ബാബു ചെറിയാൻ കാൽവരിയിലെ യാത്ര ഉൾപ്പെടുത്തി തൊട്ട് മുൻപ് പോസ്റ്റ് ചെയ്ത് നാലാം ഭാഗമാണ്. ഇതാണ് മൂന്നാം ഭാഗം യാത്ര – നാലാം ദിവസം ഒക്ടോബർ- രണ്ട് പുലർച്ചെ അഞ്ചിന് ഉണർന്ന് ആറിന് പ്രഭാത ഭക്ഷണ ശേഷം ഏഴിന് യാത്ര ആരംഭിച്ചു. ഈശോ വെള്ളത്തിന് മീതെ നടന്ന ഗലീലി കടലിൽ ബോട്ടുയാത്രയാണ് ആദ്യം . ഗൈഡ് ശുക്രി ബോട്ട് ഒരുക്കി കാത്തു നിന്നു . ബോട്ടിന്റെ ഡക്കിലെ ഫ്ലാഗ് പോസ്റ്റിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി അച്ചനും ഞങ്ങളും സല്യൂട്ട് നൽകി ആദരം അർപ്പിച്ചു. തുടർന്ന് അറ്റൻഷനായി നിന്ന് ദേശീയ ഗാനം ആലപിച്ചപ്പോൾ അഭിമാനം കൊണ്ട് ഞരമ്പുകൾ ത്രസിച്ചു. താഴെ ഗലീലി കടലിലെ ഓളപ്പരപ്പിൽ ഇന്ത്യൻ ദേശീയ പതാകയുടെ അഭിമാന നിഴൽ ഇളകിയാടുന്നു. ബോട്ടിന്റെ ഡക്കിൽ കയറിയുള്ള ഫോട്ടോ സെഷനായിരുന്നു അടുത്തത്. നീണ്ട ബോട്ടുയാത്രയ്ക്ക് ശേഷം കരയ്ക്കിറങ്ങി അഷ്ടസൗഭാഗ്യങ്ങളുടെ മലയിലേക്ക് ./ ഇസ്രായേൽ എന്തുകൊണ്ടും ഫലഭൂയിഷ്ടമായ മണ്ണാണ്. ഇതു പറയാൻ കാരണം കൃഷിയിലെ അവരുടെ ടെക്നോളജി സൂചിപ്പിക്കുന്നതിനാണ്. വാഴത്തോട്ടങ്ങളാവട്ടെ , ഈന്തപ്പഴ തോട്ടങ്ങളാവട്ടെ, പിയർ തോട്ടങ്ങളാവട്ടെ, ഒലിവ് തോട്ടങ്ങളാവട്ടെ, പച്ചക്കറി തോട്ടങ്ങളാവട്ടെ – എല്ലാത്തിനും അടുക്കും ചിട്ടയുമാണ്. റിപ്പബ്ലിക് ദിന പരേഡ് കണ്ടിട്ടില്ലേ, ഏതാണ്ട് അതേ പോലെ കൃത്യമായ നിരയിലണ് തോട്ടങ്ങളിലെ ചെടികളും , വൃക്ഷങ്ങളും . ഏക്കർ കണക്കിന് വിസ്തൃതിയുള്ള വാഴത്തോപ്പുകൾ ഉള്ളിലാക്കി വല വിരിച്ചിരിക്കുന്നു. പ്രാണി യോ , കീടമോ, പക്ഷികളോ ഉള്ളിൽ കടക്കാതിരിക്കാനാണ് ഈ മുൻകരുതൽ . ശത്രു രാജ്യങ്ങൾ കീട ബാധയുണ്ടാക്കി വിള നശിപ്പിക്കുമെന്ന ആശങ്കയുമാവാം. ഈച്ച പോലും കടക്കാത്ത വിധം ഭദ്രം എന്നൊക്കെ പറയില്ലേ. അതാണ് ഇസ്രായേൽ . കടകളിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന പഴം – പച്ചക്കറികൾ കണ്ടാലറിയാം – എല്ലാം മനോഹരം . / അഷ്ട സൗഭാഗ്യങ്ങളുടെ മലയിലെ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പണം. എട്ടു മുഖങ്ങളാണ് ഈ ദേവാലയത്തിന് . ഈശോ ഏറ്റവും അധികം വചനം പ്രഘോഷിച്ച സ്ഥലങ്ങളിലൊന്നാണിത്. പരിശുദ്ധ ദൈവമാതാവ് വെള്ളം കോരിയ കിണറിനടുത്തേക്കാണ് അടുത്ത യാത്ര . കിണറ്റിൻ കരയിൽ നിന്ന് മാതാവിന്റെ ഭവനത്തിലേക്കുള്ള എളുപ്പ വഴിക്ക് മുകളിലായാണ് റോഡ് നിർമിച്ചിരിക്കുന്നത് . പടവുകൾ നിറഞ്ഞ ആ വഴി താഴെ കാണാം . / നസ്റത്തിൽ തിരുക്കുടുംബം താമസിച്ചിരുന്ന ഭവനം, യൗസേപ് പിതാവിന്റെ പണിപ്പുര, യൗസേപ് പിതാവ് മരിച്ച സ്ഥലം , മംഗള വാർത്താ ദേവാലയം എന്നിവ സന്ദർശിച്ചു. ദൈവ ദൂതൻ പ്രത്യക്ഷപ്പെട്ട് , ” കൃപ നിറഞ്ഞവളെ സ്വസ്തി, കർത്താവ് നിന്നോടു കൂടെ ……” എന്ന സ്വർഗത്തിൽ നിന്നുള്ള ആദ്യത്തെ സന്ദേശം മുഴങ്ങിയ ഈ സ്ഥലത്ത് നിന്ന് മാതാവിന്റെ ഭവനത്തിലേക്ക് വെറും അഞ്ച് മിനിട്ട് നടപ്പു ദൂരം മാത്രം . മംഗളവാർത്ത അലയൊലി തീർത്ത ഇവിടെയാണ് മംഗള വാർത്താ ദേവാലയം. ഈശോ, യാസേപ് പിതാവിനും , മാതാവിനുമൊപ്പം താമസിച്ച നസ്റ്ത്തിലെ തിരുക്കുടുംബത്തിനു മുകളിൽ ബസലിക്കയാണ്. ആ വീട്ടിൽ അച്ചന്റെ നിർദ്ദേശപ്രകാരം കുടുംബത്തിലെ മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുമ്പോൾ ലഭിക്കുന്ന മന:സുഖം പറഞ്ഞറിയിക്കുക വയ്യ. / തുടർന്ന് കാർമൽ മലയിലേക്ക് . വിശുദ്ധ ബൈബിളിൽ ഏറെ പ്രാധാന്യത്തോടെ രേഖപ്പെടുത്തിയ സ്ഥലമാണ് കാർമൽ മല. ബാൽ ദേവന്റെ വെല്ലുവിളി സ്വീകരിച്ച ഏലിയ പ്രവാചകൻ, സ്വർഗത്തിൽ നിന്ന് അഗ്നിയിറക്കി ബലിയർപ്പിച്ച പുണ്യ സ്ഥലം . ഏലിയ പ്രവാചകൻ താമസിച്ച ഗുഹയിൽ മുട്ടുകുത്തി നമസ്ക്കരിച്ച് മണ്ണിൽ ചുംബിയ്ക്കുന്ന വിശ്വാസികൾ . ഇവിട വച്ച് , നല്ല മരണത്തിനായി അബ്രഹാമച്ചൻ ഓരോരുത്തർക്കും വെഞ്ചരിച്ച വെന്തിങ്ങ വിതരണം ചെയ്തു. തുടർന്ന് പലസ്തീൻ ബോർഡർ വഴി പലസ്തീൻ പട്ടണമായ ബത്ലഹേമിലേക്ക് മൂന്നു മണിക്കൂർ യാത്ര . ബത്ലഹേം എന്ന സൂചനാ ബോർഡുകൾ മനസിൽ നിറച്ച ആനന്ദം വർണനാതീതം. ഈശോയുടെ ജന്മ സ്ഥലത്തേക്കാണല്ലോ യാത്ര . അച്ചന്റെ നിർദ്ദേ പ്രകാരം ലഗേജുകൾ രാവിലെ തന്നെ ബസിൽ കയറ്റിയിരുന്നു. ക്ലബ് ഹോട്ടലിലെ താമസം അവസാനിച്ചു. ഇനി ഈശോയുടെ ജന്മനഗരമായ ബത്ലഹേമിൽ . സന്ധ്യയോടെ ബത്ലഹേമിലെ ഓറിയന്റ് പാലസ് ഹോട്ടലിൽ . ഡോ. ജെയിംസ് ഏവർക്കു കീ കാർഡുകൾ വിതരണം ചെയ്തു. മനോഹരമായ മുറിയാണ് ഇവിടുത്തേയും . ഡൈനിങ്ങ് ഹാളിൽ നിറയെ അതാ ഇഷ്ട വിഭവങ്ങൾ കാത്തിരിക്കുന്നു. അത്താഴ ശേഷം സുഖനിദ്രയിലേക്ക് . നാളത്തെ യാത്ര ഈശോയുടെ രക്തം വീണ കാൽവരിയിലേക്കാണ്. തുടരും …….