
ലഖ്നൗ : ബംഗ്ലാദേശ് താരത്തെ ടീമിലെടുത്തതിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമകളിൽ ഒരാളായ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മഹാസഭ നേതാവ് രംഗത്ത്. അഖിലേന്ത്യ ഹിന്ദു മഹാസഭയുടെ മുൻ ആഗ്ര ജില്ലാ പ്രസിഡന്റ് മീര താക്കൂറാണ് നാവറുക്കൽ പ്രസ്താവനയുമായി രംഗത്ത് വന്നത്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടീമിനായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസൂർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വാങ്ങിയതിനെത്തുടർന്ന് ഷാരൂഖ് ഖാനെ ‘രാജദ്രോഹി’ എന്ന് വിളിച്ച ബിജെപി നേതാവ് സംഗീത് സോമിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് നാവറുക്കൽ പ്രസ്താവന. “നമ്മുടെ ഹിന്ദു സഹോദരന്മാർ ബംഗ്ലാദേശിൽ ജീവനോടെ കത്തിക്കപ്പെടുന്നു, എന്നിട്ടും അദ്ദേഹം അവിടുന്ന് കളിക്കാരെ വാങ്ങുന്നു. ഞങ്ങൾ ഇത് അനുവദിക്കില്ല എന്ന് ഷാരൂഖ് ഖാന്റെ പോസ്റ്ററുകൾ കരിഓയിൽ പൂശുകയും ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്തുകൊണ്ട് അവർ പറഞ്ഞു. അയോദ്ധ്യയിൽനിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നുമുള്ള സന്യാസിമാരും ബംഗ്ലാദേശ് താരം റഹ്മാനെ ഐപിഎൽ ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ ബോളിവുഡ് താരത്തെ വിമർശിച്ചു.
“ബിസിസിഐ ഒരു തീരുമാനം എടുക്കും. ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ അവിടെയുള്ള ഹിന്ദുക്കളുടെ സുരക്ഷാ പ്രശ്നം ഉന്നയിക്കണം എന്നാണ് ധിരേന്ദ്ര ശാസ്ത്രി പറഞ്ഞത്. അദ്ദേഹം ഒരു വീരനല്ല, വ്യക്തിത്വമില്ലാത്ത ആളാണ് എന്ന് സ്വാമി രാഭദ്രാചാര്യയും വിമർശിച്ചു. ഷാരൂഖ് ഖാന്റെ പ്രശസ്തി രാജ്യത്തെ ജനങ്ങൾ കാരണമാണ്. ‘അദ്ദേഹം ജനങ്ങളുടെ വികാരങ്ങളെ മാനിക്കണമെന്ന് അഖിലേന്ത്യ അഖാഡ പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി തുറന്നടിച്ചു. ഷാരൂഖ്ഖാന്റെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും അദ്ദേഹത്തെ ബംഗ്ലാദേശിലേക്ക് അയക്കണമെന്നും മറ്റൊരു ദിനേശ് ഫലാരി മഹാരാജ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഷാരൂഖ് ഖാൻ രാജ്യം വിട്ടുപോകണമെന്നും ഇവിടെ ജീവിക്കാൻ അദ്ദേഹത്തിന് അവകാശമില്ലെന്നും ബിജെപി നേതാവ് സംഗീത് സോം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.




