KERALAlocaltop news

കോഴിക്കോട്‌ കോർപറേഷന്‌ ഐഎസ്‌ഒ അംഗീകാരം

കോഴിക്കോട് :

മികച്ച പൊതുജനസേവനം നൽകുന്നതിന്‌ കോഴിക്കോട്‌ കോർപറേഷന്‌ ഐഎസ്‌ഒ അംഗീകാരം. വിവിധ സേവനങ്ങൾക്കൊപ്പം സർക്കാർ പദ്ധതികൾക്ക്‌ നൽകുന്ന കാര്യക്ഷമമായ പിന്തുണ സംവിധാനങ്ങളും പരിഗണിച്ചാണ്‌ മികച്ച മാനേജ്‌മെന്റ്‌ സിസ്‌റ്റം വിഭാഗത്തിലെ അംഗീകാരം. നേരിട്ടും ഓൺലൈൻ വഴിയും നടത്തിയ പരിശോധനകൾ, വിലയിരുത്തലുകൾ, പരിശീലനങ്ങൾ എന്നിവ‌ക്ക്‌ ശേഷം മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടിയുവി ഇന്ത്യ എന്ന ഓർഗനൈസേഷനാണ്‌ ഐഎസ്‌ഒ 9001: 2015 അംഗീകാരം നൽകിയത്‌. സംസ്ഥാനത്ത്‌ നിലവിൽ ഈ അംഗീകാരമുള്ള ഏക കോർപറേഷൻ കോഴിക്കോടാണ്‌. നേരത്തെ കൊല്ലം കോർപറേഷന്‌ ലഭിച്ചിരുന്നു.
കെ സ്‌മാർട്ട്‌ പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയതിനുള്ള അംഗീകാരം കൂടിയാണിത്‌. പദ്ധതികളും ആനുകൂല്യങ്ങളും സുതാര്യമായും വേഗത്തിലും ലഭ്യമാക്കുന്നതിനുള്ള സേവനങ്ങൾ, ഉദ്യോഗസ്ഥ ഇടപെടലും മികവും, ഫ്രണ്ട്‌ ഓഫീസ്‌ സംവിധാനങ്ങൾ, ഓഫീസിലെ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയാണ്‌ പരിഗണിച്ച പ്രധാന ഘടകങ്ങൾ. ഐഎസ്‌ഒ ലഭിക്കുന്നതിന്‌ മുന്നോടിയായി ‘ഓപ്പറേഷൻ മിഷൻ 360’ ആവിഷ്‌കരിച്ചിരുന്നു. ഇതിന്റെ ഭാഗമായി അർഹർക്കെല്ലാം സാമൂഹിക ക്ഷേമ പെൻഷൻ, കൂടുതൽ ശൗചാലയങ്ങൾ, കെട്ടിക്കിടക്കുന്ന ഫയൽ തീർപ്പാക്കൽ, ഓഫീസ്‌ നവീകരണം തുടങ്ങിയവയും നടപ്പാക്കി. സമയബന്ധിതമായി സേവനങ്ങൾ നൽകാൻ പരമാവധി സംവിധാനങ്ങൾ ഓൺലൈനിലേക്ക്‌ മാറ്റി.
2019–-20 ലാണ്‌ ഈ സർട്ടിഫിക്കറ്റിനായി കോർപറേഷൻ അപേക്ഷിച്ചത്‌. ഓരോ വിഭാഗങ്ങളിലും തിരുത്തലും നവീകരണവുമായി മൂന്ന്‌ വർഷം നടത്തിയ അധ്വാനത്തിന്റെ ഫലമായാണിപ്പോൾ അംഗീകാരം കൈവന്നത്‌. ഓഫീസ്‌ പ്രവർത്തനം സംബന്ധിച്ച രേഖകളെല്ലാം ടിയുവി ഇന്ത്യ പ്രതിനിധികൾ പരിശോധിച്ചിരുന്നു. ഇന്റേണൽ ഓഡിറ്റും നടത്തി. കഴിഞ്ഞ സെപ്‌തംബറിലാണ്‌ അവസാനമായി പരിശോധനഫക്കെത്തിയത്‌. ജീവനക്കാർക്ക്‌ പരിശീലനവും നൽകി. മൂന്ന്‌ വർഷത്തേക്കാണ്‌ സർട്ടിഫിക്കറ്റ്‌ കാലാവധി. പ്രവർത്തനങ്ങൾ വിലയിരുത്തിയാണ്‌ പുതുക്കുക. അധികം വൈകാതെ ടിയുവി ഇന്ത്യ പ്രതിനിധികൾ കോർപറേഷൻ ഓഫീസിലെത്തി മേയർക്ക്‌ സർട്ടിഫിക്കറ്റ്‌ കൈമാറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close