
കോഴിക്കോട് : മതിയായ പാർക്കിംഗ് സൗകര്യം ഒരുക്കാതെ ബീച്ചിൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിച്ചതു കാരണമുണ്ടായ ഗതാഗത കുരുക്കിൽപ്പെട്ട് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
പരിപാടിയുടെ സംഘാടകരായ ഡി.സി. ബുക്സിന്റെയും ബീച്ച് പരിസരത്തിന്റെ ഉടമസ്ഥരായ കോഴിക്കോട് കോർപ്പറേഷന്റെയും ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ച കാരണമാണ് വിലപ്പെട്ട ജീവൻ അപകടത്തിലായതെന്ന പരാതി നോർത്ത് സോൺ ഐ.ജിയും കളക്ടറും അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഫെബ്രുവരി 19 ന് വെസ്റ്റ് ഹിൽ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ജനുവരി 25 ന് വൈകീട്ട് 7 നാണ് സംഭവമുണ്ടായത്. പുതിയങ്ങാടി ബസ് സ്റ്റോപ്പിൽ നിന്നും വീട്ടിലേക്ക് പോകുമ്പോഴാണ് പുതിയങ്ങാടി സ്വദേശിനി അജിത (63) യെ ഓട്ടോ ഇടിച്ചത്. കെ.എൽ.എഫ് കാരണം ഗതാഗതകുരുക്കിലായ തീരദേശ റോഡിൽ ആമ്പുലൻസ് കുരുങ്ങിയപ്പോൾ രോഗിയെയും ചുമലിലേറ്റി ഒപ്പമുണ്ടായിരുന്നവർക്ക് ബീച്ച് ആശുപത്രിയിലേക്ക് ഓടേണ്ടി വന്നു. ആശുപത്രിയിലെത്തുമ്പോൾ രോഗി മരിച്ചിരുന്നു. ബീച്ച് ആശുപത്രിയിലേക്ക് പോകുന്ന റോഡിലുണ്ടായ ഗതാഗതകുരുക്ക് നിരവധി ജീവനുകൾ കവർന്നെടുത്തിട്ടുള്ളതായി പൊതുപ്രവർത്തകനായ പ്രവീൺ തളിയിൽ പരാതിയിൽ പറഞ്ഞു.




