KERALAlocaltop news

ഹേമചന്ദ്രൻ്റെ കൊലപാതകം: മൊബൈൽ ഫോൺ കണ്ടെത്താൻ പോലീസ് കർണാടകയിലേക്ക്

* ഉളിക്കൽ- ഗുണ്ടൽപേട്ട സ്വദേശിനികളെ ഉടൻ പിടികൂടും

കോഴിക്കോട് : ഒന്നര വർഷം മുൻപ് കാണാതായ വയനാട് സ്വദേശി റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ ഹേമചന്ദ്രൻ്റെ മൃതദേഹം തമിഴ്നാട് ചേരമ്പാടി വനത്തിൽ നിന്ന് കുഴിച്ചെടുത്ത സംഭവത്തിൽ ഹേമചന്ദ്രൻ്റെ മൊബൈൽ ഫോൺ കണ്ടെത്താൻ ഊർജിത അന്വേഷണം. ഫോൺ സിം ഊരിമാറ്റി കർണാടകയിൽ ഒരു മലഞ്ചെരുവിലെ പാറക്കെട്ടുകൾക്കിടയിൽ ഒളിപ്പിച്ചതായി പ്രതി വള്ളുവാടി കിടങ്ങനാട് സ്വദേശി അജേഷ് ( 27) മൊഴിനൽകി. ഫോൺ കണ്ടെത്താനായി അന്വേഷണ സംഘം അജേഷുമായി ഇന്ന് കർണാടകയിൽ തിരച്ചിൽ നടത്തും. ഹേമചന്ദ്രനെ കൊലപ്പെടുത്തിയ ശേഷം ഈ ഫോണിൽ നിന്ന് ഹേമചന്ദ്രൻ്റെ ശബ്ദത്തിൽ മക്കളോടും ബന്ധുക്കളോടും സംസാരിച്ചിരുന്നു. ബിസിനസ് ആവശ്യത്തിന് പുറത്തുപോയാൽ പെട്ടെന്നൊന്നും ഹേമചന്ദ്രൻ മടങ്ങി വരാറില്ലാത്തതിനാൽ ബന്ധുക്കളും മറ്റും അത് വിശ്വസിച്ചു. ഒരിക്കൽ അഛൻ്റെ ശബ്ദത്തിൽ മാറ്റമുണ്ടല്ലോ എന്ന് മകൾ ഫോണിൽ സംശയം ഉന്നയിച്ചപ്പോൾ – അഛന് ജലദോഷമാണെന്ന് മറുപടി നൽകി അജേഷ് കബളിപ്പിച്ചു. കേസിലെ ഒന്നാം പ്രതിയും ബത്തേരിയിലെ ഡ്രൈവർ കം റെൻ്റ് എ കാർ ഉടമ നൗഷാദിനെ ഉടൻ കോഴിക്കോട്ടെത്തിക്കാൻ പോലീസ് നീക്കം തുടങ്ങി. സംഭവത്തിൽ പങ്കുള്ളതായി സംശയിക്കുന്ന രണ്ട് യുവതികളെയും ഉടൻ പിടികൂടും. ഇതിൽ കണ്ണൂർ ഉളിക്കൽ പുളിക്കൽ സ്വദേശിനിയായ യുവതി ദുബൈയിൽ ഹോം നഴ്സാണ്. മറ്റേ യുവതി ഗുണ്ടൽപേട്ട സ്വദേശിനിയും. ഇവരെ ഉപയോഗിച്ചാണ് നൗഷാദ് ഹേമചന്ദ്രനെ കെണിയിൽ വീഴ്ത്തിയത്. കഴിഞ്ഞ ദിവസം ചേരമ്പാടി വനത്തിൽ നിന്ന് കണ്ടടുത്ത ഹേമചന്ദ്രൻ്റെ തെന്ന് കരുതുന്ന മൃതദേഹത്തിൻ്റെ സാമ്പിൾ ഇന്ന് ഡി എൻ എ ടെസ്റ്റിനായി ഫോറൻസിക് ലാബിന് കൈമാറും. നാല് ദിവസത്തിനകം റിസൾട്ട് ലഭിച്ച ശേഷമാവും ഒന്നാം പ്രതി നൗഷാദിനെ സൗദിയിൽ നിന്ന് കോഴിക്കോട്ടെത്തിക്കുക. മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി.കെ. ജിജീഷിൻ്റെ നേതൃത്വത്തിലാണ് പഴുതടച്ച അന്വേഷണം നടക്കുന്നത്. ഹേമചന്ദ്രൻ്റെ മൊബൈൽ ഫോൺ ഇന്ന് കണ്ടെത്തിയാൽ കൂടുതൽ തെളിവ് ലഭിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close