Politics

കക്കാടംപൊയിലടക്കം ജനവാസമേഖലയിലെ റിസോർട്ടുകൾ സ്വൈര്യജീവിതത്തിന് തടസമാകരുത് : മനുഷ്യാവകാശ കമ്മീഷൻ

 

 

കോഴിക്കോട് : ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളും മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളും പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസമാകുന്ന തരത്തിൽ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് പ്രവർത്തിച്ചാൽ നിയമ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് .

ഡി.ജെ. പാർട്ടികളും സമാനമായ ആഘോഷങ്ങളും ശബ്ദമലീനീകരണം ഉണ്ടാകാത്ത വിധത്തിൽ ഇൻഡോർ ഓഡിറ്റോറിയങ്ങൾക്കുള്ളിൽ മാത്രം പരിമിതപ്പെടുത്തണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. രാത്രികാലങ്ങളിൽ നിയമം അനുശാസിക്കുന്ന നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ പരിപാടികൾ അവസാനിപ്പിക്കണമെന്നും നിർദ്ദേശം നൽകി. പ്രദേശവാസികളുടെ സമാധാനപരമായ ജീവിതത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടണം.

കോഴിക്കോട് കക്കാടംപൊയിൽ മേഖലയിലെ റിസോർട്ടുകളുടെയും മറ്റ് വിനോദ സഞ്ചാരകേന്ദ്രങ്ങളുടെയും പ്രവർത്തനം പ്രദേശവാസികളുടെ സ്വസ്ഥ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

നിലമ്പൂർ പോലീസ് എസ്.എച്ച്.ഒ ക്കും ചാലിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുമാണ് കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്.

ഈ സ്ഥാപനങ്ങളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കണമെന്നും നിയമലംഘനങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. കക്കാടംപൊയിൽ സെന്റ് മേരീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സമർപ്പിച്ച പരാതിയിലാണ് നടപടി. നിയമങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന റിസോർട്ടുകൾ ജനജീവിതം ദുസഹമാക്കുകയാണെന്നും ശബ്ദമലിനീകരണവും ഡി.ജെ. പാർട്ടികളും കാരണം രാത്രികാലങ്ങളിൽ പഠിക്കാൻ കഴിയുന്നില്ലെന്നും പരാതിക്കാർ അറിയിച്ചു.

നിയമലംഘനങ്ങൾ തുടർന്നാൽ കക്കാടംപൊയിൽ പ്രവർത്തിക്കുന്ന റിസോർട്ടിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് താക്കീത് നൽകിയതായി നിലമ്പൂർ എസ്.എച്ച്.ഒ. കമ്മീഷനെ അറിയിച്ചു.

റിസോർട്ടിലെ ശബ്ദമലിനീകരണം സംബന്ധിച്ച പരാതി ശരിയാണെന്ന് ചാലിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കെട്ടിടത്തിന് പഞ്ചായത്ത് നമ്പർ നൽകിയിട്ടുണ്ടെങ്കിലും റിസോർട്ടിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞു. സ്ഥാപനത്തിന് ലൈസൻസ് എടുക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും നിലവിൽ ടൂറിസം വകുപ്പിന്റെ ലൈസൻസിലാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ സർക്കാർ സ്ഥാപനങ്ങളുടെ പൂർണ അനുമതിയോടു കൂടിയാണ് സ്ഥാപനം പ്രവർത്തിക്കന്നതെന്ന് റിപ്പോർട്ട് ഉടമ കമ്മീഷൻ സിറ്റിംഗിൽ അറിയിച്ചു.

നാടിന്റെ സാമ്പത്തിക ഭദ്രതക്കും പൊതു-സ്വകാര്യ സംരംഭങ്ങളുടെ ശാക്തീകരണത്തിനും വിനോദ സഞ്ചാര മേഖലയുടെ വളർച്ച അനിവാര്യമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. എന്നാൽ നിയമലംഘനങ്ങൾ അനുവദിക്കരുത്.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close