
കോഴിക്കോട്: കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ മടവൂരിൽ വെച്ച് കോഴിക്കോട് അഴിഞ്ഞിലം സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പിൽപ്പെടുത്തി പണം കവർന്ന കേസിലെ പ്രതികളായ ആലപ്പുഴ മാവേലിക്കര സ്വദേശിനി ഇടയിലെ വീട്ടിൽ ഗൗരി നന്ദ (20 ), മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ പാണഞ്ചേരി വീട്ടിൽ അൻസിന (28 ), പാണഞ്ചേരി വീട്ടിൽ മുഹമ്മദ് അഫീഫ് (30 ) എന്നിവരെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
രാമനാട്ടുകരയിലുള്ള പരാതിക്കാരന്റെ ഷോപ്പിൽ വെച്ച് പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച ആലപ്പുഴ സ്വദേശിനിയായ യുവതി 05.09.2025 തിയ്യതി വൈകുന്നേരത്തോടെ പരാതിക്കാരനെ മടവൂർ വെള്ളാരുകുന്നുമ്മലുള്ള വീട്ടിലേയ്ക്ക് വിളിച്ചു വരുത്തുകയും, നഗ്നനാക്കി ഫോട്ടോ എടുക്കുകയും പിന്നീട് ഫോൺ പിടിച്ചു പറിച്ച് ഗൂഗിൾ പേ വഴി 1,35,000/ രൂപ ഒരു പ്രതിയുടെ അക്കൌണ്ടിലേക്ക് അയക്കുകയും, വീണ്ടും സഹൃത്തിന്റെ ഗൂഗിൾ പേ വഴി 10,000/- രൂപയും കൈവശപ്പെടുത്തി നഗ്നവീഡിയോ വീട്ടുകാർക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കുന്ദമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, പണം ട്രാൺസ്ഫർ ചെയ്ത മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതികളുടെ അഡ്രസ്സ് മനസ്സിലാക്കുകയും, തുടർന്ന് സൈബർസെല്ലുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ ലൊക്കേഷൻ കോഴിക്കോട് മാനാഞ്ചിറയാണെന്ന് മനസ്സിലാക്കുകയായുരുന്നു. തുടർന്ന് കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരണിന്റെ നിർദേശപ്രകാരം സബ്ബ് ഇൻസ്പെക്ടർ നിധിൻ, SCPO വിപിൻ, CPO നീതു എന്നിവർ ചേർന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികൾ സമാന രീതിയിൽ മറ്റ് ആരെയെങ്കിലും ഹണി ട്രാപ്പിൽപ്പെടുത്തി പണം കവർന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.