
കോഴിക്കോട് :
തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2026-27 വർഷത്തെ വാർഷിക പദ്ധതിക്ക് അംഗീകാരം നൽകുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ (അഡ്ഹോക്ക് കമ്മിറ്റി) യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ചേമ്പറിൽ ഹൈബ്രിഡ് മോഡിൽ ചേർന്നു. ജില്ലാ ആസൂത്രണ സമിതി അദ്ധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ കൊട്ടാരത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് , വിവിധ തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാർ, സെക്രട്ടറിമാർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ ഓൺലൈനായും ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ പ്രദീഷ് എ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ രവികുമാർ കെ വി, ജില്ലാ പ്ലാനിംഗ് ഓഫീസ് റിസർച്ച് ഓഫീസർ . ഷംസീന എന്നിവർ നേരിട്ടും യോഗത്തിൽ പങ്കെടുത്തു.
സാമ്പത്തിക വർഷത്തിൻ്റെ തുടക്കത്തിൽ തന്നെ പദ്ധതി നിർവ്വഹണം ആരംഭിക്കാൻ കഴിയുംവിധം തദ്ദേശഭരണ സ്ഥാപനങ്ങൾ അവയുടെ വാർഷിക പദ്ധതി മുൻകൂട്ടി തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങേണ്ടതാണെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025 ഡിസംബർ മാസം നടന്നതു കാരണം 2026-27 വർഷത്തേക്കുള്ള പദ്ധതി തയ്യാറാക്കുന്നത് പ 2025 ഡിസംബർ മാസം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും പുതുതായി അധികാരത്തിലെത്തിയ ഭരണസമിതികളുടെ ചിട്ടയായതും വേഗത്തിലുമുള്ള പ്രവർത്തനങ്ങളിലൂടെ 27.02.2026, 02.03.2026, 07.03.2026, 11.03.2026 എന്നീ തീയതികളിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗങ്ങളിലായി കോഴിക്കോട് ജില്ലയിലെ 91 തദ്ദേശഭരണ സ്ഥാപനങ്ങളും (70 ഗ്രാമ പഞ്ചായത്തുകൾ, 12 ബ്ലോക്ക് പഞ്ചായത്തുകൾ, 7 മുനിസിപ്പാലിറ്റികൾ, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്) 2026-27 വർഷത്തെ വാർഷിക പദ്ധതികൾ തയ്യാറാക്കി സമർപ്പിക്കുകയും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടുകയും ചെയ്തു.
ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും നിശ്ചിത സമയപരിധിക്കുള്ളിൽ വാർഷിക പദ്ധതികൾ സമർപ്പിച്ച് അംഗീകാരം നേടിയത് ജില്ലയിലെ പദ്ധതി പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ നേട്ടമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഭിപ്രായപ്പെട്ടു. ഈ നേട്ടം കൈവരിക്കാൻ പരിശ്രമിച്ച മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പ്രത്യേകം അഭിനന്ദിച്ചു.




