാഗങ്ങൾക്ക് ഉദ്യോഗതലങ്ങളിൽ ലഭിക്കേണ്ട അവകാശങ്ങളെ അനർഹർക്ക് ഓഹരി വെക്കുന്ന സമീപനം സർക്കാറിന്റെ വിശ്വാസ്യത തകർക്കും. ഇക്കാര്യത്തിൽ സംവരണ സമുദാങ്ങൾക്ക് ഇടയിൽ ഉയർന്ന ആശങ്ക പരിഹരിക്കാൻ നടപടിയുണ്ടാകണം.
സംവരണത്തിന്റെ ഉദ്യേശലക്ഷ്യം സാമ്പത്തിക സമത്വമല്ല. എന്നിരിക്കെ, കേരള സർവ്വീസ് ചട്ടങ്ങൾ ഭേദഗതിചെയ്യാനുള്ള നീക്കം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും ജംഇയ്യത്തുൽ ഉലമ ആവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി അധ്യക്ഷനായി. സെക്രട്ടറി എം മുഹമ്മദ് മദനി, ഭാരവാഹികളായ പി പി മുഹമ്മദ് മദനി, ഡോ ഫദ്ലുല്ല, ഹനീഫ് കായക്കൊടി, ടി പി അബ്ദുറസാഖ് ബാഖവി, പാലത്ത് അബ്ദുറഹ്മാൻ മദനി,
മുഹമ്മദലി അൻസാരി,
എം ടി അബ്ദുസ്സമദ് സുല്ലമി എന്നിവർ പ്രസംഗിച്ചു.