ബാബു ചെറിയാൻ കോഴിക്കോട് : 19-ാം തവണ വിശുദ്ധ നാട് സന്ദർശിച്ച പ്രശസ്ത വചന പ്രഘോഷകൻ കോട്ടയം കാഞ്ഞിരപ്പള്ളി രൂപതാ തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. അബ്രഹാം കടിയക്കുഴിയുടെ നേതൃത്വത്തിൽ വിശുദ്ധ നാട്ടിലേക്ക് 2022 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ എട്ട് വരെ ഞാനും ഭാര്യ സിസിയുമടക്കം 48 വിശ്വാസികൾ നടത്തിയ പരിഹാര പുണ്യ യാത്രയിൽ ഞാൻ നേരിട്ട് കണ്ടറിഞ്ഞ – കേട്ടറിഞ്ഞ വസ്തുതകളാണ് ഈ യാത്രാ വിവരണത്തിൽ കുറിയ്ക്കുന്നത്. എന്റെ ഉള്ളിൽ തട്ടിയ ഈ വസ്തുതകളത്രയും എന്റെ ബോധ്യമാണ്. ആ ബോധ്യങ്ങളാണ് ഈ യാത്രാവിവരണം. പണവും സമയവും ദൈവാനുഗ്രഹവും ഒത്തു ചേരുമ്പോഴാണ് നമുക്ക് ഒരു പുണ്യയാത്രയ്ക്കുള്ള അവസരം ദൈവം ഒരുക്കിത്തരുന്നത്. അബ്രഹാം മുതൽ ദാവീദ് വരെ 14 ഉം , ദാവീദ് മുതൽ ബാബിലോൺ പ്രവാസം വരെ 14 ഉം , ബാബിലോൺ പ്രവാസം മുതൽ ക്രിസ്തു വരെ 14 ഉം അങ്ങനെ മൊത്തം 42 തലമുറകൾ ക്രിസ്തു വരെ ഉണ്ടായതായി ബൈബിൾ ( മത്തായി 1:17 ) പറയുന്നു. നമ്മുടെ പൂർവ്വികരും , ഇപ്പോഴുള്ളതും , വരാനിരിക്കുന്നതുമായ 42 തലമുറകളുടെ പ്രതിനിധിയായാണ് ഈ പാപ പരിഹാര പുണ്യയാത്ര അബ്രഹാമച്ചൻ സംഘടിപ്പിക്കുന്നത് . യാത്രാ സംഘത്തിലെ അംഗങ്ങളെ ഒടുവിൽ പരിചയപ്പെടുത്താം. ഇസ്രായേൽ, ജോർദ്ദാൻ, പലസ്തീൻ എന്നീ മൂന്നു രാജ്യങ്ങളിലൂടെയായിരുന്നു ഞങ്ങടെ യാത്ര . അതിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരും , ഏതാനും വിദേശ മലയാളികളും അണിചേർന്നു. വീഞ്ഞോ മറ്റ് ലഹരി വസ്തുക്കളോ വാങ്ങാനോ , ഉപയോഗിക്കാനോ പാടില്ലെന്ന കർശന നിർദേശം പാലിക്കാൻ തയ്യാറായവരെ മാത്രമാണ് അച്ചൻ സംഘത്തിൽ ഉൾപ്പെടുത്തിയത് . അത് സുഗമമായ യാത്രയ്ക്ക് അനുഗ്രഹമാവുകയും ചെയ്തു. സെപ്റ്റംബർ 29 ന് വൈകിട്ട് മൂന്നിന് , യാത്രയുടെ കോ ഓർഡിനേറ്റർമാരായ ഡോ. ജെയിംസ് മാത്യു കുന്നപ്പള്ളി, ഭാര്യ ഡോ. ലിസ ജെയിംസ് എന്നിവരുടെ കോഴിക്കോട് എരഞ്ഞിപ്പാലം പാലാട്ടുതാഴത്തെ വസതിയിൽ കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഒൻപത് പേർ സമ്മേളിച്ചു. 3.40ന് ടെമ്പോ ട്രാവലറിൽ നെടുമ്പാശേരി വിമാന താവളത്തിലേക്ക് . രാത്രി എട്ടിന് അത്താഴ ശേഷം ഒൻപതിനോടെ വിമാന താവളത്തിൽ . മറ്റു ജില്ലകളിൽ നിന്നുള്ള ചിലരെല്ലാം നേരത്തെ എത്തിയിട്ടുണ്ട്. ചിലർ എത്തിക്കൊണ്ടിരിക്കുന്നു. ഇതിനിടെ ഫാ. അബ്രഹാം കടിയക്കുഴി വന്നു ചേർന്നു. തേജസ് നിറഞ്ഞ സൗമ്യമായ ആ മുഖം ഒറ്റനോട്ടത്തിലേ ഇഷ്ടമായി. പിന്നാലെ പ്രശസ്ത വചനപ്രഘോഷകൻ സാബു ജോസ് ആറുതൊട്ടിയിൽ കുടുംബ സമേതം എത്തി. ഭാര്യയും മക്കളും ബന്ധുക്കളുമടക്കം പത്ത് പേരാണ് യാത്രക്കായി വന്നിരിക്കുന്നത്. അച്ചനൊപ്പം ബ്രദർ സാബുവിന്റ അഞ്ചാമത് യാത്രയാണിത്./ വിമാന താവളത്തിലെ പതിവ് നടപടികൾക്ക് ശേഷം എയർ അറേബ്യ വിമാനത്തിൽ ഷാർജയിലേക്ക് . പുലർച്ചെ 3.55 ന് പുറപ്പെടേണ്ട വിമാനം മുക്കാൽ മണിക്കൂർ വൈകി 4.40 ന് പറന്നുയർന്നു. അഞ്ച് മണിയോടെ ഭക്ഷണമെത്തി, ചിക്കൻ ബിരിയാണിയാണ്. രുചികരമെങ്കിലും സമയം തെറ്റിയതിനാൽ പലരും കുറച്ചു മാത്രമേ കഴിച്ചുള്ളൂ. ആ വിമാനത്തിൽ ഞാനൊരു നല്ല ശമരിയക്കാരനെ നേരിൽ കണ്ടു. ഞങ്ങളുടെ സംഘത്തിൽ അല്ലാത്ത ഒരു വൃദ്ധ, ആദ്യ വിമാന യാത്രയിലെന്നപോലെ ആകെ അസ്വസ്ഥതപ്പെടുന്നു. ചുമയും ശാരീരിക വിഷമതകളും മൂലം ആ അമ്മ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. ഭക്ഷണം വിതരണം ചെയ്യുകയായിരുന്ന ക്യാബിൻ ക്രൂ – . യുവാവാണ് – വിദേശിയാണ് , ഓടിയെത്തി അമ്മയെ ആശ്വസിപ്പിക്കുന്നു. മലയാളത്തിലാണ് സാന്ത്വനിപ്പിക്കൽ . ” അമ്മേ, വീടാണെന്ന് കരുതിയാൽ മതി ” എന്നാശ്വസിപ്പിച്ച് കുടിവെള്ളം നൽകി പുറത്ത് തലോടുന്നു. ഇടവിട്ട വേളകളിൽ യുവാവ് ഓടിയെത്തുന്നുണ്ട്. അങ്ങനെയങ്ങനെ അമ്മ ശാന്തമായി, മെല്ലെ മെല്ലെ ഉറങ്ങി. പലരും നിദ്രയിലാണ്. രാവിലെ ഏഴിന് യു എ ഇ യിലെ ഷാർജ വിമാന താവളത്തിൽ. ഒന്നര മണിക്കൂറിന് ശേഷമാണ് അമ്മാനിലേക്കുള്ള എയർ അറേബ്യയുടെ കണക്ഷൻ ഫ്ലൈറ്റ്. ചെക്കിങ്ങിന് ശേഷം കൃത്യം 8.30 ന് ഷാർജയിൽ നിന്നും അമ്മാനിലേക്ക് . പകൽ 11.15 ന് അമ്മാനിൽ വിമാനമിറങ്ങി. ഈ വിമാനത്തിലും ഞങ്ങൾക്ക് പ്രത്യേകം ഭക്ഷണം ലഭിച്ചു. വിമാന താവളത്തിലെ പരിശോധനയ്ക്ക് ശേഷം ഓരോരുത്തരും ലഗേജുകൾ കൈപ്പറ്റി. തുടർന്ന് മേഴ്സിഡസ് ബെൻസിന്റ എ.സി ബസിൽ ജോർദ്ദാൻ അതിർത്തിയിലൂടെ ഇസ്രായേലിലേക്ക് . യാത്രയുടെ തുടക്കത്തിൽ അബ്രഹാം അച്ചന്റെ അഭിഷേക പ്രാർത്ഥന. ജപമാല ചൊല്ലി കാഴ്ച്ച വച്ചാണ് യാത്ര . വരണ്ടുണങ്ങിയ രാജസ്ഥാൻ മരുഭൂമി പോലെയാണ് പലയിടത്തും ജോർദ്ദാൻ . പഴയ കെട്ടിട അവശിഷ്ടങ്ങളെന്ന് തോന്നിപ്പിക്കുന്ന മൺകൂനകൾ ഇരു വശങ്ങളിലും . പൊരി വെയിലിൽ കണ്ണാടിപോലെ തിളങ്ങുന്ന വിശാലമായ ഭൂപ്രകൃതി. പച്ചപ്പേതും കാണാനായില്ല. വന്ധ്യയായ വൃദ്ധയുടെ ദേഹത്തെ ചുളിവുകൾ പോലെ വളഞ്ഞുപുളഞ്ഞ ഊഷര ഭൂമി. ആകാശം മുട്ടെ മണൽക്കാടുകൾ . ഇതിനിടെ വഴിയിലെ വൃത്തിയുള്ള ഹോട്ടലിൽ വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം. അത് കഴിക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിച്ച് അബ്രഹാമച്ചൻ ഓടിനടക്കുകയാണ്. ഭക്ഷണ ശേഷം ബസ് ഇസ്രായേൽ അതിർത്തിയിലേക്ക് . വൈകിട്ട് അഞ്ചിന് സാബത് ( ഹോളിഡേ) ആരംഭിക്കുന്നതിനാൽ അതിന് മുൻപായി അതിർത്തി കടക്കേണ്ടതുണ്ട്. അതിനാൽ നല്ല വേഗതയിലാണ് ബസിന്റെ പ്രയാണം. ഇളകിയ കൽക്കൂട്ടങ്ങൾ നിറഞ്ഞ ഊഷര ഭൂമി കിലോമീറ്ററുകൾ പിന്നിടുമ്പോൾ ഇടയ്ക്ക് ഈന്തപ്പന തോട്ടങ്ങൾ മിന്നിമറയുന്നു. സങ്കീർത്തനം 144 ലെ വരികൾ ഉദ്ധരിച്ച് ജപമാല സമർപ്പണത്തെക്കുറിച്ച് വാചാലനാവുമ്പോൾ അബ്രഹാമച്ചന് ഒരു പ്രവാചകന്റെ മുഖം . ” യുദ്ധം ചെയ്യാൻ എന്റെ കൈകളേയും, പടപൊരുതാൻ എന്റെ വിരലുകളേയും അവിടുന്ന് അഭ്യസിപ്പിച്ചു ” എന്ന സങ്കീർത്തന ഭാഗം ജപമാല സമർപ്പണവുമായി സാമ്യപ്പെടുത്തി അച്ചൻ കത്തിക്കയറുകയാണ് ……. ഇടയ്ക്ക് , അവിടവിടെ കേരള മോഡലിൽ ഓടിട്ട വീടുകൾ . വഴിയിലെങ്ങും ഒറ്റ മനുഷ്യ ജീവി പോലുമില്ല. വിരളമായി എതിർ ദിശയിൽ വരുന്ന വാഹനങ്ങൾ . പല നിറങ്ങളിലുള്ളതാണ് ഇരുവശങ്ങളിലും കാണുന്ന മൺകൂനകൾ . ” ന്നാ പോയി താൻ കേസ് കൊട് ” എന്ന് ആരേക്കൊണ്ടും പറയിപ്പിക്കാത്ത വിധത്തിൽ കുഴികളില്ലാത്ത മനോഹരമായ ടാർ റോഡുകൾ . അങ്ങു ദൂരെ പിരമിഡ് പോലെ കുന്നുകളെമ്പാടും. നമ്മുടെ നാട്ടിലെ കാറ്റാടി മരങ്ങൾ പോലെ ഇടയ്ക്കിടെ ഒലിവ് മരങ്ങൾ കാണാം. ഇളം പച്ചനിറമാണ് ഒലിവിലകൾക്ക് . യേശുക്രിസ്തുവിന്റ ചെറു ഛായയുള്ള ഗൈഡ് – അബ്രഹാം, സാറ, യേശുക്രിസ്തു – എന്നിവരെക്കുറിച്ച് മൈക്കിൽ സംസാരിച്ചു കൊണ്ടേയിരിക്കുന്നു. ഇംഗ്ലീഷാണ് ഭാഷ. പ്രസംഗം ശ്രദ്ധിക്കാതെ മിക്കവരും മയക്കത്തിലാണ് , യാത്രാക്ഷീണമാവാം. ഉരുൾപൊട്ടി വന്നതു പോലെ അവിടവിടെ സുവർണ്ണ നിറത്തിലുള്ള പാറക്കെട്ടുകൾ . മണ്ണിൽ നിർമിച്ച വിടുകളുടെ അവശിഷ്ടങ്ങൾ . ഇടയ്ക്ക് ചെറിയ അങ്ങാടികൾ . കടകൾ മിക്കതും അടഞ്ഞുകിടക്കുന്നു . എല്ലാ കടകളുടേയും ബോർഡിൽ ഫോൺ നമ്പർ വലിയ അക്കത്തിൽ എഴുതി വച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലേത് പോലെ തട്ടുകടകളോ, കുഴിമന്തി – അൽഫാം ബോർഡുകളോ എവിടേയുമില്ല. ചെടികളുടെ നേഴ്സറി, ഫാർമസി , സലൂൺ എന്നീ കടകൾ എല്ലാ അങ്ങാടികളിലുമുണ്ട്. ഇടയ്ക്ക് , Dirar bin al azar എന്ന സൂചനാ ബോർഡ്. ഇതിനിടയ്ക്ക് ചെഗുവരെയുടെ കൂറ്റൻ ചിത്രം ആലേഖനം ചെയ്ത ബോർഡ് കണ്ടു , സലൂണാണ്. ഇവിടേയും ചെഗുവരെയോ എന്ന് അത്ഭുതം കൂറിയപ്പോൾ, ” പ്രവർത്തികൊണ്ട് യേശു ക്രിസ്തുവും ഒരു കമ്യൂണിസ്റ്റായിരുന്നല്ലോ ” എന്ന് ആരുടേയോ കമന്റ്. മിക്ക ബോർഡുകളും അറബിയിലാണ് , അതിനാൽ ഒന്നും വായിച്ചെടുക്കാനായില്ല. അങ്ങനെ വൈകിട്ട് നാലു മണിയോടെ ജോർദ്ദാൻ – ഇസ്രായേൽ ബോർഡറിലെത്തി. ജോർദ്ദാൻ ചെക്ക്പോസ്റ്റിൽ ആദ്യ ചെക്കിങ്ങ് . യന്ത്രവത്കൃത തോക്കിൻമുനയിലൂടെ ബസ് മെല്ലെ മെല്ലെ മുന്നോട്ട് . 25 ൽ താഴെ പ്രായമുള്ള യുവതി യുവാക്കളാണ് സൈനിക – പോലിസ് വേഷങ്ങളിൽ കാവൽ നിൽക്കുന്നത്. ജോർദ്ദാൻവാലി അതിർത്തി കഴിഞ്ഞാലുടൻ ഇസ്രായേൽ ചെക്ക്പോസ്റ്റാണ്. ജോർദ്ദാനിൽ നിന്ന് വരുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് ഇസ്രായേലിലേക്കും, തിരിച്ചും പ്രവേശനമില്ലാത്തതിനാൽ ഇവിടെ വച്ച് ബസും , ഡ്രൈവറും, ഗൈഡും മാറുന്നു. ബസിൽ നിന്നിറക്കിയ ലഗേജുമായി നിരനിരയായി ഇസ്രായേൽ ചെക്ക്പോസ്റ്റിലേക്ക് . അവിടെ കർശന പരിശോധനയാണ്. വലിയ ലഗേജുകൾ എക്സറേ സ്കാനറിലൂടെ കടത്തി വിട്ടു. ചെക്ക്പോസ്റ്റിലെ മുഴുവൻ ഉദ്യോഗസ്ഥരുടേയും തോളിൽ Ak 47 തോക്കുകൾ . ഒരു ഇംഗ്ലീഷ് വാർ സിനിമ കാണുന്ന പ്രതീതി. ചിലർ അരപ്പട്ടയിൽ റിവോൾവർ സൂക്ഷിച്ചിട്ടുണ്ട് . ഓരോരുത്തരേയും അരിച്ചു പെറുക്കി പരിശോധിച്ച്, പാസ്പോർട്ട് വെരിഫൈ ചെയ്ത ശേഷം ഇസ്രായേലിലേക്ക് പ്രവേശിക്കാനുള്ള ടൂറിസ്റ്റ് പെർമിറ്റ് ലഭിച്ചു. സർവ്വ ലഗേജുമായി വീണ്ടും അടുത്ത ബസിലേക്ക് , ഇതും മേഴ്സിഡസ് ബെൻസാണ്. റോഡിൽ മേഴ്സിഡസ് ബെൻസാണ് കൂടുതൽ . ടയോട്ടയുടെ വാഹനങ്ങളും യഥേഷ്ടമുണ്ട്. മകൻ ജോലി ചെയ്യുന്ന കമ്പനിയായതിനാൽ മേഴ്സിഡസ് ബെൻസ് കാണുമ്പോൾ ഉള്ളിലൊരു സംതൃപ്തി . 57 കി.മീറ്ററുകൾ അകലെ തിബാരിയോസ് കടപ്പുറത്തെ ക്ലബ് ഹോട്ടലിലേക്ക് യാത്ര തുടർന്നു. അവിടെയാണ് അടുത്ത രണ്ട് ദിവസം താമസം. ഇരുൾ പരന്നു തുടങ്ങിയപ്പോൾ ഞങ്ങൾ തിബാരിയോസ് കടപ്പുറത്തെ ക്ലബ് ഹോട്ടലിലെത്തി . കോ ഓർഡിനേറ്ററും ഗ്രൂപ്പിന്റ നെടുംതൂണുമായ ഡോ. ജെയിംസ് ഓരോരുത്തരുടേയും മുറികളുടെ കീ കാർഡുകൾ വിതരണം ചെയ്തു. നല്ല വൃത്തിയുള്ള മനോഹരമായ മുറികൾ . ബസുകളിലും ഹോട്ടലിലും വൈഫൈ ഉള്ളതിനാൽ എല്ലാവർക്കും വീട്ടുകാരുമായി ബന്ധപ്പെടാനാവുന്നുണ്ട്. ക്ലബ് ഹോട്ടലിലെ വിശാലമായ ഡൈനിങ്ങ് ഹാളിൽ അത്താഴം . കണ്ടിട്ടില്ലാത്ത പലതരം വിഭവങ്ങൾ . ഒലിവെണ്ണയിൽ തയ്യാറാക്കിയ പല വിഭവങ്ങളുടെയും രുചി നമുക്ക് പിടിക്കില്ല. പക്ഷെ നമുക്ക് പറ്റിയ ഒരുപാട് ഐറ്റങ്ങൾ ഒരുക്കിയിട്ടുണ്ട്. ബുഫെ ആയതിനാൽ സാവധാനം തിരഞ്ഞ് ഭക്ഷണമെടുക്കാനായി . വലിയ മത്സ്യം പ്ലേറ്റിലിട്ട പലർക്കും അരുചി മൂലം അത് ഉപേക്ഷിക്കേണ്ടി വന്നു. പുഴുങ്ങിയ മത്സ്യത്തിന് മസാല വേറെ ചേർത്താലെ ഭക്ഷിക്കാനാവൂ. തുടുത്ത് മനോഹരമായ ആപ്പിൾ, ചുവന്ന ഈത്തപ്പഴം, മധുരമുള്ള പിയർ പഴങ്ങൾ എന്നിവ ഇഷ്ടം പോലെയുണ്ട്. തീൻ മുറിയുടെ വിശാലമായ കണ്ണാടി ജാലകത്തിലൂടെ, തിബേരിയോസ് കടലിലെ ദീപാലംകൃത യാനങ്ങൾ ഒഴുകി നീങ്ങിക്കൊണ്ടിരിക്കുന്നു. അത്താഴ ശേഷം അവരവരുടെ മുറികളിലേക്ക് . പിറ്റേന്ന് ഉണരേണ്ട സമയം, യാത്ര പോകുന്ന സ്ഥലങ്ങൾ എന്നിവയെക്കുറിച്ച് അബ്രഹാമച്ചൻ വിശദീകരിച്ചു തന്നു. ഒക്ടോബർ ഒന്നിലെ യാത്ര – തുടരും ……
Related Articles
August 20, 2024
142
ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവിടാതിരുന്നത് മന്ത്രി ഉള്പ്പെടുന്ന പവര്ഗ്രൂപ്പ് കാരണം : വിനയന്
August 29, 2024
112
ഭാര്യയുമായി രഹസ്യബന്ധം, വിമാനത്താവളത്തില് കത്തിയുമായെത്തി യുവാവിന്റെ കഴുത്തറത്തു
September 13, 2022
230