
കോഴിക്കോട്: ഹണിട്രാപ്പിൽ പെടുത്തി വയനാട് സ്വദേശി തട്ടിപ്പുവീരൻ മുഹമ്മദ് റഹീസിനെ (23) തട്ടിക്കൊണ്ടുപോയകേസിൽ പ്രതികളായ സുൽത്താൻ ബത്തേരി സ്വദേശികളായ മരുതോലിൽ വീട്ടിൽ അഭിരാം (21 ), വിഷ്ണു നിവാസിൽ ജിഷ്ണു (24 ), പുളിക്കൽ വീട്ടിൽ അബു താഹിർ (24 ), തെങ്ങാനി വീട്ടിൽ മുഹമ്മദ് അർസെൽ (21 ), പാലത്തി വീട്ടിൽ മുഹമ്മദ് സിനാൻ (22 ), വടക്കേ കാഞ്ഞിരത്തിൽ അരവിന്ദ് (19 ), മടപ്പള്ളി വീട്ടിൽ ജുനൈസ് (21 ), മലപ്പുറം പന്നിപ്പാറ സ്വദേശി പാലപ്പറ്റ കരിമ്പനക്കൽ വീട്ടിൽ മുഫ്തിയാസ് (34 ), പടിഞ്ഞാറേത്തറ സ്വദേശിനി അരപ്പറ്റ കുന്ന് വീട്ടിൽ ഷഹാന ഷെറിൻ (20 ) എന്നിവരെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. നടക്കാവ് സ്റ്റേഷൻ ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതികളെ കക്കാടംപൊയിലിൽ പിടികൂടിയത്.
29.08.2025 ന് പുലർച്ചെ ഒരു മണിയോടെ എരഞ്ഞിപ്പാലം ജവഹർ നഗറിലുള്ള ഗോൾഡൻ വില്ല ലേഡീസ് ഹോസ്റ്റലിന് മുൻവശം വെച്ച് വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ മുഹമ്മദ് റഹീസിനെ ഹരിയാന രജിസ്ട്രേഷൻ നമ്പറിലുള്ള ഇന്നോവ കാറിൽ വന്ന പ്രതികൾ മർദിയ്ക്കുകയും, ബലമായി തട്ടിക്കൊണ്ടു പോകുകയായിരുന്നു, പ്രതികളിൽ ഒരാളായ അഭിരാമിനെ കബളിപ്പിച്ച് തട്ടിയെടുത്ത45 ലക്ഷം രൂപ വീണ്ടെടുക്കുന്നതിനാണ് റഹിസിനെ തട്ടിക്കൊണ്ടുപോയത്. സാരമായി പരിക്കേറ്റ റഹീസ് മെഡിക്കൽ കോളജിലെ പോലിസ് സെല്ലിൽ ചികിത്സയിലാണ്. ഇയാളെ പിന്നീട് വയനാട് പോലിസിന് കൈമാറും. സബ്ബ് ഇൻസ്പെക്ടർ ഷിജു, SCPO മാരായ സന്ദീപ് ശശീധരൻ, മുഹമ്മദ് റഷീദ്, CPO മാരായ വിപിൻ, സാജിക്ക് എന്നിവർ കൂടി ചേർന്ന അന്വേഷണ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.




