കോഴിക്കോട് : കച്ചവടവും , പണക്കൊഴുപ്പും മൂലം നശിപ്പിച്ചുകണ്ടിരിക്കുന്ന കേരളത്തിലെ ദേവാലയങ്ങൾ ശുദ്ധീകരിച്ച് വിശ്വാസികൾക്ക് വീണ്ടെടുത്ത് നൽകാനായി യേശുക്രിസ്തു ചാട്ടവാറുമായി വീണ്ടും വരുമെന്ന് ഫാ. അജി പുതിയാപറമ്പിൽ . ശുശ്രൂഷാ ദൗത്യം ഉപേക്ഷിച്ച് പ്രവാചക ദൗത്യം ഏറ്റെടുത്ത താമരശേരി രൂപതാംഗമായ ഫാ. അജി ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് യേശുവിന്റെ ജറുസലേം ദേവാലയ ശുദ്ധീകരണത്തിന്റെ രണ്ടാം വരവിനെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്. ഫേസ്ബുക്ക് പോസ്റ്റ് താഴെ –
*ക്രിസ്തുവിന്റെ ദൈവാലയ സന്ദർശനങ്ങൾ*
*രംഗം .1 ജറുസലേം ദൈവാലയം*
ക്രിസ്തു : ഇവിടെ എന്താ ഈ നടക്കുന്നത് ?
മറുപടി : എന്താ നിനക്ക് കണ്ടു കൂടേ. ഈ ഇരിക്കുന്നതൊക്കെ കച്ചവട ചരക്കുകളാ.
ക്രിസ്തു: എന്റെ പിതാവിന്റെ ആലയത്തിൽ തന്നെ വേണോ നിങ്ങളുടെ ഈ കച്ചവടം ?
(കോപം കൊണ്ട് നിറയുന്ന ക്രിസ്തു ചാട്ടയെടുക്കുന്നു .)
*രംഗം .2 യൂറോപ്പിലെ പള്ളികളിൽ*
ക്രിസ്തു : വിശ്വാസികളെ തേടി നടന്നു കാല് തേഞ്ഞു . എന്റെ ആലയങ്ങളിൽ പലതും പൂട്ടിക്കിടക്കുന്നു.
മറുപടി : വിശ്വാസികളിൽ വളരെ കുറച്ചുപേർ മാത്രമേ പള്ളിയിൽ വരുന്നുള്ളൂ. അതുകൊണ്ടാ
ക്രിസ്തു : ചില പള്ളികൾ മ്യുസിയങ്ങളും ഹോട്ടലുകളും മറ്റു മതങ്ങളുടെ ആരാധനാലയങ്ങളുമായി കണ്ടല്ലോ. എന്തു പറ്റി ? എന്തുകൊണ്ടിങ്ങനെ സംഭവിച്ചു.
മറുപടി: ക്ഷമിക്കണം ഗുരോ! വിശ്വാസികളില്ലാതെ വെറുതെ കിടക്കേണ്ടെന്ന് കരുതി ചെയ്തതാണ്.
( ക്രിസ്തു നെടുവീർപ്പിടുന്നു.)
*രംഗം 3. കേരളത്തിൽ*
ക്രിസ്തു: ഇവിടെങ്ങനാ …. വിശ്വാസികളൊക്കെ പള്ളിയിൽ വരുന്നില്ലേ ?
മറുപടി: ഉണ്ട് ഗുരോ. ഇവിടെ പള്ളി നിറയേ വിശ്വാസികളാ
ക്രിസ്തു. : ഇതൊരു പള്ളിയാണല്ലോ. ഇതെന്തിനാ ഇങ്ങനെ പൂട്ടിയിട്ടിരിക്കുന്നത് ?
മറുപടി : അത് …. വിശ്വാസികളെ ഒരു പാഠം പഠിപ്പിക്കാനാ .
ക്രിസ്തു : ഓഹോ ! എന്തു പാഠം? സ്നേഹത്തിന്റ പാഠങ്ങൾ മാത്രമല്ലേ ഞാൻ നിങ്ങളെ പഠിപ്പിച്ചിട്ടുള്ളൂ. പിന്നെ എന്ത് പഠിപ്പിക്കാനാണ് പള്ളി ഇങ്ങനെ പൂട്ടിയിട്ടിരിക്കുന്നത് ?
മറുപടി : മൗനം
ക്രിസ്തു: നിങ്ങൾ എന്തിനാണ് എന്റെ ആടുകളെ ഇങ്ങനെ ദ്രോഹിക്കുന്നത്.
( ക്രിസ്തുവിന്റെ കണ്ണുകൾ കോപം കൊണ്ട് ചുവക്കുന്നു.. അപ്രത്യക്ഷനാകുന്നു.)
*രംഗം 4. ദോമിനേ ക്വാ വാദിസ് :* (വിശ്വപ്രസിദ്ധമായ ഇറ്റാലിയൻ പെയിന്റിംഗ് . കുരിശുമരണം പേടിച്ച് നാടുവിടുന്ന പത്രോസ് വഴിക്ക് വെച്ച് ക്രിസ്തുവിനെ കണ്ടുമുട്ടുന്നതാണ് ഇതിവൃത്തം.)
പത്രോസ് : കർത്താവേ, അങ്ങ് എവിടെ പോകുന്നു?
കർത്താവ്: കേരളത്തിലേയ്ക്ക് . അവിടേയ്ക്ക് ഒന്നുകൂടി പോകേണ്ടതുണ്ട്.
പത്രോസ് : എന്താ അങ്ങയുടെ കൈയ്യിൽ? കുരിശിന് പകരം മറ്റെന്തോ ആണല്ലോ?
ക്രിസ്തു: പണ്ട് ജറുസലേം ദൈവാലയത്തിൽ ഉപയോഗിച്ച ചാട്ടവാറാണ്. ഇപ്പോൾ ഇത് അവിടെയാണ് ആവശ്യം
സമാപനം
ഫാ. അജി പുതിയാപറമ്പിൽ