
എറണാകുളം : കേരളത്തിലെ കത്തോലിക്കാ സഭാ നേതൃത്വം പഴയ കാലത്തെ ക്രൂരന്മാരായ ജന്മിമാർക്ക് തുല്യരെന്ന് ഫാ. അജി പുതിയാപറമ്പിൽ. സഭാ സ്വത്തുക്കളുടെ നടത്തിപ്പിൽ നിന്ന് വിശ്വാസികളെ പുറത്താക്കിയ മെത്രാന്മാർ വിദ്യാഭ്യാസ കച്ചവടം നടത്തി ജന്മിമാരെ പോലെ സുഖലോലുപതയിൽ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടി ശക്തമായ ഭാഷയിലാണ് ഫാ. അജിയുടെ വിമർശനം. അദ്ദേഹത്തിൻ്റെ ഫേസ്ബുക് പോസ്റ്റ് താഴെ-
*കീളുവാരങ്ങളും ആധുനിക കേരളത്തിലെ അടിമകളും*
മനീഷ് മുഴക്കുന്നിൻ്റെ ഹൃദയസ്പർശിയായ നോവലാണ് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച *കീളുവാരങ്ങൾ*. വയനാട്ടിലെ ആദിവാസികൾ, പ്രത്യേകിച്ചും പണിയ സമൂഹം അനുഭവിച്ച അതിക്രൂരമായ അടിമത്തവും അവരുടെ അതിജീവനവുമാണ് ഇതിലെ ഇതിവൃത്തം.
വായിച്ചു തുടങ്ങിയാൽ
പൂർത്തിയാകുന്നതു വരെ അസ്വസ്ഥതയുടെ ഒരു കാർമേഘം മനസ്സിൽ ഉരുണ്ടു കൂടുന്നത് നമ്മളറിയും. ചിലപ്പോഴത് കണ്ണീരായും മറ്റു ചിലപ്പോൾ കടുത്ത രോഷമായും പെയ്തുകൊണ്ടിരിക്കും.
എത്ര ശ്രമിച്ചിട്ടും ചില രംഗങ്ങൾ
മനസ്സിൽ നിന്നും മായുന്നേയില്ല. ഉണങ്ങാത്ത മുറിവായി , നീറുന്ന നോവായി അതിപ്പോഴും ഉള്ളിൽ കിടന്ന് വിങ്ങുകയാണ്.
വെള്ളൻ്റെ കൺമുമ്പിൽ നിന്നാണ് അയാളുടെ ഭാര്യ മാലയെ കാര്യസ്ഥൻ പിടിച്ചു കൊണ്ടുപോകുന്നത്. എന്നിട്ടും ചങ്കുപൊട്ടി കരയാനല്ലാതെ മറ്റൊന്നിനും അവന് കഴിയുന്നില്ല. പിന്നീട് നടന്ന കാര്യമാണ് അതിലും സങ്കടകരം. മാലയുടെ മരണാനന്തര ചടങ്ങുകൾക്ക് എണ്ണ വേണം. അതിന് മാലയെ കൊന്ന കാര്യസ്ഥനെ തന്നെ ആശ്രയിക്കേണ്ടി വരുന്നു വെള്ളൻ്റെ പിതാവ് ചീരാളന്. പരിഹാസച്ചിരിയോടെയാണ് അയാൾ എണ്ണ നല്കുന്നത്.
പേജുകൾ മറിക്കുമ്പോൾ നമ്മളും അതിയായി ആഗ്രഹിച്ചു പോകും ; ഇനിയാരും വല്ലിപ്പണി എന്ന അടിമപ്പണിക്ക് പോകല്ലേയെന്ന്. ഇനിയൊരു സ്ത്രീയും ജന്മിയുടെയോ കാര്യസ്ഥൻ്റെയോ ദൃഷ്ടിയിൽ വരരുതേയെന്ന്.
ഒരിറ്റു കണ്ണീർ വീഴ്ത്താതെ ഒരാൾക്കും ഈ പുസ്തകം വായിച്ചു തീർക്കാനാവില്ല. അവസാന പേജിൽ എൻ്റെയും കണ്ണീർത്തുള്ളികളുണ്ട്.
*കീളുവാരങ്ങൾ*
വയനാട്ടിലെ പണിയ വിഭാഗത്തിൻ്റെ മാത്രം കഥയല്ല. *കാലദേശഭേദമില്ലാതെ ചൂഷണം ചെയ്യപ്പെടുന്ന മുഴുവൻ മനുഷ്യരുടെയും കഥയാണ്*. ഇതിനോട് ചേർത്തു വയ്ക്കാവുന്ന ആധുനിക മലയാളി സമൂഹങ്ങളുമുണ്ട്.
എനിക്ക് നേരിട്ടറിയാവുന്ന മൂന്ന് സമൂഹങ്ങളെപ്പറ്റി സൂചിപ്പിക്കാം.
*1. കേരളത്തിലെ സീറോ മലബാർ സഭയിലെ അൽമായരാണ് ഒന്നാമത്തെ സമൂഹം.* (അൽമായർ എന്നാൽ സാധാരണ വിശ്വാസികൾ.)
വള്ളിയൂർ കാവും കാവിലെ ദേവിയും കാടിൻ്റെ മക്കളുടെ സ്വന്തമായിരുന്നു. പിന്നീട് മേലാളർ തന്ത്രപൂർവ്വം അത് കൈക്കലാക്കി. കാടിൻ്റെ മക്കളെയാകട്ടെ അയിത്ത ജാതിക്കാരാക്കി മുദ്രകുത്തി കാവിൽ നിന്നും പുറത്താക്കി. സമാനമാണ് സീറോ മലബാർ സഭയിലെ അൽമായരുടെ അവസ്ഥയും. ഒരു മെത്രാൻ്റെ കല്പന വഴി , 1859 മുതൽ സഭാ സ്വത്തുക്കളുടെ നടത്തിപ്പിൽ നിന്നും അവർ മാറ്റി നിർത്തപ്പെട്ടു. 1896 മുതൽ സഭാഭരണത്തിൽ നിന്നും അൽമായരെ പുറത്താക്കി. അന്നുമുതൽ ഇന്നുവരെ , അരികുവത്കരിക്കപ്പെട്ട അൽമായ സമൂഹം അയിത്ത ജാതിക്കാരെപ്പോലെ സഭയുടെ പുറംമ്പോക്കിലാണ്.
*2. കേരളത്തിലെ എയ്ഡഡ് സ്കൂൾ അധ്യാപകരാണ് രണ്ടാമത്തെ സമൂഹം.*
ആധുനിക കേരളത്തിൽ ജന്മിത്വം അതിൻ്റെ മുഴുവൻ ക്രൂരഭാവത്തിലും നിലനില്ക്കുന്ന ഇടം എയ്ഡഡ് വിദ്യാഭ്യാസ മേഖലയാണ്. കാടിൻ്റെ മക്കളുടെ വിശപ്പിനെ ചൂഷണം ചെയ്താണ് ജന്മിമാർ തടിച്ചു കൊഴുത്തത്. തൊഴിലില്ലായ്മ എന്ന വല്ലായ്മയെ ചൂഷണം ചെയ്താണ് ആധുനിക ജന്മിമാരും തടിച്ചു കൊഴുത്തത്!! ലക്ഷങ്ങൾ കോഴ വാങ്ങിയ മാനേജരുടെ കീഴിൽ അടിമകളെപ്പോലെ ജോലി ചെയ്യാൻ വിധിക്കപ്പെട്ട വിദ്യാസമ്പന്നരായ അധ്യാപക സമൂഹത്തിൻ്റെ കഥയും മറ്റൊന്നല്ല. (ലക്ഷങ്ങൾ കോഴ നൽകിയിട്ടും ഒരു പ്രതിഫലവും ഇല്ലാതെ ജോലി ചെയ്യാൻ വിധിക്കപ്പെട്ട അധ്യാപകർ അടിമകളേക്കാളും വളരെ താഴെയാണ്. കീളുവാരങ്ങളിലെ ക്രൂരജന്മിമാർ പോലും അരവയർ നിറയാനുള്ള നെല്ല് കൂലിയായി നൽകിയിരുന്നു!! )
*3. കേരളത്തിലെ കത്തോലിക്കാ വൈദികരും കന്യാസ്ത്രീകളുമാണ് മൂന്നാമത്തെ സമൂഹം.*
വള്ളിയൂർക്കാവിലെ അമ്മയോടുള്ള കാടിൻ്റെ മക്കളുടെ വിശ്വാസത്തെയും സ്നേഹത്തെയും ചൂഷണം ചെയ്താണ് ജന്മിമാർ അവരെ അടിമകളാക്കി പീഡിപ്പിച്ചത്. ദേവിക്ക് നൽകുന്ന വാക്ക് ജീവൻ പോയാലും അവർ തെറ്റിക്കില്ലെന്ന് ജന്മിമാർക്ക് അറിയാമായിരുന്നു. അതുപോലെ യേശുവിനോടുള്ള സ്നേഹത്തെപ്രതി നേർന്ന അനുസരണം എന്ന വ്രതം ആയുധമാക്കി അധികാരികളാൽ ആജീവനാന്തം അടിമകളാകാൻ വിധിക്കപ്പെട്ട നിരവധി വൈദികരുടെയും സിസ്റ്റേഴ്സിൻ്റെയും ജീവിതം കൂടിയാണ് കീളുവാരങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നത്.
അടിമത്തത്തിൻ്റെ മാത്രമല്ല അതിജീവനത്തിൻ്റെ പോരാട്ടവും വരച്ചു കാണിക്കുന്നുണ്ട് ഈ നോവൽ.
മാണിയിലൂടെ തുടങ്ങി മായി എന്ന സ്ത്രീയിലൂടെ കൈമാറി കരിയാത്തനിലൂടെ ഇന്നും തുടരുന്ന പോരാട്ടം. ഇവർ മൂവരുടെയും പോരാട്ടമന്ത്രം ഈ നോവലിൽ പലയിടങ്ങളിലായി മുഴങ്ങുന്നുണ്ട്.
അതിങ്ങനെയാണ്.
*” ഒരിക്കൽ തല താണു പോയാൽ പിന്നീട് ഒരിക്കലും അത് ഉയർത്താൻ പറ്റില്ല”.*
വരും തലമുറയ്ക്ക് തലയെങ്കിലും ഉണ്ടാകാൻ ഇന്നുള്ളവർ അത് ഉയർത്തിപ്പിടിച്ചേ മതിയാകൂ. കീളുവാരങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നതും അതാണ്.
ഫാ. അജി പുതിയാപറമ്പിൽ
28/10/2025




