കോഴിക്കോട്: ഗുണ്ടകൾക്കെതിരെ ജില്ലയിൽ കർശന നടപടിയുമായി പോലീസ്.കുപ്രസിദ്ധ ഗുണ്ടകളായ
കുന്ദമംഗലം പെരിങ്ങളം മണ്ണമ്പറമ്പത്ത് ഷിജുഎന്ന ടിങ്കു (32 വയസ്സ്), കുറ്റിക്കാട്ടൂർ സ്വദേശി ബുഷർ ജംഹർ(29 വയസ്സ്)എന്നിവരെയാണ് മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നി ലാലുവിൻ്റെ നേതൃത്വത്തിൽ കുന്ദമംഗലം സബ്ബ് ഇൻസ്പെക്ടർ അഷ്റഫും നടക്കാവ് സബ്ബ് ഇൻസ്പെക്ടർ കൈലാസ് നാഥും സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് (കാവൽ) ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി എ.അക്ബർ ഐപിഎസി ൻ്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ല കളക്ടറാണ് ഇവർക്കെതിരെ കാപ്പ ചുമത്താനുള്ള ഉത്തരവ് ഇറക്കിയത്.സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എസിപി എ.ഉമേഷിന്റെ നേതൃത്വത്തിൽ ഇവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഷിജു എന്ന ടിങ്കു വധശ്രമം,കവർച്ച, ലഹരിക്കടത്ത് കൂടാതെ ആറുമാസം മുമ്പ് ഇയാളും കൂട്ടാളികളും ചേർന്ന് പോലീസുക്കാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നതുമടക്കം
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഈ കേസിൽ ഈയിടെയാണ് ടിങ്കു ജാമ്യത്തിലിറങ്ങിയത്.
മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ബുഷർ അടിപിടി, കൊലപാതക ശ്രമം, രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയ കേസുകളിലെ പ്രതിയാണ്.
സ്ഥിരമായി കേസുകളിൽ ഉൾപ്പെട്ട ശേഷം ജാമ്യത്തിൽ ഇറങ്ങി വീണ്ടും ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്ന പ്രതികൾ സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാവുന്നത് കണ്ട് ഗവൺമെൻറ് തലത്തിൽ കാപ്പ നിയമം കർശനമായി നടപ്പിൽ വരുത്താൻ തീരുമാനിക്കുകയും ആയതിന് കാവൽ എന്നപേരിൽ പ്രത്യേക അന്വേഷണ സംഘങ്ങൾ ജില്ലകൾ തോറും രൂപീകരിച്ചിട്ടുണ്ട്.
ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്നും ഗുണ്ടകളുടെ നീക്കങ്ങൾ കാവൽ സ്ക്വാഡ് പ്രത്യേകം നിരീക്ഷിക്കുമെന്നും
ഡപ്യൂട്ടി കമ്മീഷണർ അമോസ് മാമൻ ഐപിഎസ് അറിയിച്ചു.
സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ വിജേഷ്, രാജീവ്,പ്രജിൻ ലാൽ,വിഷോബ്,ഗിരീഷ് നടക്കാവ് പോലീസ് സ്റ്റേഷനിലെ ബഷീർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
*കാപ്പ നിയമം എന്നാൽ*
സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി കേരളത്തിൽ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ(KAAPA).2007ൽ നിലവിൽ വന്ന കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് എന്ന ഗുണ്ടാ പ്രവർത്തന നിരോധന നിയമത്തിൽ 2014 ൽ ഭേദഗതി വരുത്തി. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലാകുന്നവരുടെ കരുതൽ തടവ് കാലാവധി ഒരു വർഷമാണ്. ഗുണ്ട, റൗഡി എന്നീ രണ്ട് വിഭാഗമായി പരിഗണിച്ചാണ് തടവ് ശിക്ഷ തീരുമാനിക്കുന്നത്.
മൂന്നു കേസുകളിൽ പ്രതികളാവുകയോ ഒരു കേസിൽ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെയാണ് ഗുണ്ടാ നിയമ പ്രകാരം കരുതൽ തടങ്കലിൽ വയ്‌ക്കുന്നത്.
പൊതുസുരക്ഷയ്ക്കും സമാധാനത്തിനും ഭംഗം വരുത്തുന്നവർ, അറിയപ്പെടുന്ന ഗുണ്ടകൾ, ലഹരി മരുന്ന് ഉൽപാദകർ, കടത്തുകാർ,വിൽപനക്കാർ എന്നിവരെല്ലാം നിയമത്തിന്റെ പരിധിയിൽ വരും.
ക്രിമിനൽ കേസുകളിൽ കോടതിക്കു പുറത്ത് ഒത്തു തീർപ്പുണ്ടാക്കിയാലും കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പ്രതിക്കെതിരെ കാപ്പ നിയമപ്രകാരം (ഗുണ്ടാ ആക്ട്) നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കാപ്പ ചുമത്താൻ ഏഴു വർഷത്തിനുള്ളിൽ ഉള്ള കേസാണ് പരിഗണിക്കുക.
അഞ്ചുവർഷത്തിനു മുകളിൽ ശിക്ഷ ലഭിക്കാവുന്ന ഒരു കേസോ ഒരു വർഷം മുതൽ അഞ്ചു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന രണ്ട് കേസുകളോ വേണം. അല്ലെങ്കിൽ മൂന്ന് കേസുകൾ വിചാരണയിൽ ഉണ്ടായിരിക്കണം.