
എറണാകുളം :
അത്യാവശ്യം വന്നാൽ ഉപകരിക്കുവാൻ വേണ്ടിയാണ് കനത്ത പ്രീമിയം നൽകി ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നത്. ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം വർഷംതോറും കൃത്യമായി നൽകുന്നുണ്ടെന്ന ആത്മവിശ്വാസം, അവിചാരിതമായി ഉണ്ടാകുന്ന ആശുപത്രി ചെലവ് ഇൻഷുറൻസ് കമ്പനി വഹിക്കും എന്നുള്ള പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.
എന്നാൽ ആശുപത്രി ചെലവിന്റെ ക്ലെയിം ലഭിക്കുന്നതിന് വേണ്ടി കമ്പനിക്ക് അപേക്ഷ നൽകി കഴിയുമ്പോഴാണ് ഓരോരോ മുടന്തൻ ന്യായങ്ങൾ ഉന്നയിക്കുന്നതും അതിന്റെ അടിസ്ഥാനത്തിൽ ക്ലെയിം നീട്ടിക്കൊണ്ടുപോകുന്നത് കമ്പനികളുടെ ബിസിനസ് തന്ത്രത്തിന്റെ ഭാഗമാണ്.
അത്തരം ഒരു തന്ത്രമാണ് വീണ്ടും വീണ്ടും ചികിത്സാരേഖകൾ ആവശ്യപ്പെടുന്നത്. ആവശ്യപ്പെട്ട രേഖ നൽകിയാൽ അതിന്റെ അടുത്ത രേഖ ആവശ്യപ്പെട്ടുകൊണ്ട് കത്തുവരും. അതു നൽകിയാൽ വീണ്ടും അടുത്തത്… ഇങ്ങനെ ചോദിച്ച ചോദിച്ച് രോഗവുമായി വിദൂര ബന്ധമില്ലാത്ത രേഖകൾ ഇൻഷുറൻസ് കമ്പനി ആവശ്യപ്പെടും. കൊടുത്തുകൊടുത്ത പോളിസി ഓർഡർ വശം കെടും. ആശുപത്രി വരാന്തകളിൽ കയറിയിറങ്ങി മടുക്കും….. അവസാനം ആവശ്യപ്പെട്ട രേഖ നൽകാൻ സാധിക്കാതെ വരുമ്പോൾ ഇൻഷുറൻസ് കമ്പനി തന്ത്രപരമായി ക്ലെയിം തിരസ്കരിക്കും… ഇത് ചോദ്യം ചെയ്യുവാൻ ഇൻഷുറൻസ് നിയമത്തിൽ അജ്ഞനായ പോളിസി ഹോൾഡർക്ക് സാധിക്കില്ല. ഇത് കമ്പനി മുതലെടുക്കും….
എന്താണ് നിയമം?
ഒരിക്കൽ കമ്പനിക്ക് ആവശ്യമായ ചികിത്സാ രേഖകൾ നൽകി ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം ആവശ്യപ്പെട്ടാൽ, രോഗിയുടെ ചികിത്സമായി ബന്ധപ്പെട്ട മറ്റു രേഖകൾ ആവശ്യമുണ്ടെന്ന് കണ്ടാൽ അത് കണ്ടെത്തിയെടുക്കേണ്ട ഉത്തരവാദിത്വം ഇൻഷുറൻസ് കമ്പനിക്കോ, ക്ലെയിം രേഖകൾ കൈകാര്യം ചെയ്യുന്ന കമ്പനിയുടെ ഏജന്റ് ആയ TPA ക്കോ ആണ്. ഇതിനുവേണ്ടി പോളിസി ഹോൾഡർ, ആശുപത്രിയിൽ കയറിയിറങ്ങി സമയം കളയേണ്ട ആവശ്യമില്ല. രേഖകൾ നൽകിയില്ല എന്ന പേരിൽ ക്ലെയിം തിരസ്കരിച്ചാൽ ഉപഭോക്ത കോടതിയെ സമീപിക്കാൻ മറക്കേണ്ട….. തിരസ്കരിച്ച ദിവസം മുതൽ രണ്ടു കൊല്ലക്കാലം സമയവും ഉണ്ട്…..
- ചികിത്സാ സമയത്ത് പോളിസി ഹോൾഡർ മരണപ്പെട്ടാൽ ആശുപത്രിയിൽ ആവശ്യമായ ബില്ലടച്ച് പരേതന്റെ ശരീരം ആശുപത്രിയിൽ നിന്ന് RELEASE ചെയ്തെടുക്കുവാനുള്ള ഉത്തരവാദിത്വം ഇൻഷുറൻസ് കമ്പനിക്കാണ്….. പോളിസി ഹോൾഡർ മരണപ്പെട്ടതുകൊണ്ട് ഞങ്ങൾക്കിനി ഉത്തരവാദിത്വമൊന്നുമില്ലായെന്ന് പ്രഖ്യാപിച്ച് പൊടിതട്ടി പോകുവാൻ ഇൻഷുറൻസ് കമ്പനിക്കാവില്ല…… അങ്ങനെ പോയാൽ കമ്പനിയെ പാഠം പഠിപ്പിക്കേണ്ട ഉത്തരവാദിത്വം ബന്ധുക്കൾക്കാണ്…
തയ്യാറാക്കിയത്
Adv. K. B MOHANAN