തിരുവമ്പാടി : മോട്ടോർ വാഹനനിയമം മറികടന്ന് സ്വകാര്യ വാഹനത്തിൽ സ്ഥാപിച്ച -കേരള സ്റ്റേറ്റ് യൂനിറ്റ് അംബാസഡർ – സൂചനാ ബോർഡ് കൊടുവള്ളി ജോയിൻ്റ് ആർടിഒ ഊരി മാറ്റിച്ചു. ഹ്യൂമൻ റൈറ്റ്സ് ആൻ്റ് സോഷ്യൽ ജസ്റ്റിസ് മിഷൻ അംബാസഡർ എന്ന പേരിൽ മലയോര മേഖലയിൽ തലങ്ങും വിലങ്ങും ഓടിച്ച വാഹനമാണ് പരാതിയെ തുടർന്ന് കൊടുവള്ളി ജോയൻറ് ആർടിഒ ബിജോയ് തിങ്കളാഴ്ച്ച കസ്റ്റഡിയിലെടുത്തത്. വാഹനത്തിൻ്റെ ഉടമയായി ഹാജരായ ഫാ. പോൾ മരിയ പീറ്റർ താൻ മുംബെ ആസ്ഥാനമായ മനുഷ്യാവകാശ പ്രസ്ഥാനത്തിൻ്റെ ഔദ്യോഗിക വക്താവാണെന്നും ഹെഡ് ഓഫീസിൻ്റെ നിർദ്ദേശപ്രകാരമാണ് ബോർഡ് വച്ചതെന്നും വാദിച്ചെങ്കിലും നിയമലംഘനം ഉടനടി നീക്കം ചെയ്യിച്ചാണ് വാഹനം വിട്ടുകൊടുത്തത്. സ്വകാര്യ വാഹനങ്ങളിൽ യാതൊരുവിധ ബോർഡും വയ്ക്കാൻ നിയമം അനുവദിക്കുന്നില്ല. സൂചനാ ബോർഡിൽ – അംബാസഡർ, കേരള സ്റ്റേറ്റ് യൂനിറ്റ് – തുടങ്ങിയ വാചക കസർത്ത് കണ്ട് വാഹനം സംസ്ഥാന മനുഷ്യാവകാശ കമീഷൻ്റേതാണെന്ന് നാട്ടകാരിൽ പലരും തെറ്റിദ്ധരിച്ചിരുന്നു. വാഹനത്തിൻ്റെ മുൻപിലും പിൻപിലും ഇങ്ങനെ ബോർഡ് സ്ഥാപിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരം ചില പൊതു പ്രവർത്തകരാണ് പോലീസിനേയും മോട്ടോർ വാഹന വകുപ്പിനേയും അറിയിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ച ഈ വാഹനം തിരുവമ്പാടി പഞ്ചായത്ത് ബസ്സ്റ്റാൻ്റിൽ മണിക്കൂറുകളോളം നിർത്തിയിട്ടിരുന്നു. അംബാസഡർ എന്നറിയപ്പെടുന്ന വൈദികനെ നാട്ടിലാർക്കും പരിചയമില്ല. രാജ്യത്തു സമാധാനം, സമൃദി, സാഹോദര്യം, ഐക്യദാർഢ്യം എന്നിവ വളർത്തുക. തുല്യത, നീതി, സ്വാതന്ത്ര്യം, സുരക്ഷ, ശാക്തീകരണം, നല്ല വിദ്യാഭ്യാസം, നല്ല ചികിത്സ, മാനുഷിക പരിഗണന എന്നിവ ഉറപ്പാക്കുക ഇവയ്ക്കുവേണ്ടി പ്രവർത്തിക്കുക എന്നിവയാണ് ഈ ഓർഗനൈസേഷൻന്റെ ലക്ഷ്യമെന്നാണ് ഫാ. പോൾ കൊടുവള്ളി ജോയിൻ്റ് ആർടിഒയോട് അവകാശപ്പെട്ടത് .
Related Articles
Check Also
Close-
കോഴിക്കോട് ആസ്റ്റര് മിംസിന് ധനലക്ഷ്മി ബാങ്കിന്റെ ആദരം
August 19, 2020