INDIAKERALAlocaltop newsVIRAL

കക്കയം ഉരക്കുഴിയിലെ തകർന്ന തൂക്കുപാലം നന്നാക്കും: മന്ത്രിമാരും എം എൽ എ യും ഇടപെടുന്നു

* പാർക്കിങ്ങ് മാറ്റാനും ആലോചന

കോഴിക്കോട് : മലബാർ വന്യജീവി സങ്കേതത്തിൻ്റെ ഭാഗമായ കക്കയം ഇക്കോ ടൂറിസം സെൻ്ററിലെ തകർന്ന ഉരക്കുഴി തൂക്കുപാലം നന്നാക്കാൻ അടിയന്തിര നടപടി ഉണ്ടാകുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രനും ബാലുശേരി എംഎൽഎ കെ.എം. സച്ചിൻ ദേവും. കക്കയത്തിൻ്റെ വികസനത്തിന് പൂർണ പിന്തുണ ഉണ്ടാകുമെന്ന് പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും പ്രതികരിച്ചു. ” ഉരക്കുഴിയിൽ തൂക്കുപാലമായില്ല: കക്കയം ടൂറിസ്റ്റ് കേന്ദ്രം സഞ്ചാരികൾ കൈവിടുന്നു ” – എന്ന “ഇ ന്യൂസ് മലയാളം “ വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രിമാരും എം.എൽഎയും. തൂക്കുപാലം എത്രയും വേഗം യാഥാർത്ഥ്യമാക്കാൻ എന്തു ചെയ്യാനാകുമെന്ന് പരിശോധിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരായി ചർച്ച നടത്തി ഉടൻ തീരുമാനം ഉണ്ടാക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ” വനത്തിലെ പാലം പൊതുമരാമത്ത് വകുപ്പിന് കീഴിലാണെന്നാണ് പലരുടെയും ധാരണ. അത് വനം വകുപ്പിന് കീഴിലാണ്. ഇക്കാര്യത്തിൽ തൻ്റെ പൂർണ പിന്തുണ ഉണ്ടാകും – മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. പൊളിഞ്ഞ തൂക്കുപാലം പുനർനിർമ്മിക്കാനായി നാലു തവണയെങ്കിലും കക്കയം ഉരക്കുഴി സന്ദർശിച്ചതായും അവിടെ ഗ്ലാസ് ബ്രിഡ്ജ് നിർമ്മിക്കാൻ വന വികസന ഏജൻസിയെ കൊണ്ട് എസ്റ്റിമേറ്റ് തയ്യാറാക്കിച്ചതായും സ്ഥലം എം എൽ എ കെ.എം. സച്ചിൻ ദേവ് പറഞ്ഞു. വനവികസന ഏജൻസിയുടെ നേതൃത്വത്തിൽ ഏതാനും വർഷം മുൻപാണ് അവിടെ തൂക്കുപാലം നിർമ്മിച്ചത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഫിറ്റ്നസ് ലഭിച്ചില്ല. പാലം മൂടും വിധം ഉയരത്തിൽ മലവെള്ളം എത്തുന്ന പ്രദേശമാണിത്. ഗ്ലാസ് ബ്രിഡ്ജ് നിർമ്മിച്ചാലും മലവെള്ളം പാലത്തെ അപകടപ്പെടുത്തുമോ എന്ന ആശങ്ക ഉദ്യോഗസ്ഥർക്കുണ്ട്. എങ്കിലും എഞ്ചിനിയറിങ് വിദഗ്ദരുമായി കൂടിയാലോചിച്ച് എത്രയും വേഗം തൂക്കുപാലം യാഥാർത്യമാക്കാനാണ് ശ്രമിക്കുന്നത്. കക്കയം ടൂറിസം വികസനത്തിന് മുൻഗണന നൽകുമെന്നും സച്ചിൻ ദേവ് എം.എൽ എ അറിയിച്ചു.    കക്കയം ഡാം സൈറ്റ് പരിസരത്ത് വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം ഒന്നര കി.മി വനപാതയിലൂടെ നടന്ന് ഉരക്കുഴിയിലേക്ക് പോകുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇരു ഭാഗത്തേയും വനത്തിൽ നിന്ന് ഏതു നിമിഷവും വന്യജീവികൾ കടന്നു വരാമെന്നേതിനാൽ സന്ദർശകർക്ക് സുരക്ഷാ ഭീഷണിയുണ്ട്. വനം- വൈദ്യുതി വകുപ്പുകളുടെ സ്ഥലം ഇടവിട്ട് ഉള്ളതാണ് പ്രശ്നം. പാർക്കിങ് ഉരക്കുഴി ഭാഗത്തേക്ക് മാറ്റുന്ന കാര്യം പരിശോധിച്ച് അനുകൂല നടപടി ഉണ്ടാകുമെന്നും എം എൽ എ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close