KERALAPolitics

പുതിയ നിയമം തെറ്റിച്ചാൽ സ്ഥാനാർത്ഥി ജയിച്ചാലും പിടിവീഴും

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞു.പലയിടത്തും സ്ഥാനാർത്ഥികളെ നിശ്ചയിച്ചു.എന്നാൽ ഇതിനിടയിൽ തന്നെ ചില നിയമങ്ങളെ കുറിച്ചും ചിലവുകളെ കുറിച്ചുമൊക്കെ സ്ഥാനാർത്ഥികളും അധികൃതരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.ഇല്ലെങ്കിൽ പണികിട്ടുമെന്ന കാര്യത്തിൽ സംശയം വേണ്ട.ഇപ്പോഴിതാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാവുന്ന പരമാവധി തുക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമായി നിശ്ചയിച്ചിരിക്കുകയാണ്.ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് പരമാവധി 25,000 രൂപ മാത്രമേ ചെലവഴിക്കാൻ അനുവദിക്കൂ. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഈ പരിധി 75,000 രൂപയായി ഉയരുന്നു, അതേസമയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 1,50,000 രൂപ വരെ ചെലവഴിക്കാം. മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിലും പരമാവധി 75,000 രൂപയാണ് അനുവദനീയമായ തുക, എന്നാൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഇത് 1,50,000 രൂപ വരെയെത്തുന്നു. ഈ തുകകൾ സ്ഥാനാർത്ഥിയോ അവരുടെ തിരഞ്ഞെടുപ്പ് ഏജന്റോ ചെലവഴിക്കാവുന്ന പരമാവധി പരിധിയാണ്, ഇത് കർശനമായി പാലിക്കേണ്ടതുമാണ്.

more news:കള്ള നോട്ട് വേട്ടയിൽ രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ.

തിരഞ്ഞെടുപ്പ് ചെലവുകളുടെ സുതാര്യത ഉറപ്പാക്കുന്നതിനായി ഓരോ ജില്ലയിലും പ്രത്യേക ചെലവ് നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും തങ്ങളുടെ ചെലവ് കണക്കുകൾ ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് സമർപ്പിക്കേണ്ടത് നിർബന്ധമാണ്. ഈ കണക്കുകൾ www.sec.kerala.gov.in എന്ന വെബ്സൈറ്റിലെ Election Expenditure Module വഴി ഓൺലൈനായി ലോഗിൻ ചെയ്ത് സമർപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിച്ച ദിവസം മുതൽ ഫലപ്രഖ്യാപന ദിവസം വരെയുള്ള കാലയളവിലെ എല്ലാ ചെലവുകളും ഈ കണക്കിൽ ഉൾപ്പെടുത്തണം.ചെലവ് കണക്കിനൊപ്പം രസീതുകൾ, വൗച്ചറുകൾ, ബില്ലുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കേണ്ടതാണ്, എന്നാൽ ഒറിജിനൽ രേഖകൾ സ്ഥാനാർത്ഥി സ്വന്തമായി സൂക്ഷിക്കുകയും ആവശ്യപ്പെട്ടാൽ പരിശോധനയ്ക്ക് ഹാജരാക്കുകയും വേണം. ചെലവ് കണക്ക് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയാൽ അല്ലെങ്കിൽ നിശ്ചിത പരിധിക്കതീതമായി തുക ചെലവഴിച്ചതായി കണ്ടെത്തിയാൽ, തെറ്റായ വിവരങ്ങൾ നൽകിയതായി ബോധ്യപ്പെട്ടാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആ സ്ഥാനാർത്ഥിയെ അഞ്ച് വർഷത്തേക്ക് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ അംഗമായി തുടരുന്നതിനോ അയോഗ്യനാക്കും. ഈ അയോഗ്യത ഉത്തരവ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ അഞ്ച് വർഷത്തേക്ക് ബാധകമായിരിക്കും.അതുകൊണ്ട് തന്നെ ചട്ടങ്ങളനുസരിച്ച് വേണം സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിനിറങ്ങാൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close