Politics
ഐ.സി.യു. പീഡനം : ലൈംഗികാതിക്രമ കേസുകളിൽ പരിശോധന കുറ്റമറ്റതാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : ഗൗരവ സ്വഭാവമുള്ള ലൈംഗികാതിക്രമ കേസുകളിൽ കുറ്റമറ്റ രീതിയിൽ മെഡിക്കോ-ലീഗൽ പരിശോധന നടത്തേണ്ടത് അതാത് ആശുപത്രികളിലെ ബന്ധപ്പെട്ട വകുപ്പിലെ മുതിർന്ന ഡോക്ടറായിരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
ഇല്ലെങ്കിൽ മുതിർന്ന ഡോക്ടർമാരുടെ മേൽനോട്ടത്തിൽ, ഇത്തരം പരിശോധനകൾ നടത്താൻ പരിശീലനം ലഭിച്ച ഡോക്ടർ പരിശോധന നടത്തണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
സ്ത്രീകൾ മാത്രമുള്ള വാർഡുകളിൽ പുരുഷ അറ്റൻഡർമാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും പുരുഷ അറ്റൻഡർമാർ മാത്രമുള്ള സാഹചര്യത്തിൽ രോഗിയുടെ കൂട്ടിരിപ്പുകാരെ രോഗിക്ക് ഒപ്പം നിർത്തണമെന്നും ഉത്തരവിൽ പറഞ്ഞു.
മെഡിക്കോ-ലീഗൽ പരിശോധന നടത്തുന്ന ഡോക്ടർമാരെ സഹായിച്ച ഡോക്ടർമാർ, നഴ്സുമാർ എന്നിവരുടെ വിവരങ്ങൾ കൂടി മെഡിക്കൽ ലീഗൽ സർട്ടിഫിക്കറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തണം. പരിശോധനാവേളയിൽ അതിജീവിതയുടെ ബന്ധുക്കളുണ്ടെങ്കിൽ ആ വിവരവും സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തണം. അതിജീവിത പറയുന്നത് അവരുടെ ഭാഷയിൽ, അവരുടെ അതേ വാചകങ്ങളിൽ രേഖപ്പെടുത്തി അതിജീവിതയെയും കൂട്ടിരിപ്പുകാരെയും വായിച്ച് കേൾപ്പിച്ച് മെഡിക്കോ-ലീഗൽ സർട്ടിഫിക്കറ്റിൽ അവരുടെ ഒപ്പ് രേഖപ്പെടുത്തുന്നതിന്റെ നിയമസാധുത പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഉത്തരവ് കൈപ്പറ്റി മൂന്നുമാസത്തിനുള്ളിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആരോഗ്യവകുപ്പു സെക്രട്ടറിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐ.സി.യു. വിൽ ആശുപത്രി ജീവനക്കാരൻ രോഗിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്ന അതിജീവിതയുടെ പരാതിയിലാണ് ഉത്തരവ്.
മനുഷ്യാവകാശ കമ്മീഷൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് സ്വീകരിച്ചുകൊണ്ടാണ് കമ്മീഷൻ ഉത്തരവിട്ടത്.
ഐ.ജി. കെ. സേതുരാമന്റെ റിപ്പോർട്ടിൽ ഉദ്യോഗസ്ഥതലത്തിൽ വീഴ്ച കണ്ടെത്തിയാൽ തക്ക നടപടി വേണം :
കെ. ബൈജുനാഥ്
കോഴിക്കോട് : മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നോർത്ത് സോൺ ഐ.ജി. കെ. സേതുരാമൻ ഐ.സി യു പീഡന അതിജീവിതയുടെ പരാതിയെക്കുറിച്ച് നടത്തുന്ന അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാൽ ആരോഗ്യവകുപ്പ് തക്കതായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ കമ്മീഷന്റെ ഇടപെടൽ തൽക്കാലം ആവശ്യമില്ലെന്നും ഉത്തരവിൽ പറഞ്ഞു. എന്നാൽ ഭാവിയിൽ സമാനപരാതികൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടിയുണ്ടാകണമെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.
അതിജീവിത എന്ന നിലയിൽ തന്നെ ആരും സഹായിച്ചില്ലെന്നും തനിക്ക് സംരക്ഷണം നൽകുന്നതിന് പകരം പ്രതിക്ക് സഹായം നൽകാനാണ് ഗൂഡാലോചന നടന്നതെന്നും അതിജീവിത കമ്മീഷനെ അറിയിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നാണ് കമ്മീഷൻ അന്വേഷണവിഭാഗം കണ്ടെത്തിയത്.