Politics

ഞാൻ രാജവും ജനം പ്രജകളും എന്ന ഭരണകൂട മനോഭാവം വേണ്ടേ വേണ്ട : ഫാ. അജി പുതിയാപറമ്പിൽ

വീട്ടിൽ പോയി ചോദിക്കൂ - എന്നു പറയുന്നവരെ വീട്ടിലിരുത്തണം

എറണാകുളം:                                                                               *സർക്കാർ സമീപനം.*     

ഒരു ജനാധിപത്യ രാജ്യത്തെ സർക്കാരിന് അവിടുത്തെ ജനങ്ങളോടുള്ള സമീപനം എങ്ങനെയായിരിക്കണം എന്നതാണ് ഇന്ന് വോട്ടേഴ്സ് വോയ്സ് പരിശോധിക്കുന്നത്.

തീർച്ചയായും പൗരൻമാരെ യജമാനൻമാരായി കരുതി സേവിക്കുന്ന സമീപനമായിരിക്കണം ഒരു ജനാധിപത്യ സർക്കാരിനുണ്ടാകേണ്ടത്. എന്നാൽ , കേരളത്തിലെ സർക്കാർ സമീപനം അങ്ങനെയായിരുന്നോ?
അല്ല എന്നാണ് വോട്ടേഴ്സ് വോയ്സിനു പറയാനുള്ളത്.
*’ഞാൻ സർക്കാരും നിങ്ങൾ പ്രജകളും’ എന്നതായിരുന്നു ഭരണകൂടത്തിൻ്റെ അടിസ്ഥാന മനോഭാവം.* ഞാൻ യജമാനനും നിങ്ങൾ അടിമകളും എന്നതിൻ്റെ ആധുനിക രൂപം.

ജനങ്ങളുടെ അടിസ്ഥാന ജീവസന്ധാരണ മേഖലകളിൽ പോലുമുള്ള സർക്കാരിൻ്റെ പ്രാഥമികമായ ഉത്തരവാദിത്വങ്ങളെ ഔദാര്യങ്ങളായാണ് ഇവിടെ അവതരിപ്പിക്കുന്നത്. റേഷൻ, വൈദ്യുതി, റോഡുകൾ, ഭൂമി, വീട്, ക്ഷേമ പെൻഷൻ, നികുതി പണം ഉപയോഗിച്ചുള്ള നിർമ്മിതികൾ എന്നിങ്ങനെ എല്ലാം സർക്കാരിൻ്റെ ഔദാര്യവും മിടുക്കുമായി ചിത്രീകരിക്കുകയാണ്. എന്തിനധികം, ജനങ്ങളുടെ ഉദാരതയിൽ നിന്നും ലഭിച്ച പണം കൊണ്ട് പണിതുയർത്തുന്നതു പോലും സർക്കാരിൻ്റെ മാത്രം ഔദാര്യമാണ്.
അവിടെ ചോദ്യങ്ങൾ വിലക്കപ്പെട്ടിരിക്കുന്നു. അഥവാ ചോദ്യങ്ങൾ ഉണ്ടെങ്കിൽ ‘വീട്ടിൽ പോയി ചോദിക്കുക’ എന്നതാണ് ലഭിക്കുന്ന മറുപടി.

*’ഞാൻ സർക്കാർ, നിങ്ങൾ പ്രജകൾ’ മനോഭാവത്തിൻ്റെ ഏറ്റവും പ്രധാന അപകടം പൗരരുടെ അടിമവൽക്കരണമാണ്.* ഞാൻ അടിമയും സർക്കാർ യജമാനനുമാണെന്ന മാനസികാവസ്ഥയിലേയ്ക്ക് പൗരർ പരിണമിക്കുന്നു. അവർ സർക്കാരിനെ മെത്രാനായും മാർപ്പാപ്പയായും ദൈവമായും കരുതി വാഴ്ത്തുന്നു.

ഈ അടിമവൽക്കരണത്തിൻ്റെ ഏറ്റവും ഭീകരമായ അവസ്ഥയാണ് ട്രോമ ബോണ്ടിംഗ് (Trauma Bonding). ഉപദ്രവിക്കുന്ന ആളോട് ഇരയ്ക്ക് തോന്നുന്ന വൈകാരികമായ അടുപ്പത്തിനാണ് ട്രോമ ബോണ്ടിംഗ് എന്നു പറയുന്നത്. ഭയം, അനിശ്ചിതത്വം, ആധിപത്യം എന്നിവയിൽ നിന്നും രൂപപ്പെടുന്ന മാനസിക ആഘാതമാണ് ഇങ്ങനെയൊരു വൈകാരിക അടുപ്പം ഇരയിൽ ഉണ്ടാകാൻ കാരണം.

ട്രോമ ബോണ്ടിംഗിൻ്റെ
നല്ലൊരു ഉദാഹരണം പറയാം. ഒരാൾ തൻ്റെ നേതാവിനോട് ഒരു ചോദ്യം ചോദിക്കുന്നു. നേതാവാകട്ടെ ചോദ്യകർത്താവിനോട് തികച്ചും അപമര്യാദയായി പെരുമാറുന്നു. ‘ചോദ്യം വീട്ടിൽ പോയി ചോദിക്കൂ’ എന്ന് പറഞ്ഞ് അപമാനിക്കുന്നു. എന്നിട്ടും ചോദ്യം ചോദിച്ചയാൾ പറയുന്നത് തെറ്റ് തൻ്റെ ഭാഗത്താണെന്നും, താൻ അങ്ങനെ ചോദിക്കാൻ പാടില്ലായിരുന്നു എന്നുമാണ്. നേതാവിൻ്റെ ആധിപത്യവും അദ്ദേഹത്തോടുള്ള ഭയം കലർന്ന വിധേയത്വവുമാകാം ഇങ്ങനെ പറയാൻ ആ വ്യക്തിയെ പ്രേരിപ്പിച്ചത്. നേതാവിൻ്റെ നെറികേടുകളെയും തെറിവിളികളെയും *ചാരുതയുള്ളതായി* അവതരിപ്പിക്കുന്ന ന്യായീകരണക്കാരും ട്രോമ ബോണ്ടിംഗിന് വിധേയരായിട്ടുണ്ടാകാം.

മുകളിൽ സൂചിപ്പിച്ചവയിൽ നിന്നും വോട്ടേഴ്സ് വോയ്സിനു പറയാനുള്ളത് പൗരർ തങ്ങളുടെ യഥാർത്ഥ ശക്തി തിരിച്ചറിയണമെന്നാണ്. *പൗരന്മാരാണ് യജമാനർ ; സർക്കാരല്ല.*

ഫാ. അജി പുതിയാപറമ്പിൽ
(31-03-2026)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close