
കോഴിക്കോട്: ഇൻസ്റ്റാഗ്രാമിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയെയും സ്ത്രീകളുടെ വ്യാജ വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതിയായ മലപ്പുറം ജില്ലയിലെ മാറാഞ്ചേരി വെള്ളത്തിങ്കൽ സ്വദേശിയായ മുഹമ്മദ് ഫുവാദിനെ ( 32) ആണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ യുവതിയെ ഇൻസ്റ്റാഗ്രാമിലൂടെ ഒരു സ്ത്രീയുടെ വ്യാജ അക്കൗണ്ടിലൂടെ പരിചയപ്പെടുകയും യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജനഗ്ന ഫോട്ടോകൾ ഉണ്ടാക്കുകയും ആയത് ബന്ധുക്കൾക്കും ഭർത്താവിനും അയച്ചു കൊടുത്ത് പണം ആവിശ്യപ്പെട്ടെന്ന പരാതിയിന്മേൽ പന്നിയങ്കര പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരവെയാണ് പ്രതി മലപ്പുറം മാറഞ്ചേരി ഭാഗത്ത് വെച്ച് പോലീസ് പിടിയിൽ ആകുന്നത്. പ്രതിയുടെ കൈവശത്തുനിന്നും നിരവധി ഫോണുകളും സിം കാർഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ വിവിധ ഫ്രണ്ട്സ് ആപ്പുകൾ വഴി നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ കബളിപ്പിച്ച് പണം തട്ടിയതായി പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നും അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ആറോളം ഇൻസ്റ്റഗ്രം അക്കൗണ്ടും നിരവധി ഫേസ് ബുക്ക് അക്കൗണ്ടും ഉപയോഗിച്ചാണ് പ്രതി തട്ടിപ്പ് നടത്തി വന്നത്. ഖത്തറിൽ ഡ്രൈവർ ആയിരുന്ന പ്രതി ഒരുവർഷം മുൻപാണ് നാട്ടിലെത്തിയത്. ഗൾഫിലെ വിവിധ നമ്പറുകൾ സംഘടിപ്പിച്ചാണ് പ്രതി സ്ത്രീകളുമായി ചാറ്റ് ചെയ്തിരുന്നത്. പ്രതിയുടെ മരണപ്പെട്ട ഉമ്മയുടെ പേരിലും പ്രതി വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും അതിലൂടെയും പെൺകുട്ടികളുമായി ചാറ്റ് ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളുടെ പേരിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങുകയും സ്ത്രീ ആണെന്ന രീതിയിൽ ആണ് പ്രതി ആദ്യം സ്ത്രീകളുമായി ചങ്ങാത്തത്തിൽ ആവുന്നത്. തുടർന്ന് അവരെ വീഡിയോ കാളിലേക്ക് ക്ഷണിക്കുകയും വീഡിയോ കാൾ ഓൺ ആവുന്ന സമയം പ്രതി സ്വന്തം ലൈംഗിക അവയവം അവരെ കാണിക്കുകയും ആയതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയുമാണ് പ്രതിയുടെ രീതി. ഇത്തരത്തിലുള്ള സ്ക്രീൻ ഷോട്ട് ഭർത്താക്കന്മാർക്കും ബന്ധുക്കൾക്കും അയച്ചു കിട്ടിയാൽ അത് മൂലം ഉണ്ടാകുന്ന മാനക്കേട് ഓർത്ത് പലരും പ്രതി ആവിശ്യപ്പെടുന്ന പണം നൽകിയതായും പൊലീസിന്റെ അന്വേഷണത്തിൽ വെളിവായിട്ടുണ്ട്. ഫറോക്ക് അസ്സി: കമ്മീഷണർ എ എ സിദ്ദിഖ്, പന്നിയങ്കര പോലീസ് ഇൻസ്‌പെക്ടർ സതീഷ് കുമാർ, ഫറോക്ക് ക്രൈം സ്ക്വാഡ് അംഗങ്ങളായ ASI അരുൺകുമാർ മാത്തറ, SCPO മാരായ വിനോട് ഐ ടി, മധുസുദനൻ മണക്കടവ്, അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു എന്നിവരും പന്നിയങ്കര സ്റ്റേഷനിലെ SCPO മാരായ ആയ വിജേഷ്, ഷിനിൽജിത്ത്, ദിലീപ് എന്നിവരായിരുന്നു പ്രതികളെ പിടിച്ച അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻറ് ചെയ്തു.