
കോഴിക്കോട്: കാൻസർ രോഗം ബാധിച്ചയാളുടെ സമാധാന ജീവിതത്തിന് അയൽവാസിയുടെ വളർത്തുനായയുടെ കുര തടസം സൃഷ്ടിക്കുന്നുവെന്ന പരാതിയിൽ മാനുഷിക സമീപനത്തോടെ പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ഉത്തരവിട്ടു. പരാതിക്കാരന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വ്യക്തിവൈരാഗ്യം മാറ്റി വച്ച് പരസ്പരധാരണയോടെ മുന്നോട്ടു പോകണമെന്നും കമ്മീഷൻ പരാതിക്കാരനും അയൽവാസിക്കും നിർദ്ദേശം നൽകി.
തിരുവണ്ണൂർ മാനാരി സ്വദേശി സമർപ്പിച്ച പരാതിയിലാണ് നടപടി. കമ്മീഷൻ നഗരസഭാ സെക്രട്ടറി, പന്നിയങ്കര പോലീസ് എന്നിവരിൽ നിന്നും റിപ്പോർട്ട് വാങ്ങി.
നായയുടെ കൂട് മാറ്റി സ്ഥാപിച്ചതായി നഗരസഭാ സെക്രട്ടറി അറിയിച്ചു. നേരത്തെ പരാതിക്കാരന്റെ കിടപ്പുമുറിയോട് ചേർന്നാണ് കൂടുണ്ടായിരുന്നത്. നായയുടെ ശല്യം കാരണം പരാതിക്കാരൻ മകളുടെ വീട്ടിലേക്ക് താമസം മാറ്റിയെന്നും ചികിത്സയുടെ ഭാഗമായി മാത്രമാണ് സ്വന്തം വീട്ടിൽ വരുന്നതെന്നും പന്നിയങ്കര എസ്.എച്ച്. ഒ കമ്മീഷനെ അറിയിച്ചു. നായയുടെ കുര കാരണം പരാതിക്കാരന് സമാധാനമായി ജീവിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. നായ വളർത്താൻ ലൈസൻസിനായി അയൽവാസി അപേക്ഷ നൽകിയിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.




