കോഴിക്കോട് : താമരശ്ശേരി കൈതപ്പൊയിലില്‍ മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു. 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തില്‍പ്പെട്ടവരില്‍ 17 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിനിടയിലാണ് അപകടം. അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും നിര്‍മ്മാണത്തൊഴിലാളികളാണ്. ഒന്നാം നിലയുടെ കോണ്‍ക്രീറ്റ് പുരോഗമിക്കുന്നതിനിടെയാണ് അപകടം. തൂണ്‍ തെന്നിമാറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന. കെട്ടിടത്തിന്റെ തകര്‍ന്നുവീണ ഭാഗങ്ങള്‍ നീക്കം ചെയ്ത് തിരിച്ചില്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടങ്ങിയിട്ടുണ്ടോ എന്നറിയില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അതേസമയം കെട്ടിട നിര്‍മ്മാണത്തിന് പ്രാഥമിക അനുമതി ലഭിച്ചിട്ടില്ലെന്നാണ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശേരി അറിയിച്ചത്. എന്നാല്‍ പൂര്‍ണ്ണ അനുമതിയോടെയാണ് നിര്‍മ്മാണം തുടങ്ങിയതെന്നാണ് മര്‍കസ് നോളജ് സിറ്റി സിഇഒ അബ്ദുല്‍ സലാം പറയുന്നത്. കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.